ADVERTISEMENT

ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ വസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ ജഡ്ജിമാരുടെ സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് വിദഗ്ധ സഹായം തേടും. തെളിവു ശേഖരിക്കുന്നതിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളിലുണ്ട്.

ഈ സാഹചര്യത്തിൽ ആരോപണവിധേയനായ യശ്വന്ത് വർമയുടെയും കാവൽക്കാരുൾപ്പെടെ ജീവനക്കാരുടെയും ഫോൺരേഖകൾ സംഘം പരിശോധിക്കും. പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്.

സങ്കീർണമായ 4 കാര്യങ്ങൾ

1. പൊലീസ് കണ്ടെത്തിയതായി പറയുന്ന നോട്ടുകെട്ടുകൾ ആരാണു സ്ഥലത്തുനിന്നു മാറ്റിയത് എന്നതു നിർണായകമാകും. നാലോ അ‍ഞ്ചോ ചാക്കുകെട്ടുകളിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകളെന്നാണ് ഹൈക്കോടതിയുടെ റിപ്പോർട്ടിലുള്ളത്.  നോട്ടുകൾ വർമയുടെ വീട്ടുകാരുടെയോ ജീവനക്കാരുടെയോ സാന്നിധ്യത്തിൽ പൊലീസ് സാക്ഷ്യപ്പെടുത്തിയിട്ടില്ല.

2. പുറത്തു വന്ന വിവരങ്ങൾ പ്രകാരം, അന്നു രാത്രി തന്നെയോ പിറ്റേന്നു രാവിലെയോ സ്ഥലത്തു നിന്നു നോട്ടുകൾ മാറ്റി. ഇത് ആരുടെ നിർദേശപ്രകാരമായിരുന്നുവെന്നതു വ്യക്തമാകണം. 

3. നോട്ടുകെട്ടിന്റെ വിഡിയോ പകർത്തിയതും വിവരം വൈകിയെങ്കിലും ചീഫ് ജസ്റ്റിസിനു റിപ്പോർട്ട് ചെയ്തതും പൊലീസാണ്. എന്നാൽ, തുകയെത്രയെന്ന് അനുമാനം നടത്തിയില്ല, കസ്റ്റഡിയിലേക്കു മാറ്റുകയോ കാവൽ ഏർപ്പെടുത്തുകയോ ചെയ്തില്ല. പിറ്റേന്നു രാത്രി 9നു ശേഷമാണ് സ്ഥലപരിശോധന നടത്തിയത്. 

4. പഴയ വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്റ്റോർമുറിയിലേക്കു സംഭവ ദിവസം എത്തിയവർ ആരെല്ലാമെന്നതിനു സിസിടിവി ദൃശ്യങ്ങൾ തെളിവാകും. എന്നാൽ, ഇവ ശേഖരിച്ചതായി ഹൈക്കോടതിയുടെ പ്രാഥമിക റിപ്പോർട്ടിൽ ഇല്ല. 

നടപടി സുതാര്യമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ

ന്യൂഡൽഹി ∙ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വീകരിച്ച നടപടികളിൽ രാജ്യസഭാ ഉപാധ്യക്ഷൻ ജഗദീപ് ധൻകർ തൃപ്തി രേഖപ്പെടുത്തി.   കോൺഗ്രസ് രാജ്യസഭയിൽ ചർച്ച ആവശ്യപ്പെടുന്നതിനിടെയാണിത്. കേസിൽ ചീഫ് ജസ്റ്റിസ് സുതാര്യത ഉറപ്പാക്കിയെന്നും വസ്തുത കണ്ടെത്താൻ മൂന്നംഗ സംഘത്തെ നിയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ധൻകർ പ്രതികരിച്ചു.

രാജ്യസഭയിൽ ബിജെപി കക്ഷി നേതാവും പാർട്ടി അധ്യക്ഷനുമായ ജെ.പി. നഡ്ഡ, പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖർഗെ എന്നിവരുടെ യോഗം വിളിച്ച് ധൻകർ വിഷയം ചർച്ച ചെയ്തു. ചർച്ച വേണമെന്ന നിലപാടിൽ ഖർഗെ ഉറച്ചു നിന്നു. കക്ഷിനേതാക്കളുടെ യോഗം ഉടൻ വിളിക്കുമെന്നും ധൻകർ അറിയിച്ചു.

English Summary:

High Court Cash Scandal: Supreme Court panel to investigate high court judge's cash case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com