പ്രതീക്ഷിച്ചത് 21 കോടി, ഹുസൈന്റെ ‘ഗ്രാമ യാത്ര’ നേടിയത് 118 കോടി രൂപ; ഇന്ത്യൻ കലാലോകത്തെ ചരിത്രസംഭവം

Mail This Article
ഏഷ്യൻ മോഡേൺ പ്ലസ് കണ്ടംപ്രറി ആർട്ട് വിഭാഗത്തില്‍ ചരിത്രം സൃഷ്ടിച്ച് എം.എഫ്. ഹുസൈന്റെ 'ഗ്രാമ യാത്ര' എന്ന ചിത്രം. ഒരു ഇന്ത്യൻ പെയിന്റിങ്ങിന് ലഭിച്ചിട്ടുളളതിൽ വെച്ച് ഏറ്റവും ഉയർന്ന ലേല തുക നേടിയാണ് 'ഗ്രാമ യാത്ര' ലോകത്തെ ഞെട്ടിച്ചത്. ന്യൂയോര്‍ക്കിലെ ഇന്ത്യൻ മോഡേൺ ആർട്ട് ഗാലറിയിൽ വെച്ച് നടത്തിയ ലേലത്തിലാണ് 118.7 കോടി രൂപയ്ക്ക് (ഏകദേശം 13.7 മില്യൺ ഡോളർ) ചിത്രം വിറ്റു പോയത്.

എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാറിന്റെ ഭാര്യ കിരൺ നാടാറാണ് ഈ പെയിന്റിങ് വാങ്ങിയതെന്നാണ് സൂചന. 70 വർഷത്തിലേറെയായി ഓസ്‌ലോ യൂണിവേഴ്‌സിറ്റിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരുന്നത്. 1957ൽ ചിത്രീകരിച്ച 'അൺടൈറ്റിൽഡ്' ആയിരുന്നു ഇതിനു മുൻപ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹുസൈന്‍റെ പെയിന്‍റിങ്. കഴിഞ്ഞ വർഷം ലണ്ടനിൽ സോതബീസ് നടന്ന ലേലത്തിലാണ് ഈ ചിത്രം 26.75 കോടി രൂപയ്ക്കു വിറ്റുപോയത്.
ഏഷ്യൻ മോഡേൺ പ്ലസ് കണ്ടംപ്രറി ആർട്ട് വിഭാഗത്തില്‍ ഏറ്റവും വിലയേറിയ പെയിന്‍റിങ്ങായി ഇതിനുമുമ്പ് കരുതിരുന്നത് 2023ൽ 61 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട അമൃത ഷേർഗില്ലിന്‍റെ 'ദ് സ്റ്റോറി ടെല്ലറാ'യിരുന്നു. ഏകദേശ വിലയായി 2.5 മില്യൺ ഡോളർ മുതൽ 3.5 മില്യൺ ഡോളർ വരെ (21 മുതൽ 31 കോടി രൂപ വരെ) ആയിരുന്നു 'ഗ്രാമ യാത്ര'യ്ക്ക് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതെല്ലാം മറികടന്ന് ഇന്ത്യൻ കലാലോകത്തെ അദ്ഭുതപ്പെടുത്തി.
1954ൽ ഹുസൈൻ പൂർത്തിയാക്കിയ 14 അടി നീളമുള്ള എണ്ണഛായാചിത്രമാണ് 'ഗ്രാമ യാത്ര'. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച നൽകുന്ന 13 വ്യത്യസ്ത രംഗങ്ങളാണ് ഒറ്റ കാൻവാസിൽ ചിത്രീകരിക്കുന്നത്. സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമ്മാണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് ചിത്രത്തിലൂടെ ഹുസൈൻ പ്രകടിപ്പിച്ചത്.
'ഇന്ത്യയുടെ പിക്കാസോ' എന്നറിയപ്പെടുന്ന ഹുസൈൻ, ഇന്ത്യൻ കലയെ ആഗോളതലത്തിൽ കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രധാന ഗാലറികളിലും, മ്യൂസിയങ്ങളിലും അദ്ദേഹത്തിന്‍റെ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.