സ്റ്റാർ ഇല്ലെങ്കിലും ബാർ ലൈസൻസ്; നീക്കം മദ്യനയത്തിന് വിരുദ്ധം, ന്യായീകരിച്ച് മന്ത്രി രാജേഷ്

Mail This Article
തിരുവനന്തപുരം∙ കേന്ദ്ര ടൂറിസം മന്ത്രാലയം സ്റ്റാർ ക്ലാസിഫിക്കേഷൻ പുതുക്കാത്ത ഹോട്ടലുകൾക്കും സംസ്ഥാനം ബാർ ലൈസൻസ് പുതുക്കി നൽകുമെന്നു വ്യക്തമാക്കി മന്ത്രി എം.ബി. രാജേഷ്. ക്ലാസിഫിക്കേഷൻ പരിശോധന കൃത്യസമയത്തു നടത്താത്തതു കേന്ദ്രത്തിന്റെ കുറ്റമാണെന്നാരോപിച്ച മന്ത്രി ലൈസൻസ് പുതുക്കി നൽകിയില്ലെങ്കിൽ സംസ്ഥാനത്തിനു സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു ന്യായീകരിച്ചു.
ഇപ്പോൾ ബാർ ലൈസൻസ് ഉള്ള ഇരുനൂറോളം ഹോട്ടലുകൾക്കു സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലെന്ന് എക്സൈസ് വകുപ്പു തന്നെ കണ്ടെത്തിയിരിക്കെയാണു മന്ത്രിയുടെ ന്യായീകരണം. അടുത്ത വർഷത്തേക്കുള്ള ബാർ ലൈസൻസ് ഈയാഴ്ചയാണു പുതുക്കി നൽകുന്നത്. മദ്യനയം അനുസരിച്ച് ത്രീ സ്റ്റാറോ, അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കു മാത്രമേ ബാർ ലൈസൻസ് നൽകാൻ പാടുള്ളൂ എന്നിരിക്കെ എങ്ങനെയാണു ക്ലാസിഫിക്കേഷനില്ലാതെ ലൈസൻസ് നൽകുകയെന്നതു സർക്കാർ വിശദീകരിക്കുന്നില്ല.
മനഃപൂർവം പരിശോധന വൈകിപ്പിക്കുന്ന 23 ഹോട്ടലുകളുടെ പട്ടിക കേന്ദ്ര ടൂറിസം റീജനൽ ഡയറക്ടർ കേരളത്തിനു കൈമാറിയിരുന്നു. ഇത്രയും ഹോട്ടലുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകരുതെന്ന് എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് ഈ മാസമാദ്യം ജില്ലാ എക്സൈസ് മേധാവികൾക്കു കത്തയച്ചു. ജില്ലാ മേധാവികളാണു ലൈസൻസ് പുതുക്കേണ്ടത്. എന്നാൽ ക്ലാസിഫിക്കേഷൻ പരിശോധന സംബന്ധിച്ച് ആക്ഷേപമുണ്ടെന്നാണു മന്ത്രിയുടെ നിലപാട്. എക്സൈസ് കമ്മിഷണറും മന്ത്രിയും വിരുദ്ധ നിലപാട് എടുത്തതോടെ ജില്ലാ മേധാവികൾ ആശയക്കുഴപ്പത്തിലായി.
കമ്മിഷണറുടെ വിലക്ക് 23 ഹോട്ടലിന്
കേന്ദ്രം നൽകിയ കത്തു പ്രകാരം 23 ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കരുതെന്നാണ് എക്സൈസ് കമ്മിഷണർ ഈ മാസം ഒന്നിനു ജില്ലകളിലേക്ക് അയച്ച കത്തിലുള്ളത്. എറണാകുളം– 6, തിരുവനന്തപുരം– 4, കോട്ടയം– 3, ആലപ്പുഴ– 2, പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂർ, കണ്ണൂർ, മലപ്പുറം, ഇടുക്കി ( ഒന്നു വീതം) എന്നിങ്ങനെയാണ് പട്ടിക.