പലസ്തീനിലെ ആശുപത്രിക്ക് 6.45 കോടി ഡോളർ യുഎഇ ഗ്രാന്റ്

Mail This Article
അബുദാബി ∙ പലസ്തീനിലെ കിഴക്കൻ ജറുസലേമിലെ അൽമകാസിദ് ആശുപത്രിക്ക് 6.45 കോടി ഡോളറിന്റെ ഗ്രാന്റ് നൽകി യുഎഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി.ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം ആരോഗ്യ സേവനങ്ങളെ സാരമായി ബാധിച്ചതിനാൽ പലസ്തീൻ സ്വദേശികളഉടെ ആരോഗ്യ പരിരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലോകാരോഗ്യ സംഘടന പോലുള്ള രാജ്യാന്തര ഏജൻസികളുമായി സഹകരിച്ചാണ് യുഎഇ ആരോഗ്യ മേഖലയ്ക്ക് സഹായം നൽകുന്നത്.
1968ൽ 20 കിടക്കകളോടെ ആരംഭിച്ച ആശുപത്രി പിന്നീട് 250 കിടക്കകളോടെ വിപുലീകരിച്ചിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽനിന്നുള്ള 66,000ത്തിലധികം പേർക്ക് സേവനം നൽകുന്ന ഈ കേന്ദ്രത്തിൽ 950 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുണ്ട്. കോവിഡ് കാലത്ത് പ്രാദേശിക സർക്കാർ ധനസഹായം വെട്ടിക്കുറച്ചതിനെത്തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ആശുപത്രിക്കായി 2022 ജൂലൈയിൽ യുഎഇ 2.5 കോടി ഡോളർ നൽകിയിരുന്നു.ഗാസയിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ചശേഷം 65,000 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ യുഎഇ എത്തിച്ചു. കര, നാവിക, വ്യോമ മാർഗം വഴിയാണ് അവശ്യ സാധനങ്ങൾ എത്തിക്കുന്നത്.