മിനി ഊട്ടിയും തൂവൽ തീരം ബീച്ച് കാഴ്ചകളും; ഇത് കേരളത്തിലെ അതിമനോഹര നാട്

Mail This Article
യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരുടെ നാടാണ് മലപ്പുറം. നിരവധി മനോഹര സ്ഥലങ്ങൾ ഇവിടെയുണ്ട്. സാഹിത്യ പ്രേമികളുടേയും വിനോദ സഞ്ചാരികളുടേയും പ്രിയപ്പെട്ട ഇടമാണിത്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദേശം തുഞ്ചൻപറമ്പിലാണ്. അമൂല്യമായ കൃതികളുടെ വലിയ ശേഖരവും ഇവിടെയുണ്ട്. ആർട്ടിസ്റ്റ് നമ്പൂതിരി, ഇഎംഎസ് നമ്പൂതിരിപ്പാട്,വി ടി ഭട്ടതിരിപ്പാട്,പൂന്താനം, ഇടശ്ശേരി ഗോവിന്ദൻ നായർ, വള്ളത്തോൾ, മോയിൻകുട്ടി വൈദ്യർ, വൈദ്യരത്നം പി എസ് വാര്യർ...എന്നീ പ്രതിഭകളുടെ ജന്മദേശവും മലപ്പുറം ജില്ലയിലാണ്. കമല സുരയ്യയുടെ ജനനസ്ഥലമായ പുന്നയൂർക്കുളം പൊന്നാനി താലൂക്കിലായിരുന്നു (നിലവിൽ തൃശ്ശൂർ ജില്ലയുടെ ഭാഗം). കേരള ചരിത്രത്തിലും സാഹിത്യത്തിലും വ്യക്തി മുദ്രപതിപ്പിച്ച ഈ പ്രതിഭകളുടെ അനുസ്മരണ സ്മാരകങ്ങളിലേക്കുമാത്രമായും ധാരാളം സഞ്ചാരികൾ എത്താറുണ്ട്. മലപ്പുറം തീർക്കുന്നത് കാഴ്‌ചയുടെ മല കൂടിയാണ്. കേൾവിപ്പെരുമകൾക്കുമപ്പുറം ഈ മണ്ണിൽ എത്രയെത്ര കാഴ്‌ചകൾ! ഭ്രമിപ്പിക്കുന്ന സൗന്ദര്യവുമായി യാത്രാവഴിയിൽ ഈ നാട് നമുക്കായി ഒരുക്കിവച്ചിരിക്കുന്നത് എന്തൊക്കെയാണെന്നറിയാം. മലപ്പുറം ഭംഗിയുടെ വേറിട്ട കാഴ്‌ചകളിലൂടെ ഒരു യാത്ര... ഈ നാടൊരുക്കുന്ന അപൂർവ സുന്ദര യാത്രാവഴികളിലൂടെ....
∙ തുഞ്ചൻ പറമ്പ്
ജില്ലയിലെ തിരൂരിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ പറമ്പ് മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമാണ്. കവിയുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് അറിയാൻ നിരവധി സാഹിത്യപ്രേമികളും വിനോദസഞ്ചാരികളും തുഞ്ചൻ പറമ്പ് സന്ദർശിക്കുന്നു. പഴമ വിളിച്ചോതുന്ന കവാടങ്ങളും മനോഹരമായ പ്രകൃതിയും തുഞ്ചൻ സ്മാരകം സ്മാരകത്തിനോടു ചേർന്നുള്ള കൃഷ്ണശിലാമണ്ഡപം, അമൂല്യമായ കൃതികളുടെ വലിയ ശേഖരമൊരുക്കിക്കൊണ്ടുള്ള ലൈബ്രറി മലയാളസാഹിത്യ മ്യൂസിയം തുടങ്ങി നിരവധി അനുഭവങ്ങൾ തുഞ്ചൻപറമ്പ് സമ്മാനിക്കുന്നു. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. തിരൂർ ടൗണിൽ നിന്ന് 1.7 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.










∙കോട്ടക്കുന്ന്
നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടക്കുന്ന്, മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം. അതിവിശാലമായ പാർക്ക് പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ നൽകുന്നു. മിറാക്കിൾ ഗാർഡൻ നിരവധി റൈഡുകളുള്ള അഡ്വഞ്ചർ പാർക്ക്, ഗെയിം സോൺ, ബലൂൺ പാർക്ക്, ഫൺ പാർക്ക്, സൈക്കിൾ ട്രാക്ക് തുടങ്ങി പല തരത്തിലുള്ള എന്റർടെയ്ൻമെന്റ്സുകളും ഇവിടെയുണ്ട്. രാവിലെ പത്തു മുതൽ വൈകിട്ട് ഒൻപതുമണി വരെയാണ് ഇവിടുത്തെ ടൈമിങ്ങ്. മലപ്പുറം ടൗണില്‍ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
∙ ചരിത്രം തേടി തേക്കു മ്യൂസിയത്തിലേക്ക്
നിലമ്പൂരിലെ തേക്ക് മ്യൂസിയം, തേക്കും നിലമ്പൂരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചരിത്രം അറിഞ്ഞില്ലെങ്കിൽ നിലമ്പൂരിന്റെ ചിത്രം അപൂർണമാണ്. ചിതലരിക്കാത്ത തേക്കിനെക്കുറിച്ചുള്ള രസകരമായ അറിവുകൾ ഈ മ്യൂസിയം പങ്കു വയ്ക്കുന്നു. ഇവിടെ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്താണ് ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കുതോട്ടമായ കണോലി പ്ലോട്ടുള്ളത്. നിലമ്പൂരിന്റെ മുഖചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന തൂക്കുപാലം കടന്നു വേണം കണോലി പ്ലോട്ടിലെത്താൻ.

∙ മിനി ഊട്ടി– അരിമ്പ്ര മല
കൊണ്ടോട്ടിക്കടുത്ത് അരിമ്പ്രമല, കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പച്ചപ്പും മലനിരകളും താഴ്‌വാരങ്ങളും കോടമഞ്ഞുമെല്ലാം ഇവിടുത്തെ കാഴ്ചകളാണ്. വിവിധതരം റൈഡുകളും മറ്റ് നിരവധി ആക്റ്റിവിറ്റീസും ഉൾപ്പെടുന്ന മിസ്റ്റി ലാൻഡ് നാച്ചുറൽ പാർക്ക്, പെറ്റ്സ് പാർക്ക് തുടങ്ങിയ ആകർഷണങ്ങളും ഇവിടുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് എട്ടര വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. കൊണ്ടോട്ടി ടൗണിൽ നിന്നും 13 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.

∙ കാടാമ്പുഴ ഭഗവതി ക്ഷേത്രം
കോട്ടയ്ക്കലിൽ നിന്നും പത്തു കിലോമീറ്റർ അകലെ കാടാമ്പുഴയിലായി സ്ഥിതി ചെയ്യുന്ന കാടാമ്പുഴ ഭഗവതി ക്ഷേത്രം പുരാതന കേരളത്തിലെ 108 ശ്രീദുർഗാ ക്ഷേത്രങ്ങളിലൊന്നാണ്. വളരെ പ്രശസ്തമായതും ശാന്തമായ അന്തരീക്ഷം നൽകുന്നതുമായ ഒരു ക്ഷേത്രം. രാവിലെ നാലര മുതൽ പന്ത്രണ്ടര വരെയും വൈകിട്ട് നാലര മുതൽ ഏഴര വരെയുമാണ് ഇവിടെ പ്രവേശനം.
∙ തൂവൽ തീരം ബീച്ച് ആൻഡ് പാർക്ക്
താനൂരിലെ തൂവൽ തീരം, മനോഹരമായ ബീച്ചും കുട്ടികൾക്കായുള്ള പാർക്കും ഇവിടുണ്ട്. ബോട്ടിങ്ങ് സൗകര്യവും ഫ്ലോട്ടിങ്ങ് ബ്രിജ് തുടങ്ങി തൂവൽ തീരം സായാഹ്നം ചെലവഴിക്കാൻ പറ്റിയ മികച്ചൊരു സ്പോട്ടാണ്. രാവിലെ ആറു മണി മുതൽ വൈകിട്ട് പത്തു മണി വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. താനൂര്‍ ടൗണിൽ നിന്നും അഞ്ചു കിലോമീറ്റര്‍ വരെയാണ് ഇവിടേക്കുള്ള ദൂരം.
∙ നൂർ തടാകം
പ്രകൃതി സ്നേഹികൾ കണ്ടിരിക്കേണ്ട തികച്ചും പ്രകൃതിയോടിണങ്ങിയ ഒരു സ്പോട്ടാണ് തിരൂരിലെ നൂർ ലേക്ക്. മരങ്ങളും മുളങ്കാടുകളും പുഴയും കണ്ടൽക്കാടുകളും ബോട്ടിങ്ങും നാച്ചുറൽ വോക്കിങ്ങുമെല്ലാം ഈ മനോഹരമായ പ്രകൃതി സഞ്ചാരികൾക്കായി സമ്മാനിക്കുന്നു. ഫാമിലിക്കുമാത്രമാണ് ഇവിടെ എൻട്രി ഉള്ളത്. രാവിലെ ഒൻപതര മുതൽ വൈകിട്ട് ആറു മണി വരെയാണ് ഇവിടുത്തെ ടൈമിങ്ങ്. തിരൂർ ടൗണിൽ നിന്നും 3 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
∙ പടിഞ്ഞാറേക്കര ബീച്ച്
ജില്ലയിലെ തിരൂരിനും പൊന്നാനിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന പടിഞ്ഞാറേക്കര ബീച്ച് ഭാരതപ്പുഴ, തിരൂർ പുഴ, അറബിക്കടൽ എന്നിവയുടെ സംഗമസ്ഥാനത്തിന്റെ അതിമനോഹരമായ കാഴ്ചയും പക്ഷിനീരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഇവിടുണ്ട്. കടൽത്തീരത്തെ ആകർഷിക്കുന്ന പുളിമുട്ട്, പാർക്കിങ്ങ് സൗകര്യങ്ങൾ, ചിൽഡ്രൻസ് പാർക്കുകൾ, കഫ്റ്റീരിയ, സ്ട്രീറ്റ് ഫുഡ്, ജങ്കാർ സേവനങ്ങൾ, ലൈറ്റ് ഹൗസ് വ്യൂ, മറ്റു വിനോദ സേവനങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്. രാവിലെ ആറു മുതൽ വൈകിട്ട് എട്ടരവരെയാണ് ഇവിടുത്തെ പ്രവേശന സമയം. തിരൂർ ടൗണില്‍ നിന്നും 17 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
∙ ബിയ്യം കായൽ പാർക്ക്
കായലിന്റെ മനോഹരമായ കാഴ്ച ആസ്വദിച്ചു കൊണ്ട് ഫാമിലിയോടൊത്തു സമയം ചെലവഴിക്കാൻ പറ്റിയ ഒരു പാർക്കാണ് ബിയ്യം കായൽ പാർക്ക്. പ്രകൃതി ഭംഗി ആസ്വാദനവും പക്ഷി നിരീക്ഷണവും വോക്കിങ് ബ്രിജിലൂടെയുള്ള നടത്തവും കുട്ടികളുടെ പാർക്കുമെല്ലാമായി ഈ സ്പോട്ടും സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ നൽകുന്നു. രാവിലെ ആറുമുതൽ വൈകിട്ട് എട്ടു മണി വരെയാണ് ഇവിടുത്തെ ൈടമിങ്ങ്. പൊന്നാനി ടൗണിൽ നിന്നും ആറു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
∙ കർമ റോഡ് വ്യൂ പോയിന്റ്
നിളയുടെ അരികു പറ്റി കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കർമ റോഡ്, സായാഹ്നം ചെലവഴിക്കാൻ പറ്റിയ പൊന്നാനിയിലെ കിടിലൻ സ്പോട്ട്. നിളയുടെയും അറബിക്കടലിന്റെയും സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ബോട്ട് സവാരിയും പൊന്നാനി പലഹാരങ്ങളുടെ തനത് രുചി വൈഭവങ്ങളും ഇവിടെ വന്നാൽ അനുഭവിച്ചറിയാം. രാവിലെ ആറു മുതൽ വൈകിട്ട് ഒൻപതു മുപ്പതു വരെയാണ് പ്രവർത്തന സമയം. പൊന്നാനി ടൗണിൽ നിന്ന് ഏഴു കിലോമീറ്ററാണ് ഇവിേടക്കുള്ള ദൂരം.

∙ പൊന്നാനി ജുമാ മസ്ജിദ്
കേരളത്തിലെ മുസ്ലീം പള്ളികളിൽ വളരെയേറെ ചരിത്രപ്രാധാന്യമർഹിക്കുന്നതും മലബാറിന്റെ ചെറിയ മക്ക എന്നു വിശേഷിപ്പിക്കുന്നതുമായ ഏകദേശം അഞ്ഞൂറിലധികം വർഷം പഴക്കമുള്ള പള്ളിയാണ് പൊന്നാനി ജുമാ മസ്ജിദ്. പൊന്നാനി ടൗണിൽ നിന്ന് 1.5 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
∙ ഫ്ലോറാ ഫാന്റസിയ അമ്യൂസ്മെന്റ് പാർക്ക്
വിനോദത്തിനും സാഹസികതയ്ക്കും പറ്റിയ ജില്ലയിലെ മികച്ച അമ്യൂസ്മെന്റ് പാർക്കുകളിലൊന്നാണ് വളാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഫ്ലോറാ ഫാന്റസിയ അമ്യൂസ്മെന്റ് പാർക്ക്. നിരവധി റൈഡുകളും വിവിധ വാട്ടർ ആക്റ്റിവിറ്റികളും മനോഹരമായ പാർക്കും മറ്റുമായി സഞ്ചാരികൾക്ക് ഒരു ദിവസം ആഘോഷിക്കാൻ പറ്റിയ ജില്ലയിലെ ഏറ്റവും ബെസ്റ്റ് സ്പോട്ടുകളിലൊന്നാണ് ഇത്. രാവിെല പതിനൊന്നു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് പ്രവർത്തന സമയം. എൻട്രി ഫീയുണ്ട്. വളാഞ്ചേരി ടൗണിൽ നിന്ന് 9 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
∙ മലയിൽ ഫാം ഹൗസ്
ജില്ലയിലെ കുളത്തൂരിനും പാങ്ങിനുമടുത്തായി വിശാലമായ പ്രകൃതിയും കുട്ടികൾക്കുള്ള പാർക്കും അഡ്വഞ്ചർ ആക്റ്റിവിറ്റികളും മറ്റും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അതിവിശാലമായ പാർക്കും. സ്റ്റേ സൗകര്യങ്ങളും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുളള ഫാമിലിയുമായി വന്ന് സമയം െചലവഴിക്കാൻ പറ്റിയ ഉഗ്രനൊരു സ്പോട്ടാണ് മലയിൽ ഫാം ഹൗസ്. രാവിലെ പത്തു മണി മുതൽ വൈകിട്ട് എട്ടരവരെയാണ് ഇവിടുത്തെ ടൈമിങ്ങ്. എൻട്രി ഫീയുണ്ട്. കുളത്തൂർ ടൗണിൽ നിന്ന് നാലര കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.

∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം
ജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് പെരിന്തൽമണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറത്തായി സ്ഥിതി ചെയ്യുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രം. ‘തിരുമാന്ധാംകുന്നിലമ്മ' എന്നറിയപ്പെടുന്ന ഭഗവതിയ്ക്കാണ് ഇവിടെ കൂടുതൽ പ്രസിദ്ധി. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളിപ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. ആകർഷകമായ രൂപവും ഗാംഭീര്യവും ഉള്ള ഈ ക്ഷേത്രം ചെറിയൊരു കുന്നിൻ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ ടൗണിൽ നിന്ന് നാലു കിലോമീറ്റർ ആണ് ഇവിടേക്കുളള ദൂരം. പെരിന്തല്‍ മണ്ണയിൽ നിന്നും കോഴിക്കോട് റോഡിലൂടെ മൂന്ന് കിലോമീറ്റർ ദൂരത്താണ്. ഹൈവേയിൽ നിന്നും നോക്കിയാൽ കാണാവുന്ന അകലെയാണ് . ഒരു െചറിയ കുന്നിനു മുകളിലാണ് ക്ഷേത്രം. തെക്കേ നടകയറി എത്തുമ്പോൾ കിഴക്കോട്ട് അഭിമുഖമായി കാണുന്ന ശ്രീമൂല സ്ഥാനത്ത് വേണം ആദ്യം തൊഴുത് പ്രാർഥിക്കേണ്ടത്.
∙ കൊടികുത്തി മല
മലപ്പുറം ജില്ലയിയിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കൊടികുത്തിമല. വെട്ടത്തൂർ, താഴേക്കോട് ഗ്രാമങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് മലയുടെ സ്ഥാനം. അതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും തണുപ്പുള്ള പ്രദേശമാണിത്. സമീപ ജില്ലയായ പാലക്കാട് നിന്നും ഇവിടേയ്ക്ക് ഏറെ ദൂരമില്ല. ചെറു അരുവികളും വനവും പുൽമേടുകളുമൊക്കെ അതിരിടുന്ന ഈ മലമുകളിൽ നിന്നുള്ള സൂര്യാസ്തമയം സന്ദർശകരുടെ ഹൃദയം കവരുന്ന കാഴ്ചകളിലൊന്നാണ്.പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഏറ്റവും ഉയർന്ന ഭൂപ്രദേശമാണ് കൊടികുത്തിമല. വീശിയടിക്കുന്ന കാറ്റും തണുപ്പുമാണ് പ്രധാനാകർഷണം. അടിവാരം വരെ മാത്രമേ കാറിൽ യാത്ര ചെയ്യാൻ കഴിയുകയുള്ളൂ. താഴെ നിന്നും മുകളിലേയ്ക്കു നടന്നു കയറണം. പാത അത്ര ദുഷ്കരമല്ലാത്തതു കൊണ്ട് തന്നെ മലമുകളിലേയ്ക്കു എത്തുന്നത് വലിയ പ്രയാസമില്ലാത്ത കാര്യമാണ്. ഒരു മണിക്കൂറോളം നടന്നാൽ മാത്രമേ മുകളിലേയ്ക്കു എത്താൻ കഴിയുകയുള്ളൂ. രാവിലെ എട്ടു മണി മുതൽ വൈകിട്ട് നാലുമണി വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പെരിന്തൽമണ്ണ ടൗണിൽ നിന്ന് പത്തു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.