വില 25 ലക്ഷത്തിൽ താഴെ;നോക്കാം ഡീസൽ ഓട്ടമാറ്റിക് എസ്യുവികൾ

Mail This Article
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വിപണിയിലും ഡീസല്‍ എസ്യുവികളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇനി ഡീസലില്‍ ഓട്ടമാറ്റിക് മോഡലാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ മോഡലുകളുടെ എണ്ണം പിന്നെയും കുറവാണ്. എങ്കിലും ഇപ്പോഴും ഡീസല്‍ വാഹനങ്ങളോടുള്ള താല്പര്യം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞിട്ടുമില്ല. 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യന്‍ വിപണിയിലെ ഡീസല്‍ ഓട്ടമാറ്റിക് എസ്യുവികളെ വിശദമായി അറിയാം.

ടാറ്റ നെക്സോണ്‍
ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഡീസല്‍ ഓട്ടമാറ്റിക് എസ്യുവി. 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 115എച്ച്പി കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് എഎംടി ഗിയര്‍ബോക്സ്. പ്യുര്‍ + വകഭേദം മുതല്‍ ഡീസല്‍ മോഡല്‍ ലഭ്യമാണ്. ഇന്ധനക്ഷമത ലിറ്ററിന് 24.08 കിലോമീറ്റര്‍. ഏറ്റവും ഉയര്‍ന്ന ഡീസല്‍ നെക്സോണ്‍ എഎംടി മോഡലില്‍ പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് മുന്സീറ്റുകള്, 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളുണ്ട്. നെക്സോണ്‍ ഡീസല്‍ എഎംടിയില്‍ ടാറ്റ സ്പെഷല്‍ ഡാര്‍ക്ക് എഡിഷന് വകഭേദവും പുറത്തിറക്കുന്നു. വില 11.70-15.60 ലക്ഷം രൂപ.

മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ
1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് 117എച്ച്പി കരുത്തും 300എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് എഎംടി ട്രാന്സ്മിഷന്. പനോരമിക് സണ്‍റൂഫ്, ലെതറൈറ്റ് അപ്പോള്‍സ്ട്രി, ഡ്യുവല്‍ സോണ്‍ എസി എന്നിവയാണ് ശ്രദ്ധേയ ഫീച്ചറുകള്‍. ഇന്ധനക്ഷമത ലിറ്ററിന് 21.2 കിലോമീറ്റര്‍. വില 11.79-14.49 ലക്ഷം രൂപ.

കിയ സോണറ്റ്
1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് 116എച്ച്പി കരുത്തും പരമാവധി 250എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇന്ധനക്ഷമത 18.6 കിലോമീറ്റര്‍. എച്ച്ടിഎക്സ്, ജിടിഎക്സ്+ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ ഡീസല്‍ ഓട്ടമാറ്റിക് മോഡലുണ്ട്. വെന്റിലേറ്റഡ് മുന്സീറ്റുകള്, പവേഡ് ഡ്രൈവര്‍ സീറ്റ്, ഇരട്ട 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഡാസ് എന്നിവയാണ് ശ്രദ്ധേയ ഫീച്ചറുകള്‍. വില 13.39-15.60 ലക്ഷം രൂപ.

ടാറ്റ കര്‍വ്
നെക്സോണിലെ 1.5 ലീറ്റര്‍ എന്ജിന് തന്നെ കര്‍വിലും നല്കിയിരിക്കുന്നു. എന്നാല്‍ കരുത്തില്‍ 3എച്ച്പി കൂടി 118എച്ച്പിയിലേക്കെത്തിച്ചിട്ടുണ്ട്. ടോര്‍ക്ക് 260എന്‍എമ്മില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സുള്ള വാഹനത്തിന്റെ ഇന്ധനക്ഷമത 14.19 കിലോമീറ്ററാണ്. പ്യുവര്‍+ വകഭേദം മുതല്‍ ലഭ്യമാണ്. 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, പവേഡ് ടെയില്‍ഗേറ്റ്, റിക്ലെയ്നിങ് പിന്‍സീറ്റുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വില 14.17-19.20 ലക്ഷം രൂപ.

ഹ്യുണ്ടേയ് ക്രേറ്റ
സോണറ്റിലെ 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് തന്നെയാണ് ഹ്യുണ്ടേയ് ക്രേറ്റയുടെ ഡീസല്‍ മോഡലിലും നല്‍കിയിരിക്കുന്നത്. 116എച്ച്പി കരുത്തും പരമാവധി 250എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത് ഓട്ടമാറ്റിക് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍. ഇഎക്സ്(ഒ) വകഭേദം മുതല്‍ ഡീസല്‍ ഓട്ടമാറ്റിക് വകഭേദം ലഭ്യമാണ്. നൈറ്റ് എഡിഷനിലും ലഭ്യമായ ക്രേറ്റ ഡീസല്‍ ഓട്ടമാറ്റിക്കിന്റെ ഇന്ധനക്ഷമത 19.1 കിലോമീറ്റര്‍. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഡ്രൈവ്- ട്രാക്ഷന്‍ മോഡുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വില 15.95-20.50 ലക്ഷം രൂപ.

കിയ സിറോസ്
1.5 ലീറ്റര്‍ ഡീസൽ എന്‍ജിനുമായെത്തുന്ന മൂന്നാമത്തെ മോഡല്‍. 6 സ്പീഡ് എടി ഗിയര്‍ബോക്സ്. ഉയര്‍ന്ന വകഭേദമായ എച്ച്ടിഎക്സ്+ല്‍ മാത്രം ലഭ്യം. കോംപാക്ട് എസ്യുവി വിഭാഗത്തില്‍ വിലയേറിയ മോഡല്‍. ക്രേറ്റയിലേതു പോലെ ഡ്രൈവ്, ട്രാക്ഷന്‍ മോഡുകളും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കും പാഡില്‍ ഷിഫ്റ്ററുകളുമുണ്ട് സിറോസില്‍. ഇന്ധനക്ഷമത 17.65 കിലോമീറ്റര്‍. വില 17-17.80 ലക്ഷം രൂപ.

കിയ സെല്‍റ്റോസ്
116എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ ഓട്ടമാറ്റിക് പവര്‍ട്രെയിന്‍ എച്ച്ടികെ+(ഒ) വകഭേദം മുതലാണ് സെല്‍റ്റോസില്‍ ലഭ്യമായിട്ടുള്ളത്. ഇന്ധനക്ഷമത ലിറ്ററിന് 19.1 കിലോമീറ്റര്‍. ലെതറെറ്റെ അപ്പോള്‍സ്ട്രി, വലിയ 18 ഇഞ്ച് വീലുകള്‍ ഹെഡ് എപ്പ് ഡിസ്പ്ലേ എന്നിവയുമായാണ് ഡീസല്‍ സെല്‍റ്റോസിന്റെ വരവ്. വില 17.22-20.51 ലക്ഷം രൂപ.

മഹീന്ദ്ര ഥാര്‍
2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഥാറില്‍. 132എച്ച്പി കരുത്തും 300എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍ എടി പവര്‍ട്രെയിന്‍ ഏറ്റവും ഉയര്‍ന്ന എല്‍എക്സ് വകഭേദത്തിലും എര്‍ത്ത് എഡിഷനിലും മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇന്ധനക്ഷമത മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എല്‍ഇഡി ഡിആര്‍എല്‍, 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ, ക്രൂസ് കണ്ട്രോള് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വില 17.25-17.60 ലക്ഷം രൂപ

മഹീന്ദ്ര ഥാര്‍ റോക്സ്
5 ഡോര്‍ ഥാര്‍ റോക്സില്‍ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളത്. 152എച്ച്പി കരുത്തും പരമാവധി 330എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് എടി ഗിയര്‍ബോക്സ് എംഎക്സ്3 വകഭേദം മുതല്‍ ലഭ്യമാണ്. ഉയര്‍ന്ന എഎക്സ്5എല്‍, എഎക്സ്7എല്‍ വകഭേദങ്ങളില്‍ ഫോര്‍വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ഫോര്‍വീല്‍ ഡ്രൈവില്‍ 175എച്ച്പി കരുത്തും 370എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ലിറ്ററിന് 15.2കിലോമീറ്ററാണ് ഇന്ധനക്ഷമത. വില 17.49-23.09 ലക്ഷം രൂപ.

മഹീന്ദ്ര എക്സ് യുവി 700
2.2 ലീറ്റര്‍ ഡീസല്‍ എന്ജിന് 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 185എച്ച്പി കരുത്തും പരമാവധി 420എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും കരുത്തുള്ള ഡീസല്‍ ഓട്ടമാറ്റിക് എസ്യുവി. ഇന്ധനക്ഷമത ലിറ്ററിന് 16.57 കിലോമീറ്റര്‍. എഎക്സ്3 വകഭേദം മുതല്‍ ലഭ്യമാണ്. ഡാര്‍ക്ക് തീമ്ഡ് ഇമോണി എഡിഷനുമുണ്ട്. 6, 7 സീറ്റ് കോണ്‍ഫിഗറേഷനിലും എക്സ്യുവി700 ഡീസല്‍ എടി എത്തുന്നു. വില 18.59-24.99 ലക്ഷം രൂപ.

മഹീന്ദ്ര സ്കോര്‍പിയോ എന്‍
2.2 ലീറ്റര്‍ ഡീസല്‍ എന്ജിന് 175എച്ച്പി കരുത്തും 400എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷന്. Z6 വകഭേദം മുതല്‍ ലഭ്യമാണ്. ഇന്ധനക്ഷമത ലിറ്ററിന് 15.42 കിലോമീറ്റര്‍. Z4, Z8L വകഭേദങ്ങളില്‍ ഓല് വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍, സിംഗിള്‍ പെയ്ന് സണ്‍ റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, ഡ്യുവല്‍ സോണ്‍ എസി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വില 18.70-24.89 ലക്ഷം രൂപ.

ടാറ്റ ഹാരിയര്‍
2.0 ലീറ്റര്‍ ഡീസല്‍ എന്ജിന് 170എച്ച്പി കരുത്തും 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ്. പ്യുവര്‍+ വകഭേദം മുതല്‍ ഡീസല്‍ ഓട്ടമാറ്റിക് പവര്‍ട്രെയിനുമുണ്ട്. ഇന്ധനക്ഷമത ലിറ്ററിന് 16.8 കിലോമീറ്റര്‍. ഡാര്‍ക്ക് എഡിഷന് വകഭേദവുമുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ 12.3 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ടച്ച്സ്ക്രീന്‍, ഡ്യുവല്‍ സോണ്‍ എസി, ഡ്രൈവ് ആന്റ് ടെറൈന്‍ മോഡുകള്‍, അഡാസ് സ്യൂട്ട്, പവേഡ് ആന്റ് വെന്റിലേറ്റഡ് മുന്സീറ്റുകള് എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍. വില 19.35-26.25 ലക്ഷം രൂപ.

ഹ്യുണ്ടേയ് അല്‍ക്കസാര്‍
1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ധനക്ഷമത 18.1 കിലോമീറ്റര്‍. പ്ലാറ്റിനം, സിഗ്നേച്ചര്‍ വകഭേദങ്ങളില്‍ ഡീസല്‍ ഓട്ടമാറ്റിക് ലഭ്യമാണ്. 6, 7 സീറ്റ് കോണ്ഫിഗറേഷനുകളിലെത്തുന്നു. വില 20.90-21.70 ലക്ഷം രൂപ.

ടാറ്റ സഫാരി
2.0 ലീറ്റര്‍ ഡീസല്‍ എന്ജിന് 170എച്ച്പി കരുത്തും പരമാധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്. 7 സീറ്റ് ടാറ്റ സഫാരിയുടെ ഇന്ധനക്ഷമത ലിറ്ററിന് 14.1 കിലോമീറ്റര്‍. പ്യുവര്‍+ വകഭേദം മുതല്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷനുമുണ്ട്. അക്കംപ്ലിഷ്ഡ് + വകഭേദത്തില്‍ 6 സീറ്റ് ലേ ഔട്ടുമുണ്ട്. വില 19.85-26.99 ലക്ഷം രൂപ.