വരുമാനത്തിൽ കുതിപ്പ്; കേരള ചിക്കനും പ്രീമിയം കഫേയുമായി കുടുംബശ്രീ കൂടുതൽ ജില്ലകളിലേക്ക്

Mail This Article
കുടുംബശ്രീയുടെ വിറ്റുവരവിൽ വൻ കുതിപ്പേകി കേരള ചിക്കനും പ്രീമിയം കഫേയും. വിപണിയിലെ വൻ പ്രതികരണത്തിന്റെ കരുത്തുമായി ഈ പദ്ധതികൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയുമാണ് ഇപ്പോൾ കുടുംബശ്രീ. 2019ൽ ആരംഭിച്ച ‘കേരള ചിക്കൻ’ വഴി ഇതിനകം നേടിയത് 345 കോടി രൂപയുടെ വരുമാനം. 2024ൽ പ്രവർത്തനം തുടങ്ങിയ പ്രീമിയം കഫേയിലൂടെ 5 ജില്ലകളിൽ നിന്നായി 5.5 കോടിയോളം രൂപയ്ക്കടുത്തും വാർഷിക വരുമാനം ലഭിച്ചു.
കേരള ചിക്കനു ലക്ഷ്യം 100 കോടി
നടപ്പു സാമ്പത്തിക വർഷം ഇതിനകം തന്നെ 99.75 കോടി രൂപയുടെ വിറ്റുവരവ് കേരള ചിക്കൻ നേടിക്കഴിഞ്ഞു. നിലവിൽ 11 ജില്ലകളിലായി 446 ബ്രോയിലർ ഫാമുകളും 136 ചിക്കൻ ഔട്ട്‌ലെറ്റുകളുമുണ്ട്. 700ലേറെ കുടുംബങ്ങളാണ് ഇതുവഴി വരുമാനവും നേടുന്നത്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ-മേയോടെ വയനാട്, കാസർഗോഡ്, ഇടുക്കി ജില്ലകളിലും കേരള ചിക്കന്റെ സാന്നിധ്യമെത്തും.

കോഴിയിറച്ചി വില നിയന്ത്രിക്കാനും ഗുണനിലവാരത്തോടെ അവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കുടുംബശ്രീ കേരള ചിക്കൻ സംരംഭം ആരംഭിച്ചത്. അംഗങ്ങളായ കോഴിക്കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയും ലക്ഷ്യമാണ്.
കോഴിയിറച്ചി വിപണനത്തിലൂടെ ശരാശരി 89,000 രൂപ ഔട്ട്‌ലെറ്റ് ഉടമകൾക്കും ഫാം ഇന്റഗ്രേഷൻ വഴി രണ്ടു മാസത്തിലൊരിക്കൽ ശരാശരി 50,000 രൂപ കോഴിക്കർഷകർക്കും മാസവരുമാനം ലഭിക്കുന്നുണ്ടെന്ന് കുടുംബശ്രീ കേരള ചിക്കൻ മാർക്കറ്റിങ് മാനേജർ എസ്. ശ്രുതി ‘മനോരമ ഓൺലൈനി’നോട് പറഞ്ഞു.
കേരളത്തിലെ മൊത്തം കോഴി ഇറച്ചി ഉൽപാദനത്തിന്റെ 8 ശതമാനവും ഉൽപാദിപ്പിക്കുന്നത് നിലവിൽ കുടുബശ്രീയാണ്.കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിൽ നിന്നു കോഴിയിറച്ചി വാങ്ങുന്നവർക്ക് ഏത് ഫാമിൽ ഉൽപാദിപ്പിച്ച കോഴിയാണെന്ന് മനസിലാക്കാനുള്ള സംവിധാനവുമുണ്ട്. വിപണിവിലയേക്കാൾ 10 ശതമാനം ഇളവിലാണ് കേരള ചിക്കൻ ലഭ്യമാകുന്നത്.
5 ജില്ലകളിൽ നേട്ടം കൊയ്ത് പ്രീമിയം കഫേ
അങ്കമാലി, ഗുരുവായൂര്‍, വയനാട് മേപ്പാടി, പന്തളം, ഇരിട്ടി എന്നിവിടങ്ങളിലാണ് പ്രീമിയം കഫേയുള്ളത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പ്രീമിയം കഫേ തുറക്കുമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. സംരംഭകര്‍ക്ക് വരുമാന വര്‍ധന ഉറപ്പാക്കുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് പ്രീമിയം കഫേയുടെ ലക്ഷ്യം.

രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പൂര്‍ണമായും ശീതീകരിച്ച റസ്റ്ററന്‍റിനോട് ചേര്‍ന്ന് റിഫ്രഷ്മെന്‍റ് ഹാള്‍, മീറ്റിങ് ഹാള്‍, കുടുംബശ്രീ ഉല്‍പന്നങ്ങളുടെ കിയോസ്ക്, ജ്യൂസ് കൗണ്ടര്‍, ഡോര്‍മിറ്ററി, റൂമുകള്‍, ശുചിമുറികള്‍, പാർക്കിങ് എന്നിവയും കഫേയിലുണ്ട്.
പ്രീമിയം കഫേ: ഏകദേശ പ്രതിമാസ വിറ്റുവരവ് (ലക്ഷം രൂപ)
∙ തൃശൂർ – 8.58
∙ എറണാകുളം – 9.78
∙ വയനാട് – 4.00
∙ പത്തനംതിട്ട – 9.38
∙ കണ്ണൂർ – 12.58
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business