തൃശൂർ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം; വേറിട്ട കാഴ്ചകളിലൂടെ ഒരു സഞ്ചാരം

Mail This Article
പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ, ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്, അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ വേറിട്ടുനിർത്തുന്ന കാഴ്ചകളിലേക്കു നമുക്കു സഞ്ചരിക്കാം.
സഞ്ചാരികളെ ഇതിലെ ഇതിലെ...വാദ്യമേളങ്ങളും വർണവിസ്മയങ്ങളുമെല്ലാമടങ്ങുന്ന തൃശൂർ പൂരം ഉൾപ്പടെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഹൃദയം തൊടുന്ന ഇടമാണ് കേരളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃശൂർ. പ്രകൃതിയുടെ മനോഹാരിതയെ ഒപ്പിയെടുക്കുന്ന എത്രയെത്ര സ്ഥലങ്ങൾ. ചരിത്രപരമായി പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, പൈതൃക സ്ഥലങ്ങൾ എന്നിവയാൽ സമ്പന്നമാണ് "കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം". ചുരുക്കി പറഞ്ഞാൽ പാരമ്പര്യവും സംസ്കാരവും മതപരമായ പ്രാധാന്യവും വിളിച്ചോതുന്ന തൃശൂർ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ഇടമാണ്. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ തൃശൂരിനെ കലാസാംസ്കാരിക രംഗത്തും വേറിട്ടുനിർത്തുന്നു.
കോട്ടകളിലൂടെ, കൊട്ടാരങ്ങളിലൂടെ, കുന്നുകൾ താണ്ടി
ആനകളില്ലാത്ത എന്ത് ആഘോഷമാണ് തൃശൂരിനുള്ളത്. എവിടേക്കു തിരിഞ്ഞുനോക്കിയാലും ആനകളെയും അവയെ പരിപാലിക്കുന്ന കോട്ടകളും മറ്റും നമുക്ക് ഈ നാട്ടിൽ കാണാം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ കോട്ടപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയും മുൻ കൊട്ടാരവുമാണ് പുന്നത്തൂർകോട്ട. പുന്നത്തൂർകോട്ട ഒരു കാലത്ത് ഒരു കൊട്ടാരമായിരുന്നുവെങ്കിൽ ഇന്നത് ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ പരിപാലിക്കുന്ന ആനക്കോട്ടയാണ്. വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ചില സീനുകൾ ചിത്രീകരിച്ചത് ഇവിടെയാണ്.
∙വെള്ളച്ചാട്ടം കാഴ്ചയുടെ പൂരം
കുളമെന്നോ സ്വിമ്മിങ് പൂളെന്നോ ഇല്ല, വെള്ളം കണ്ടാൽ ഒന്നിറങ്ങി കുളിച്ചു രസിക്കാൻ തോന്നാത്തവർ ആരുണ്ട്. അപ്പോൾ കുളത്തിനു പകരം വെള്ളച്ചാട്ടമാണെങ്കിലോ? വെള്ളച്ചാട്ടം തേടിപ്പോകുന്നവരും ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. തൃശൂർ ജില്ലയിൽ എത്തുന്നവരെ വെള്ളച്ചാട്ടം നിരാശപ്പെടുത്തില്ല. ബാഹുബലി സിനിമ മുതൽ ഹോളിവുഡ് സിനിമ വരെ ഷൂട്ട് ചെയ്തു വൈറലായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പെടെ മൂന്ന് പ്രധാന സ്പോട്ടുകളാണ് തൃശൂർ ജില്ലയിലുള്ളത്.

∙അതിരപ്പിള്ളി വെള്ളച്ചാട്ടം
ബാഹുബലി സിനിമയ്ക്കു മുൻപേ തന്നെ ഈ സ്ഥലം കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും അറിയാം. എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം കേരളവും കടന്ന് ഇന്ത്യയും കടന്ന് അതിരപ്പിള്ളി പ്രശസ്തമായി. കാഴ്ച്ചയിൽ തന്നെ അതിമനോഹരം. സിറ്റിയിൽ നിന്നും 52.7 കി.മീ മാറി ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നത്. പശ്ചിമഘട്ടത്തിലെ ഷോളയാർ മല നിരകളിൽ നിന്നും ഉദ്ഭവിക്കുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ചാലക്കുടിയിൽ നിന്നു 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഷോളയാർ ചെക്പോസ്റ്റിൽ നിന്നും അതിരപ്പിള്ളിയിലേക്കുള്ള ടിക്കറ്റുകൾ ലഭിക്കും. ഡോണ്ട് മിസ് ഇറ്റ്!
∙വാഴച്ചാൽ വെള്ളച്ചാട്ടം
അതിരപ്പിള്ളിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം. ചാലക്കുടി ടൗണിൽ നിന്നും 36 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം. അതിരപ്പിള്ളിയും വാഴച്ചാലും ഒരു ദിവസം കൊണ്ടു തന്നെ സന്ദർശിക്കാം. ഇരുവശവും പച്ചപ്പ് നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോൾ അവസാനം നിങ്ങളെ കാത്തിരിക്കുന്നത് ഈ അതിമനോഹരമായ വെള്ളച്ചാട്ടമാണ്. വെള്ളത്തിന്റെ അളവ് പ്രവചനാതീതമായതിനാൽ മഴക്കാലത്ത് പ്രവേശനമില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടൊന്നുമില്ലാതെ ഈ കാഴ്ച ആസ്വദിക്കാം.
∙ചാർപ വെള്ളച്ചാട്ടം
തൃശൂരിൽ നിന്ന് 60 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണു ചാർപ. ചാലക്കുടി പുഴയിൽ നിന്നും ഏകദേശം 70 അടി ഉയരത്തിലാണ് വെള്ളം താഴേക്കു പതിക്കുന്നത്. മൺസൂൺ കാലമാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. വെള്ളച്ചാട്ടത്തിനു കുറുകേയുള്ള ഇടുങ്ങിയ പാലം വഴി വെള്ളത്തിന്റെ അടുത്തെത്താൻ കഴിയും.
ഈ പ്രദക്ഷിണ വീഥികൾ...
"കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം" എന്ന് അറിയപ്പെടുന്ന തൃശൂർ നഗരം, ചരിത്രപരമായ പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, പൈതൃക സ്ഥലങ്ങൾ എന്നിവയാൽ സമ്പന്നമാണ്. തൃശൂരിലേക്കു വരുമ്പോൾ ചില സ്ഥലങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. പ്രശസ്തമായ സിനിമകളിലൂടെയും പാട്ടുകളിലൂടെയും മനസ്സിൽ ഇടം നേടിയ മനോഹര ഇടങ്ങൾ. അവയിൽ ചിലത്...
∙ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
ഗുരുവായൂരപ്പനെ കാണണമെങ്കിൽ ഒന്നും നോക്കാതെ എളുപ്പത്തിൽ എത്താൻ പറ്റുന്ന സ്ഥലമാണ് ഗുരുവായൂർ ക്ഷേത്രം. പല സിനിമകളിലും ഇടം പിടിച്ച ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കാഴ്ചയിലും പ്രശസ്തിയിലും തലയെടുപ്പോടെ നിൽക്കുന്ന ഗുരുവായൂർ ക്ഷേത്രം തൃശൂർ ടൗൺഷിപ്പിലാണ് സ്ഥിതി ചെയ്യുന്നത്. നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 25.7 കിലോമീറ്റർ വടക്ക് പടിഞ്ഞാറാണ് ക്ഷേത്രം. കിഴക്ക് ഭാഗത്ത് കൂടെ വരുമ്പോൾ ദേവസ്വം മ്യൂസിയവും കാണാം. ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ അകലെ ആന വളർത്തൽ കേന്ദ്രമായ ആനക്കോട്ടയുണ്ട്.പുന്നത്തൂർ കോട്ട എന്നാണ് ഇത് അറിയപ്പെടുന്നത്.
∙വടക്കുംനാഥൻ ക്ഷേത്രം
‘പൂരങ്ങളുടെ പൂരമായ തൃശൂർ പൂരവും തേക്കിൻകാട് മൈതാനവും..’ കേൾക്കുമ്പോൾ വടക്കുംനാഥനെ എങ്ങനെ ഓർക്കാതിരിക്കും. തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത കേരള വാസ്തു വിദ്യയുടെ അടയാളമായി യുനസ്കോ സാക്ഷ്യപ്പെടുത്തിയ ക്ഷേത്രമാണിത്. കണ്ണിന് കുളിർമയേകുന്ന തൃശൂർ പൂരം കാണാൻ എല്ലാ വർഷവും തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരുന്നത് എണ്ണമറ്റ ആളുകളാണ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.

∙കൂടൽമാണിക്യം ക്ഷേത്രം
പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച അതിപുരാതന ക്ഷേത്രം. തൃശൂരിൽ നിന്ന് 21 കിലോമീറ്റർ അകലെ ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതി ചെയ്യുന്നത്. നാലമ്പല ദർശനത്തിൽ ഉൾപ്പെടുന്ന പ്രധാന ക്ഷേത്രം കൂടിയാണ് കൂടൽമാണിക്യം. മനോഹരമായ കവാടങ്ങൾ, ഗോളാകൃതിയിലുള്ള ശ്രീകോവിൽ, കൂത്തമ്പലം, കല്ലിലും മരത്തിലും തീർത്ത കൊത്തുപണികൾ എന്നിവയെല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

∙ചേരമാൻ ജുമാ മസ്ജിദ്
ചേരമാൻ ജുമാ മസ്ജിദ് ആണ് ഇന്ത്യയിലെ ആദ്യത്തെ പള്ളിയായി കരുതപ്പെടുന്നത്. കേരളത്തിൽ ചേര സാമ്രാജ്യത്തിന്റെ സമയത്ത് പണികഴിപ്പിക്കപ്പെട്ട പള്ളിയാണിത്. നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂരിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
∙സെന്റ് മേരീസ് ഫെറോന ദേവാലയം
തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്രിസ്ത്യൻ ദേവാലയം. കൊരട്ടി മുത്തിയുടെ പേരിലാണ് പൊതുവെ ഈ ദേവാലയം അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിലാണ് ഈ ദേവാലയത്തിന്റെ നിർമിതി, 1987 ലാണ് ഇന്ന് കാണുന്ന രൂപത്തിൽ സ്ഥാപിക്കപ്പെട്ടത്. ഒക്ടോബർ മാസത്തിൽ ആഘോഷിക്കപ്പെടുന്ന കൊരട്ടി മുത്തിയുടെ വാർഷിക തിരുനാളാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
നെല്ലുവായ ധന്വന്തരി ക്ഷേത്രം, കുരുംബ ഭഗവതി ക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, തിരുവില്വാമല വില്ല്വാദ്രിനാഥ ക്ഷേത്രം, ലൂർദ് കത്തീഡ്രൽ...തുടങ്ങിയവയാണ് മറ്റു പ്രധാന ആരാധനാലയങ്ങൾ.
കായൽ കാഴ്ചകൾ
പ്രകൃതി ഭംഗിക്ക് പേരുകേട്ട സ്ഥലമാണ് കേരളം. കാട്, മല, വെള്ളച്ചാട്ടങ്ങൾ എന്നു തുടങ്ങി മനുഷ്യന്റെ മനം മയക്കുന്ന കാഴ്ചകളുണ്ട് ഇവിടെ. കേരളത്തിലെ മനോഹരമായ കായലുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. കായൽ തീരത്ത് സായാഹ്ന സമയം ചെലവഴിക്കുന്നതൊക്കെ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാര്യമാണ്. തൃശൂർ ജില്ലയിലും ഉണ്ട് അത്തരം സ്പോട്ടുകൾ.
∙ചേറ്റുവ കായൽ
കായലുകൾക്കു പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ തൃശൂർ ജില്ലയിലെത്തുന്നവരെ നിരാശരാക്കില്ല ഈ സ്ഥലം. തൃശൂരിൽ നിന്നു ഗുരുവായൂരിലേക്കു പോകുമ്പോൾ വാടാനപ്പള്ളി കഴിഞ്ഞുള്ള വലിയ പാലത്തിന്റെ കിഴക്കു വശത്തു കാണുന്നതാണു ചേറ്റുവ കായൽ. കേരളത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളും ഇവിടെയാണ്. ബോട്ടിങ്ങാണ് ഇവിടെ പ്രധാനം. പണ്ടത്തെ പ്രാചീന തുറമുഖം കൂടിയായിരുന്നു ചേറ്റുവ. ഇവിടെയെത്തുന്നവർക്കു നിരാശപ്പെടേണ്ടിവരില്ല.
∙ഏനമാവ് കായൽ
തൃശൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പ്രകൃതി ഭംഗി കൊണ്ടും പച്ചപ്പ് കൊണ്ടും യാത്രക്കാരെ സ്വീകരിക്കുകയാണ് ഇവിടം. ബസിലോ ട്രെയിനിലോ ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
കാനനഭംഗിയിൽ കാഴ്ചകൾ കാണാം
പച്ച പട്ടുടുത്ത കാടും അതിന്റെ കാനനഭംഗിയിൽ തലചായ്ക്കുന്ന വന്യ മൃഗങ്ങളും എല്ലാം ഭൂമിയുടെ സ്വത്താണ്. ഇന്ന് കാടിനെ അറിയാനും വന്യജീവികളെ കാണാനും നമുക്കു വന്യജീവി സങ്കേതങ്ങളുണ്ട്. തിരക്കിൽ നിന്നും മാറി അവധി ദിവസം ആനന്ദകരമാക്കാൻ കാടും മേടും തേടിയാണ് ആളുകൾ എത്തുന്നത്. അത്തരം ആളുകളെ ജില്ലയിലെ വന്യജീവി സങ്കേതം സ്വാഗതം ചെയ്യുകയാണ്.
∙ ചിമ്മിനി വന്യജീവി സങ്കേതം
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഈ വനം സ്ഥിതി ചെയ്യുന്നത്. പച്ചപ്പിന്റെ അതിപ്രസരത്താൽ സഞ്ചാരികളുടെ മനം കവരും. നെല്ലിയാമ്പതി കുന്നുകളുടെ പടിഞ്ഞാറൻ വനമേഖലയിലാണ് ഈ വന്യജീവി സങ്കേതം. വംശനാശം നേരിടുന്ന പല ജീവികളും ഇവിടെയുണ്ട്. പാലപ്പിള്ളിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ചിമ്മിനി. എറണാകുളം-തൃശൂർ ദേശീയപാതയിലെ പാലപ്പിള്ളി റോഡ് വഴി ഇവിടേക്ക് എത്തിച്ചേരാം. ഇവിടെ ചിമ്മിനി നദിക്കു കുറുകെയായി അണക്കെട്ടും ഉണ്ട്. എൻട്രി പാസ് ഉള്ളവർക്കു കാട്ടിലേക്കു കടക്കാം. ചിമ്മിനിയിൽ നിന്ന് അൽപം മാറി ട്രെക്കിങ്ങിനും അവസരമുണ്ട്.
∙പീച്ചി വാഴാനി വന്യജീവി സങ്കേതം
കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ വന്യജീവി സങ്കേതം. പീച്ചി, വാഴാനി എന്നീ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്താണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്. അപൂർവ ഇനത്തിൽപ്പെട്ട സസ്യങ്ങൾ, 50 തരം ഓർക്കിഡുകൾ 25 ലധികം വ്യത്യസ്ത മൃഗങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ജില്ലയിൽ നിന്നും 20 കിലോമീറ്റർ മാറി കിഴക്കു ഭാഗത്തായാണ് ഈ സ്ഥലം.
കടൽ കാറ്റിന്റെ സ്നേഹതീരം
കാറ്റും കൊണ്ടു തിരകളെ നോക്കിയിരിക്കുന്നത് എന്തോ ഒരു സുഖമുള്ള അനുഭവമാണ്. കത്തി നിൽക്കുന്ന സൂര്യൻ പത്തി മടക്കി പതുക്കെ പോകുമ്പോൾ കടലിലേക്ക് നോക്കിയിരിക്കാൻ കൂടുതൽ പേർക്കും ഇഷ്ടമായിരിക്കും. വൈകുന്നേരങ്ങൾ മനോഹരമാക്കാൻ ഇവിടെയുണ്ട് ബീച്ചുകൾ.
∙മുനക്കൽ ബീച്ച്
കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയായാണ് മുനക്കൽ ബീച്ച് സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ബീച്ചാണിത്. കാസുവാന മരങ്ങൾ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്നതാണ് ബീച്ചിന്റെ മറ്റൊരു ആകർഷണം.
∙സ്നേഹതീരം ബീച്ച്
തളിക്കുളം ബീച്ചെന്നും ഇവിടം അറിയപ്പെടുന്നു. വൃത്തിയുള്ളതും നല്ല രീതിയിൽ പരിപാലിക്കുകയും ചെയ്യുന്ന ബീച്ച്, സന്ദർശകർക്കായി നല്ല അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഇവിടെ പാർക്കും ഉണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഈ ബീച്ചിൽ സമയം ചെലവഴിക്കാം. തൃശൂരിൽ നിന്നും ഏകദേശം 25 – 30 കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബീച്ച്.
ചാവക്കാട് ബീച്ചും നാട്ടിക ബീച്ചുമാണ് സന്ദർശകർക്കു പോകാൻ പറ്റിയ മറ്റു ബീച്ചുകൾ.
മലകയറാൻ റെഡിയാണോ?
ചില ആളുകൾ ബീച്ച് ഇഷ്ടപ്പെടുന്നവരായിരിക്കും ചിലരോ കുന്നും മലയും ഇഷ്ടപ്പെടുന്നവർ. ദുർഘടമായ വഴികൾ താണ്ടി മലയുടെ മുകളിലെത്തുമ്പോഴുള്ള സുഖം, അതു പറഞ്ഞറിയിക്കാനാവില്ല, അനുഭവിച്ചു തന്നെ അറിയണം. അൽപം കഷ്ടപ്പെട്ടാണെങ്കിലും ഏറ്റവും മുകളിലെത്തുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസ്സ് നിറയ്ക്കും. ജില്ലയിലെ ചില സ്പോട്ടുകൾ നോക്കാം.
∙വിലങ്ങൻ ഹിൽസ്
തൃശൂർ ജില്ലയിൽ നിന്നും ഏഴ് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കുന്നാണ് വിലങ്ങൻ ഹിൽസ്. ഏത് പ്രായത്തിലുള്ളവർക്കും ഇവിടേക്ക് വരാം. കുട്ടികൾക്കായി ധാരാളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അശോക വനവും ഇവിടത്തെ ഒരു പ്രത്യേകതയാണ്. സംസ്ഥാന ഔഷധ സസ്യ ബോർഡ്, വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്, അശോകവന സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പാതകളിൽ ഈ ഔഷധ സസ്യത്തെ പരിപാലിക്കുന്നത്. നാല് വ്യൂ പോയിന്റുകളും സന്ദർശകർക്കു കാണാം.
∙കലശമല
ജില്ലയിലെ പ്രധാന ഇടമാണ് കലശമല. 2.64 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ഇക്കോ ടൂറിസം വില്ലേജിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. നരിമടക്കുന്ന്, കല്ലായിക്കുന്ന് എന്നും ഈ സ്ഥലം അറിയപ്പെടും. തൂവാനത്തുമ്പികൾ അടക്കം പല സിനിമകളും ഇവിടെ നിന്നും ചിത്രീകരിച്ചിട്ടുണ്ട്. ജലസമ്പത്തു പിടിച്ചു നിർത്തുന്നതടക്കം ഒരുപാട് ഗുണങ്ങളുള്ള കുളവെട്ടി മരങ്ങൾ ഇവിടെയുണ്ട്. കുട്ടികളുടെ പാർക്ക്, പ്രകൃതി ഭംഗി ആസ്വദിക്കാനായി മൂന്ന് വ്യൂ പോയിന്റുകൾ, സന്യാസിമാർ താമസിച്ചെന്നു കരുതപ്പെടുന്ന ഗുഹ തുടങ്ങി പലതും ഇവിടെയുണ്ട്.
∙ചെപ്പാറ റോക്ക് ഗാർഡൻ
തൃശൂർ ജില്ലയിലെ അധികം അറിയപ്പെടാത്ത സ്ഥലമാണിത്. വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിലാണ് ചെപ്പാറ സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിവിടം. ട്രെക്കിങ് ചെയ്യുന്നവർക്കു പലതരത്തിലുള്ള പക്ഷികളെയും ഇവിടെ കാണാൻ സാധിക്കും. ഋഷിമാർ ധ്യാനിച്ചതായി കരുതപ്പെടുന്ന മുനിയറകളും ഇവിടെ കാണാം.
കൊട്ടാരങ്ങളിലൂടെ...
പുരാതന കാലഘട്ടത്തിലെ സാമ്രാജ്യത്തിന്റെയും ഓർമകളുടെയും എല്ലാം അവശേഷിപ്പുകളാണ് കോട്ടകളും മ്യൂസിയങ്ങളും പാലസുകളുമൊക്കെ. പഴയ കാലഘട്ടത്തെ അറിയാനും അന്നുപയോഗിച്ച വസ്തുക്കൾ കാണാനുമൊക്കെ ഇതിലൂടെ സാധിക്കും.
∙ശക്തൻ തമ്പുരാൻ കൊട്ടാരം
കൊച്ചി രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്ന ശക്തൻ തമ്പുരാൻ കൊട്ടാരം മറ്റൊരു കാഴ്ചയാണ്. ജില്ലയുടെ ഹൃദയ ഭാഗത്തു തന്നെയാണ് ഈ കൊട്ടാരം. ശക്തൻ തമ്പുരാൻ അടിത്തറയിട്ട തൃശൂർ നഗരത്തിന്റെ ചരിത്രവും രാജഭരണത്തിന്റെ ഓർമകളും വടക്കേ സ്റ്റാൻഡിനോടടുത്തു സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ കാണാം. കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന ഓട്ടുപാത്രങ്ങൾ, നാണയങ്ങൾ, ചീനഭരണികൾ, മരപ്പാത്രങ്ങൾ, നന്നങ്ങാടി എന്നിവയൊക്കെ സന്ദർശകർക്കു കാണാം. ശക്തൻ തമ്പുരാന്റെ ശവകുടീരവും വളപ്പിലുണ്ട്. കേരള– ഡച്ച് ശൈലിയിൽ നാലുകെട്ടു മാതൃകയിലാണ് നിർമാണം. 1795 ലാണ് ഇന്നു കാണുന്ന കൊട്ടാരം പൂർത്തിയാക്കിയത്. പിന്നീട് പുരാവസ്തുവകുപ്പ് കൊട്ടാരം നവീകരിച്ച് മ്യൂസിയമാക്കി. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും കൊട്ടാരം സന്ദർശകർക്കായി തുറന്നിരിക്കും.
∙കൊല്ലങ്കോട് പാലസ്
തൃശൂരിൽ നിന്നും 57 കിലോമീറ്റർ അകലെ കൊല്ലങ്കോടാണ് ഈ പാലസ് സ്ഥിതി ചെയ്യുന്നത്. 1904 ൽ കൊല്ലങ്കോട് രാജാവായ വാസുദേവ രാജയുടെ നിർദേശ പ്രകാരം ഈ കൊട്ടാരം നിർമിക്കുകയും ശേഷം അദ്ദേഹത്തിന്റെ മകൾക്കു സമ്മാനമായി നൽകുകയും ചെയ്തതാണ്.1975 ൽ പുരാവസ്തു വകുപ്പ് ഇവിടെ പൈതൃക മ്യൂസിയമാക്കി മാറ്റി. നിലവിൽ ഇവിടം ആയുർവേദ വിശ്രമ കേന്ദ്രമാണ്.
സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഡാമുകൾ
ജലസംഭരണികളാണ് ഓരോ ഡാമുകളും. അതുപോലെ കാണാനും മനോഹരമായിരിക്കും ഈ സ്ഥലങ്ങൾ. ഡാമുകൾ ഇന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടിയാണ്. അത്തരത്തിൽ ടൂറിസ്റ്റുകൾക്കു കാണാനായി ജില്ലയിൽ മനോഹരമായ ഡാമുകളുണ്ട്.
∙പീച്ചി ഡാം
ജലസേചന ആവശ്യങ്ങൾക്കായി 1950 ൽ നിർമിച്ച ഡാം ഇന്നൊരു ടൂറിസ്റ്റ് സ്ഥലം കൂടിയാണ്. തൃശൂരിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മണലി പുഴയുടെ കുറുകെയാണ് അണക്കെട്ട് നിർമിച്ചിട്ടുള്ളത്. ഇതിനടുത്തു തന്നെയാണ് പീച്ചി – വാഴാനി വന്യജീവി സങ്കേതവും സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ ഷട്ടർ തുറക്കുന്ന സമയം ഇവിടം സന്ദർശിക്കുന്നതാണ് ഉത്തമം. വനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം കണ്ണിനും കുളിർമയേകുന്ന ഇടമാണ്.
∙വാഴാനി ഡാം
കാഴ്ചയിൽ തന്നെ സുന്ദരി. കുടുംബമായും സുഹൃത്തുക്കളുമായും ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ ഇടം. വടക്കാഞ്ചേരിക്ക് അടുത്തയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഡാമിന്റെ ഭംഗിയോടൊപ്പം അതിനു ചുറ്റുമായുള്ള മലകളുടെയും കാടുകളുടെയും ഭംഗി കൂടി ആസ്വദിക്കാൻ സാധിക്കും. ഫുഡ് കോർട്ടുകളും ഇവിടെയുണ്ട്.
∙ചിമ്മിനി ഡാം
തീർച്ചയായും സന്ദർശകരുടെ മനസ്സ് നിറയ്ക്കും ചിമ്മിനി ഡാം. ഡാമിനു ചുറ്റുമുള്ള മനോഹര കാഴ്ച്ചകൾ ഒരിക്കലും ആരെയും മുഷിപ്പിക്കില്ല. ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ഏച്ചിപ്പാറയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ചിമ്മിനി വന്യജീവി സങ്കേതത്തോടു ചേർന്നാണ് ഡാം. വനം വകുപ്പിന്റെ നേതൃത്വത്തിൽ ട്രെക്കിങ്, ബാംബൂ റാഫ്റ്റിങ് പോലുള്ള പരിപാടികൾ നടത്തി വരുന്നുണ്ട്.
കൗതുകം ജനിപ്പിക്കുന്ന കുടക്കല്ല്
പ്രാചീനകാലത്തെ പല അവശേഷിപ്പുകളും മനുഷ്യരിൽ കൗതുകം ജനിപ്പിക്കുന്നതാണ്. നമ്മൾ കാണാത്ത അറിയാത്ത കാര്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ഇങ്ങനെ പുരാതന കാലത്തെ പല സ്മാരകങ്ങളും കേരളത്തിലുണ്ട്.
∙കുടക്കല്ല് പറമ്പ്
തൃശൂർ ജില്ലയിലെ ചേരമനങ്ങാടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രാചീനകാലത്തെ മെഗാലിത്തിക് ശവകുടീരമാണിത്. വളരെ ചെറിയ പ്രദേശത്താണ് ഈ സ്മാരകങ്ങൾ വ്യാപിച്ചു കിടക്കുന്നത്. 4000 വർഷത്തിലേറെ പഴക്കമുള്ളതായാണു കണക്കാക്കപ്പെടുന്നത്.
∙അരിയന്നൂർ കുടക്കല്ല്
തൃശൂരിലെ കണ്ടനാശ്ശേരി പഞ്ചായത്തിലെ അരിയന്നൂരിൽ സ്ഥിതി ചെയ്യുന്ന മെഗാലിത്തിക് ശവകുടീരമാണ് അരിയന്നൂർ കുടക്കല്ല്. കുടക്കല്ല് പറമ്പിന്റെ ഒരു ഭാഗം കൂടിയാണിത്.
ഒരു മൃഗശാലയും ആയുർവേദ മ്യൂസിയവും ഇവിടെയുണ്ട്.
∙സ്റ്റേറ്റ് മ്യൂസിയം ആൻഡ് സൂ
തൃശൂർ നഗരത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ചെമ്പുകാവിൽ 13.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് മ്യൂസിയവും മൃഗശാലയും. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിൽ ഒന്നാണിത്. സംസ്ഥാനത്തെ രണ്ട് പ്രധാന സുവോളജിക്കൽ പാർക്കിൽ ഒന്ന് ഇവിടെയാണ്. 1964 ൽ ആണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം സ്ഥാപിതമായത്.
∙വൈദ്യരത്നം ആയുർവേദ മ്യൂസിയം
തൃശൂരിൽ നിന്നും ഒൻപത് കിലോമീറ്റർ അകലെ തൈക്കാട്ടുശേരിയിലാണു മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ആയുർവേദ വൈദ്യശാസ്ത്രത്തിന്റെ ചരിത്രം വിളിച്ചോതുന്നതാണ് ഈ മ്യൂസിയം. ഇതിന്റെ ഭാഗമായി നൂതന ഡിജിറ്റൽ ലൈബ്രറിയും ഇവിടെയുണ്ട്. പല മഹദ് വ്യക്തികളുടെ ഛായ ചിത്രങ്ങളും ശിൽപങ്ങളും 3 ഡി സാങ്കേതിക വിദ്യയും ഇവിടെയുണ്ട്.