ഒരുമിച്ചൊരു കാറിലെത്തി വിവാഹമോചനത്തിന് അപേക്ഷ നൽകി ജി.വി.പ്രകാശും സൈന്ധവിയും, വാഴ്ത്തി സോഷ്യൽ ലോകം

Mail This Article
വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ച് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും. ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ നൽകിയത്. ജി.വി.പ്രകാശും സൈന്ധവിയും കോടതിയിലേക്ക് ഒരേ കാറിലാണ് എത്തിയത്. മടങ്ങിപ്പോയതും ഒരുമിച്ചു തന്നെ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇരുവരുടെയും പരസ്പര ബഹുമാനത്തെ പുകഴ്ത്തുകയാണ് ആരാധകർ.
കഴിഞ്ഞ വർഷം മേയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.
വേർപിരിയലിനു ശേഷം ജി.വി.പ്രകാശ് കുമാറും സൈന്ധവിയും ഒരുമിച്ച് വേദി പങ്കിട്ടത് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മലേഷ്യയിൽ നടന്ന സംഗീതപരിപാടിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. വേർപിരിയലിനു ശേഷം വേദിയിൽ ഇരുവരും ഒരുമിച്ചെത്തിയതോടെ പലവിധ ചർച്ചകളും ഉടലെടുത്തിരുന്നു. ജി.വി.പ്രകാശും സൈന്ധവിയും വീണ്ടും ഒരുമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഇരുവരും ഒന്നിച്ചു വേദി പങ്കിട്ടതെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ ബലപ്പെട്ടു. ചർച്ചകൾ തുടർന്നതോടെ ഇനിയൊരിക്കലും ജീവിതത്തിൽ ഒരുമിക്കില്ലെന്നു തീർത്തുപറഞ്ഞ് ജി.വി.പ്രകാശ് രംഗത്തെത്തുകയും ചെയ്തു.
2013 ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. ഇരുവർക്കും ഒരു മകളുണ്ട്. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി.പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി.പ്രകാശ്, പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു.