ഐ ലൗവ് കോഴിക്കോട്: എവിടെ പോകണം, എന്തെല്ലാം കാണണം, വിശദമായി അറിയാം
Mail This Article
എങ്ങനെയാണ് ഈ നഗരത്തിന് ആളുകളെ ആകർഷിക്കാതിരിക്കാൻ കഴിയുക. അതിന് ഒന്നല്ല ഒരുപാട് കാരണങ്ങളും ഉണ്ട്. ചരിത്ര പ്രധാനമായ സ്ഥലങ്ങൾ മുതൽ മനോഹരമായ കടൽത്തീരങ്ങൾ വരെയും മാത്രമല്ല രുചികരമായ ഭക്ഷണവും ഇവിടെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. കോഴിക്കോട് നഗരം മാത്രമല്ല ജില്ലയുടെ ഓരോ മുക്കും മൂലയും ഒരു സഞ്ചാരിയെ കോഴിക്കോട് ജില്ലയോട് അത്രയേറെ അടുപ്പിക്കുന്നതാണ്. വെള്ളച്ചാട്ടങ്ങളും മലയോര മേഖലകളും കടൽത്തീരങ്ങളും പിന്നെ മാനാഞ്ചിറയും തളിയും അങ്ങനെയങ്ങനെ കോഴിക്കോടിനെ അടയാളപ്പെടുത്തുന്ന എത്രയെത്ര സ്ഥലങ്ങൾ.
ചരിത്രം ഉറങ്ങുന്ന കടൽത്തീരങ്ങൾ
കോഴിക്കോടിന്റെ കടൽത്തീരങ്ങൾ ചരിത്രവും പാരമ്പര്യവും പേറുന്ന ഇടങ്ങൾ കൂടിയാണ്. ഇതിൽ തന്നെ കാപ്പാട് കടപ്പുറം ഏറെ പ്രാധാന്യമർഹിക്കുന്നു. 1498 ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലാണ് യൂറോപ്യൻമാർ ആദ്യമായി കേരളത്തിൽ കപ്പലിറങ്ങുന്നത്. വ്യാപാരത്തിന് വേണ്ടി ഇവർ എത്തിയത് കേരളത്തിന്റെ വലിയ മാറ്റങ്ങൾക്കു തന്നെ വഴി വയ്ക്കുകയും ചെയ്തു. നമ്മുടെ ചരിത്രത്തിൽ തന്നെ കൃത്യമായ പ്രാധാന്യമുള്ള കാപ്പാട് കടൽത്തീരം കോഴിക്കോട് യാത്രയിൽ പ്രധാനമാണ്. കൂടാതെ കോഴിക്കോട് ബീച്ചും ബേപ്പൂർ തുറമുഖവും എല്ലാം സഞ്ചാരികളുടെ ഹൃദയം കവരും. കോഴിക്കോട് ബീച്ചും അതിനോടു ചേർന്നുള്ള വലിയങ്ങാടിയും ആയിരുന്നു ഒരു കാലത്ത് കോഴിക്കോട് നഗരത്തിന്റെ പ്രധാനഭാഗം. അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി കോഴിക്കോടിനുള്ള പൂർവകാല വ്യാപാരബന്ധത്തിൽ ബേപ്പൂർ തുറമുഖത്തിന് നിർണായക സ്ഥാനമാണ് ഉള്ളത്. ഉരു നിർമാണത്തിനും പ്രസിദ്ധമാണ് ബേപ്പൂർ തുറമുഖം. കോഴിക്കോടു നിന്ന് അല്പം ഉള്ളിലേക്കു മാറിയുള്ള കൊളാവി ബീച്ചാണ് മറ്റൊരു കേന്ദ്രം. കടലും കണ്ടലും പുഴയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന കൊളാവിക്ക് മിനി ഗോവയെന്ന് ഒരു പേരു കൂടിയുണ്ട്. കൊളാവിപ്പാലവും ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രമാണ്. പയ്യോളി കടപ്പുറവും തിക്കോടി ഡ്രൈവും വടകരയിലെ ബീച്ചും പാർക്കുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരങ്ങളാണ്.
മനോഹരം ഈ വെള്ളച്ചാട്ടങ്ങൾ
കടൽത്തീരങ്ങൾ മാത്രമല്ല മനോഹരമായ വെള്ളച്ചാട്ടങ്ങളും കോഴിക്കോടിന്റെ പ്രത്യേകതയാണ്. തുഷാരഗിരി വെള്ളച്ചാട്ടം, അരിപ്പാറ വെള്ളച്ചാട്ടം, നാരങ്ങാത്തോട് വെള്ളച്ചാട്ടം എന്ന് തുടങ്ങി ചെറുതും വലുതുമായ ഒട്ടനവധി വെള്ളച്ചാട്ടങ്ങളാണ് കോഴിക്കോട് ജില്ലയിൽ ഉള്ളത്. മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ പ്രത്യേകത. രണ്ടാമത്തെയും മൂന്നാമത്തെയും വെള്ളച്ചാട്ടങ്ങളായ മഴവിൽച്ചാട്ടവും തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടവും തൂക്കുപാലവും ഉള്ളുപൊള്ളയായ താന്നിമരവുമെല്ലാം തുഷാരഗിരിയിലെ കാഴ്ചകളാണ്. തിരുവമ്പാടിക്ക് അടുത്ത് ആനക്കാംപൊയിലിലാണ് അരിപ്പാറ വെള്ളച്ചാട്ടം. നിരവധി വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇവിടേക്ക് എത്തിച്ചേരുന്നത്. ആനക്കാംപൊയിലിനും പുല്ലൂരാംപാറയ്ക്കും അടുത്തായുള്ള നാരങ്ങാത്തോട് വെള്ളച്ചാട്ടം വേനൽക്കാലത്ത് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. അരിപ്പാറ വെള്ളച്ചാട്ടം, മറിപ്പുഴ, വെള്ളരിമല, തുഷാരഗിരി തുടങ്ങിയവ ഇതിനടുത്താണ്. നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം നിരവധി ജീവനുകളെ അപഹരിച്ചിട്ടുണ്ട്. പാറകെട്ടുകളിലെ വഴുവഴുപ്പും കയങ്ങളും പലരേയും അപകടത്തിലാക്കിയിട്ടുണ്ട് എന്നതിനാൽ തന്നെ പതങ്കയം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ അതീവജാഗ്രത പുലർത്തേണ്ടതാണ്.
നഗരത്തിലെ വിസ്മയക്കാഴ്ചകൾ
കോഴിക്കോട് നഗരത്തിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയെയും കാത്ത് നിരവധി കാഴ്ചകളാണ് നഗരത്തിൽ തന്നെയുള്ളത്. മാനാഞ്ചിറ, മിഠായിത്തെരുവ്, സരോവരം ബയോപാർക്ക്, വലിയങ്ങാടി മാർക്കറ്റ്, തളി ക്ഷേത്രം, പ്ലാനറ്റോറിയം തുടങ്ങി നഗരത്തിൽ തന്നെ നിരവധി കാഴ്ചകളാണ് ഉള്ളത്. വൈകുന്നേരങ്ങളിൽ കഥ പറഞ്ഞിരിക്കാൻ നാട്ടുകാർ എത്തുന്ന മാനാഞ്ചിറ മൈതാനം കോഴിക്കോടിന്റെ ഹൃദയം തന്നെയാണ്. നഗരത്തിന്റെ ചരിത്രം ഉറങ്ങുന്ന തെരുവായ മിഠായിത്തെരുവാണ് മറ്റൊരു ആകർഷണം. ഹൽവക്കടകൾക്കു പ്രശസ്തമായിരുന്ന ഈ തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു വിളിച്ചത് യൂറോപ്പുകാരാണ്. സ്വീറ്റ് മീറ്റ് സ്ട്രീറ്റാണ് മിഠായിത്തെരുവായി മാറിയത്. എന്നാൽ, ഇന്ന് ഈ തെരുവിൽ തുണി വിൽപ്പനശാലകളും മറ്റും സജീവമാണ്. സരോവരം ബയോപാർക്കും വലിയങ്ങാടി മാർക്കറ്റും തളി ക്ഷേത്രവും പ്ലാനറ്റോറിയവും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളാണ്. കളരിപ്പയറ്റിനെക്കുറിച്ച് അറിയാനും ആസ്വദിക്കാനും ഉള്ളവർക്ക് സിവിഎൻ കളരി സംഘം സന്ദർശിക്കാം. പൂകാട് കലാലയം, തെക്കേപുരം വില്ലേജ്, തിക്കോട് ലൈറ്റ് ഹൗസ്, വെള്ളിയാങ്കല്ല് ദ്വീപ് എന്നിവയും കോഴിക്കോട് എത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്.
പ്രകൃതിഭംഗി കൊണ്ട് ആകർഷിക്കുന്നവ
പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് കരിയാത്തുംപാറ. മനോഹരമായ പുൽമേടുകളും മലനിരകളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതുകൊണ്ടു തന്നെ മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം ഇവിടം അറിയപ്പെടാറുണ്ട്. മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കുറ്റ്യാടിപ്പുഴയിൽ നിർമിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട് കരിയാത്തുംപാറയ്ക്ക് അടുത്താണ്. പെരുവണ്ണാമൂഴി അണക്കെട്ടും ഇതിനോട് ചേർന്നുള്ളതാണ്. കക്കയം അണക്കെട്ടിനോടു ചേർന്നുള്ള ഉരക്കുഴി വെള്ളച്ചാട്ടം അതിമനോഹരമാണെങ്കിലും അപകടം പതിയിരിക്കുന്ന വെള്ളച്ചാട്ടമാണ്. അതുപോലെ കോഴിക്കോട് നിന്നുള്ളവർക്ക് ഒരു കാട് കാണണമെന്നു തോന്നിയാൽ ധൈര്യമായി പോകാവുന്ന സ്ഥലമാണ് ജാനകിക്കാട്. കുറ്റ്യാടിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെ മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട്. ചൂടുകാലത്ത് കാടിന്റെ കുളിർമ ആസ്വദിക്കാൻ പോകാൻ പറ്റിയ ഇടമാണ് ജാനകിക്കാട്. അതുപോലെ തന്നെ നഗരത്തിന്റെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് വയലട. ബാലുശ്ശേരിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സമുദ്രനിരപ്പിൽ നിന്നു 2000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഇക്കോടൂറിസം കേന്ദ്രങ്ങൾ
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, വെള്ളരിമല ഇക്കോടൂറിസം, കക്കാട് ഇക്കോടൂറിസം എന്നിവയെല്ലാം കോഴിക്കോട് ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങളാണ്. ഇരിങ്ങലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്. പ്രാദേശിക കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കാറുണ്ട്. കുറ്റ്യാടി പുഴയുടെ തീരത്താണ് ഇത്. നിരവധി സ്റ്റാളുകളാണ് കരകൗശല വസ്തുക്കളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനുമായി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ ഈങ്ങാപ്പുഴയ്ക്ക് അടുത്തു കൂമ്പന്‍മലയുടെയും അത്തിക്കോട് മലയുടെയും താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാട് ഇക്കോടൂറിസം നിരവധി സഞ്ചാരികളെയാണ് ആകർഷിക്കുന്നത്.
നഗരത്തിൽ നിന്നു പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കടലുണ്ട് പക്ഷിസങ്കേതം. കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായാണ് ഈ പക്ഷിസങ്കേതം പരന്നു കിടക്കുന്നത്. കല്ലായി പുഴയും ഇതിന്റെ തീരത്തുള്ള പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായിയും ഒരിക്കൽ എങ്കിലും കണ്ടിരിക്കണം.
മ്യൂസിയങ്ങളും ആർട്ട് ഗാലറികളും കോഴിക്കോടിന്റെ പ്രത്യേകതകളാണ്. കൃഷ്ണ മേനോൻ മ്യൂസിയം ആൻഡ് ആർട്ട് ഗാലറിയും പഴശ്ശി രാജ മ്യൂസിയം ആൻഡ് ആർട് ഗാലറിയും കോഴിക്കോടൻ യാത്രകളിൽ നിർബന്ധമാണ്. കോഴിക്കോട് നഗരത്തിലെ പുരാതനമായ മുസ്ലിം പള്ളിയായ മിശ്കാൽ മോസ്ക് നഗരത്തിന്റെ പൈതൃകഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. കേരളത്തിലെ വിനോദസഞ്ചാരഭൂപടത്തിലെ ഒരു ചരിത്രകേന്ദ്രമാണ് ഇത്. കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. ഇംഗ്ലീഷ് പള്ളി എന്നറിയപ്പെടുന്ന സെൻ്റ് മേരീസ് ചർച്ച് നടക്കാവിലാണ് സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്താണ് ഈ പള്ളി പണി കഴിപ്പിക്കപ്പെട്ടത്. 1860ൽ പണി കഴിപ്പിക്കപ്പെട്ട ഈ പള്ളി അതിനുശേഷം നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. നഗരത്തിലെ ചരിത്രസ്മാരകങ്ങളുടെ കൂടെയാണ് ഈ ദേവാലയത്തിൻ്റെയും സ്ഥാനം. മറ്റൊരു പ്രധാന ആരാധനാലയം തളി ശിവ ക്ഷേത്രമാണ്. കോഴിക്കോട് സാമൂതിരിപ്പാടിൻ്റെ മുഖ്യക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
കോഴിക്കോട് ജില്ലയിലെ എല്ലാ കാഴ്ചകളും കണ്ടു കഴിഞ്ഞാൽ പതിയെ നമുക്ക് താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന വയനാട് ചുരത്തിലേക്ക് പോകാം. ചുരം കയറി മുകളിലേക്ക് എത്തുമ്പോൾ വയനാട് ജില്ല സ്വാഗതമോതി നിൽക്കുകയായിരിക്കും. ഒമ്പത് ഹെയർപിൻ വളവുകൾ കയറുന്നതിന് ഇടയിൽ മനോഹരമായ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ലേഖനം തയാറാക്കിയത് ∙ ജോയ്സ് ജോയ്