ADVERTISEMENT

കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരിയായ സംസ്കാരത്താലും ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഒരു നാടാണ് കാസർകോട്. ചന്ദ്രഗിരി നദിയുൾപ്പെടെ 12 നദികളാണ് കാസർകോട് ഉള്ളത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും ഉൾപ്പെടെ പ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമാണ് ഈ വടക്കൻ ജില്ല. തെങ്ങിൻ തോപ്പുകളാലും മലഞ്ചെരിവുകളാലും നദികളാലും പുഴകളാലും വാഴത്തോപ്പുകളാലും കമുകിൻ പാടങ്ങളാലും മനോഹരിയായ ഒരു നാടാണ് കാസർകോഡ്. കർണാടകയുമായി അതിർത്തി പങ്കിടുന്നതിനാൽ തന്നെ കാസർകോട് മലയാളത്തിന് അതിന്റേതായ ഉച്ചാരണവ്യത്യാസങ്ങളും ഉണ്ട്.

02Kasaragod-map-mob
Image: Jain David M/ Manorama Online
02Kasaragod-map-mob
Image: Jain David M/ Manorama Online

വിനോദസഞ്ചാരികൾക്കും വളരെ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും കാസർകോട്. പുഴയും കടലും പ്രകൃതിഭംഗിയും മാത്രമല്ല കോട്ടകളും കുന്നും മലയും ക്ഷേത്രങ്ങളും തെയ്യവും യക്ഷഗാനവും വരെ കാസർകോടിന്റെ പാരമ്പര്യവും പൈതൃകവുമായി ചേർന്നു നിൽക്കുന്നു. സ്വദേശികളും പുറത്തു നിന്നുള്ളവരുമായി നിരവധി സഞ്ചാരികളാണ് കാസർകോട് ജില്ലയുടെ സൗന്ദര്യം കാണാനായി ഇവിടേക്ക് എത്തുന്നത്. 

01Kasaragod-map-mob
Image: Jain David M/ Manorama Online
01Kasaragod-map-mob
Image: Jain David M/ Manorama Online

∙ചരിത്രം ഉറങ്ങുന്ന ബേക്കൽ കോട്ട

പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ചരിത്ര സ്മാരകമായ ബേക്കൽ കോട്ട കാസർകോട് ജില്ലയുടെ അടയാളമാണ്. കാസർകോടിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട പുരാതന കടമ്പ രാജവംശത്തിലെ ഭരണാധികാരികളാണ് നിർമിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ അധികാരം കോലത്തിരി രാജാക്കൻമാർക്കും ഹൈദർ അലിക്കും ടിപ്പു സുൽത്താനും അവസാനം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലേക്കും എത്തി. 130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ ഏറ്റവും ഉയർന്ന ഘടന വൃത്താകൃതിയിലുള്ളതും താക്കോൽ ദ്വാരത്തിന്റെ ആകൃതിയിലുമാണ്. ചുറ്റുമുള്ള മതിലുകൾ 12 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഉയർന്ന നിരീക്ഷണ ഗോപുരങ്ങളും പടികളുള്ള വാട്ടർ ടാങ്കും ഒരു ടണലുമെല്ലാം കോട്ടയുടെ പ്രധാന ആകർഷണങ്ങളാണ്. കോട്ടയുടെ വാസ്തുവിദ്യാ സൗന്ദര്യവും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രവും ടിപ്പു സുൽത്താൻ പണി കഴിപ്പിച്ചതായി കരുതുന്ന പഴയ ഒരു മോസ്കും സഞ്ചാരികളെ ആകർഷിക്കുന്നു. കോട്ടയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് ബേക്കൽ ബീച്ച്. നിരവിൽ വിവാഹ ഡെസ്റ്റിനേഷൻ, സിനിമാ - പരസ്യ ചിത്രീകരണങ്ങളുടെ പ്രധാന കേന്ദ്രമായും ബേക്കൽ കോട്ട മാറിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ആർക്കയോളജിക്കൽ വകുപ്പിന്റെ പരിപാലനയിലാണ് ബേക്കൽ കോട്ട.

kasaragod4
Image: Jain David M/ Manorama Online
പൊസടിഗുംബെയിൽ നിന്നുള്ള കാഴ്ച.
പൊസടിഗുംബെയിൽ നിന്നുള്ള കാഴ്ച.

∙കുന്നും മലയുമുള്ള പൊസ്സടി ഗുംബൈ

കാസർകോടിലെ ഒരു കുന്നിൻ പ്രദേശമാണ് പൊസ്സടി ഗുംബെ. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ നിന്ന് 45 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണിത്. സമുദ്രനിരപ്പിൽ നിന്ന് 1060 അടി ഉയരത്തിലാണ് കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഈ കുന്നിൻമുകളിലേക്കുള്ള ട്രെക്കിങ് മനോഹരമായ അനുഭവമാണ് സഞ്ചാരികൾക്കു നൽകുന്നത്. ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകളുടെ മനോഹരമായ ദൃശ്യം നൽകുമ്പോൾ മറുഭാഗത്ത് അറബിക്കടലും കാണാവുന്നതാണ്. മലമുകളിൽ എത്തിയാൽ മംഗലാപുരവും കുദ്രേമുഖും കാണാൻ കഴിയും.  പൈവളികെയാണ് കാസർകോടിന് അടുത്തുള്ള ഗ്രാമം.

Paakam Narasimhavatharam. Image Credit : Ashokan Rachana
Paakam Narasimhavatharam. Image Credit : Ashokan Rachana
kasargod-ranipuram-hill
റാണിപുരം ഹിൽസ്

∙സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റാണിപുരം ഹിൽസ്

കാഞ്ഞങ്ങാട് നിന്ന് 43 കിലോമീറ്റർ അകലെയാണ് കാസർകോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ റാണിപുരം ഹിൽസ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലനിരകൾ മുമ്പ് മാടത്തുമല എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നിത്യഹരിത ഷോല വനങ്ങളും കാട്ടുപൂവുകളും വിശാലമായ പുൽമേടുകളും റാണിപുരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. വനവും കുന്നുകളും ഉൾപ്പെടുന്ന നിർദ്ദിഷ്ട റാണിപുരം വന്യജീവി സങ്കേതം ഒരു ജൈവവൈവിധ്യ ഹോട്ട് സ്പോട്ടാണ്. നിരവധി വന്യജീവികളെ കാണാൻ കഴിയും. കർണാടകയിലെ കൂർഗ് മലനിരകളുമായും തലകാവേരി വന്യജീവി സങ്കേതമായും ഇത് ലയിക്കുന്നു. റാണിപുരം ട്രെക്കിങ്ങിന്റെ ആകെ ദൂരം അഞ്ച് കിലോമീറ്ററാണ്. കാഞ്ഞങ്ങാട് വഴിയും പനത്തടി വഴിയും റാണിപുരത്തേക്ക് എത്താം. വിനോദസഞ്ചാരികൾക്കായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ കോട്ടേജുകൾ ക്രമീകരിച്ചിട്ടുണ്ട്.

Madhur Ganapathi Temple. Image Credit : Ashokan Rachana
Madhur Ganapathi Temple. Image Credit : Ashokan Rachana
kasargod-chandragiri-fort
ചന്ദ്രഗിരി കോട്ട

∙ചരിത്ര സ്മാരകമായ ചന്ദ്രഗിരി കോട്ട

കാസർകോട് പട്ടണത്തിന് തെക്ക് കിഴക്കായാണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ സമീപത്തു കൂടെ ഒഴുകുന്ന ചന്ദ്രഗിരി നദി ഒരുകാലത്ത് തുളുനാടിന്റെയും കോലത്തുനാടിന്റെയും അതിർത്തി ആയിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തോടെ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേളടി നായകരുടെ സമയത്താണ് കോട്ട പണി കഴിപ്പിക്കപ്പെട്ടത്.  പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ചന്ദ്രഗിരി പ്രദേശത്തിന് ചുറ്റും നിരവധി കോട്ടകൾ പുതുക്കി പണിത് ശിവപ്പ നായക് തന്റെ സാമ്രാജ്യം സുരക്ഷിതമാക്കി. പയസ്വിനി നദി അറബിക്കടലിൽ ചേരുന്ന അഴിമുഖത്ത് കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. കോട്ടയ്ക്ക് സമീപമായി പുരാതനമായ കിഴുർ ശാസ്താ ക്ഷേത്രവും മോസ്കും സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ ആർക്കയോളജി വകുപ്പിന് കീഴിലാണ് ഇപ്പോൾ കോട്ട പരിപാലിക്കപ്പെടുന്നത്.

Image Credit : Ashokan Rachana
അനന്തപുര തടാക ക്ഷേത്രം. Image Credit : Ashokan Rachana

∙അനന്തപുര തടാക ക്ഷേത്രം

അനന്തപുര ഗ്രാമത്തിലെ തടാകത്തിന് നടുവിലാണ് അനന്തപുര തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ടതെന്ന് കരുതുന്ന പുരാതന ക്ഷേത്രമാണിത്. കേരളത്തിലെ ഏക തടാകക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മനാഭന്റെ യഥാർത്ഥ വാസസ്ഥലമാണ് ഇതെന്നാണ് വിശ്വാസം. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശയനം ആണെങ്കിൽ ഇവിടെ അതിൽ നിന്ന് വ്യത്യസ്തമായി മഹാവിഷ്ണുവിന്റെ പ്രധാന പ്രതിഷ്ഠ ഇരിക്കുന്നതായാണ് കാണപ്പെടുന്നത്. കുമ്പള - ബദിയഡ്ക റോഡിൽ നായക്കപ്പിൽ നിന്ന് തിരിഞ്ഞു വേണം ഈ ക്ഷേത്രത്തിലേക്ക് എത്താൻ.

കാസർകോട് തളങ്കര  മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയിലെ  ഉറൂസിന് തുടക്കംകുറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ പതാക  ഉയർത്തുന്നു.
കാസർകോട് തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി

∙തളങ്കരയിലെ മാലിക് ഇബിൻ ദിനാർ മോസ്ക്

ഇന്ത്യയിലേക്ക് ആദ്യമായി ഇസ്ലാംമതം കൊണ്ടു വന്നവരിൽ ഒരാളായ മാലിക് ഇബിൻ ദിനാർ പണി കഴിപ്പിച്ചതാണ് തളങ്കരയിൽ സ്ഥിതി ചെയ്യുന്ന മാലിക് ഇബിൻ ദിനാർ മോസ്ക്. വ്യാപാരത്തോടൊപ്പം മാലിക് ഇബിൻ ദിനാറും കൂട്ടാളികളും കേരളത്തിൽ ഇസ്ലാം പ്രചരിപ്പിച്ചു. അന്നത്തെ ഭരണാധികാരി ആയിരുന്ന ചേരമാൻ പെരുമാളിനെ പോലും ഇത് ആകർഷിച്ചു. കേരളത്തിൽ നിർമിച്ച ആദ്യകാല മോസ്കുകളിൽ ഒന്നാണ് ഇത്. പരമ്പരാഗതമായ കേരളീയ വാസ്തുവിദ്യ രീതിയിലാണ് ഇത് പണി കഴിപ്പിച്ചത്. തുടക്കത്തിൽ മേൽക്കൂരയുള്ള ഒരു ചെറിയ നിർമിതി ആയിരുന്നെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ വിപുലമായി പുതുക്കി പണിതിട്ടുണ്ട്.  ഇബിനു ദിനാർ എത്തിയതിനെ അനുസ്മരിക്കുന്ന ഉറൂസ് ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. 

Wayanattukulavan. Image Credit : Ashokan Rachana
Wayanattukulavan. Image Credit : Ashokan Rachana

∙പള്ളിക്കര ബീച്ച്

കേരളത്തിലെ വൃത്തിയുള്ള ബീച്ചുകളിൽ ഒന്നാണ് കാസർകോട് ജില്ലയിലെ പള്ളിക്കര ബീച്ച്. ചരിത്ര സ്മാരകമായ ബേക്കൽ കോട്ടയോട് ചേർന്നാണ് പള്ളിക്കര ബീച്ച് സ്ഥിതി ചെയ്യുന്നത്. നിരവധി സഞ്ചാരികളാണ് ഈ ബീച്ചിലേക്ക് വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനായി എത്തുന്നത്. പള്ളിക്കരെ എന്നും ഈ ബീച്ചിനെ വിളിക്കുന്നുണ്ട്. മനോഹരമായ തെങ്ങിൻ തോപ്പുകളാൽ സമ്പന്നമാണ് ഇവിടുത്തെ കടൽത്തീരം. നിരവധി മരങ്ങൾ കടൽത്തീരത്ത് ഉള്ളതിനാൽ തണലുള്ള ഇടങ്ങൾ ധാരാളമുണ്ട്. കുടുംബവുമായോ കൂട്ടുകാരുമായോ ഏത് സമയത്ത് എത്തിയാലും ആസ്വദിക്കാൻ കഴിയുന്ന ഒരു കടൽത്തീരമാണ് ഇത്. ഇങ്ങനെയൊക്കെയാണെങ്കിലും വൈകുന്നേരങ്ങളിലാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നത്.

Poliyamthuruth. Image Credit : Ashokan Rachana
Poliyamthuruth. Image Credit : Ashokan Rachana
പൊലിയം തുരുത്ത് ടൂറിസം വില്ലേജ്. Image Credit : Ashokan Rachana
പൊലിയം തുരുത്ത് ടൂറിസം വില്ലേജ്. Image Credit : Ashokan Rachana

∙പൊലിയം തുരുത്ത് ടൂറിസം വില്ലേജ്

പയസ്വിനി പുഴയുടെ ഒത്ത നടുവിലാണ് പൊലിയം തുരുത്ത്.  കേരള സഹകരണ സംഘത്തിന്റെ സഹായത്തോടെയാണ് ഇക്കോ ടൂറിസം വില്ലേജ് ആയി പൊലിയം തുരുത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായത്. തൂക്കു പാലം കടന്നാണ് പയസ്വിനി പുഴയുടെ നടുവിലുള്ള പൊലിയം തുരുത്തിലേക്ക് സഞ്ചാരികൾ എത്തുക. ആറേക്കറിലാണ് ഈ ഇക്കോ ടൂറിസം വില്ലേജ്. നാലു കോടി രൂപ വകയിരുത്തി 2022 ലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. വാച്ച് ടവർ, കോൺഫറൻസ് ഹാൾ, പച്ചക്കറി തോട്ടം, നീന്തൽ കുളം തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചെറുതും വലുതുമായ കോട്ടേജുകളും കാസർകോടൻ കലകൾ പരിചയപ്പെടുത്തുന്ന കിയോസ്കുകളും ഇവിടെയുണ്ട്. 

kasargod-railway-flyover
manjampothikunnu-1
മഞ്ഞംപൊതികുന്ന്

∙നാട്ടുകാർ പേരിട്ട മഞ്ഞംപൊതികുന്ന്

സദാസമയവും മഞ്ഞ് പൊതിഞ്ഞു നിൽക്കുന്ന കുന്നിനെ നാട്ടുകാർ മഞ്ഞംപൊതി കുന്ന് എന്ന് വിളിക്കുകയായിരുന്നു. ആത്മീയ കേന്ദ്രമായ ആനന്ദാശ്രമത്തിൽ നിന്ന് മഞ്ഞംപൊതികുന്നിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് മഹത്തരമായ അനുഭവമാണ് സമ്മാനിക്കുന്നത്. സ്വാമി രാംദാസും മാതാജി കൃഷ്ണ ഭായിയും 1931ലാണ് മഞ്ഞംപൊതികുന്നിന്റെ താഴ്​വരയിൽ ആനന്ദാശ്രമം സ്ഥാപിച്ചത്. ആശ്രമത്തിലെത്തുന്ന സഞ്ചാരികൾ മഞ്ഞംപൊതികുന്നിലെ കുളിർകാറ്റു കൂടി ആസ്വദിച്ചതിനു ശേഷമേ മടക്കയാത്ര ആരംഭിക്കുകയുള്ളൂ. അതേസമയം, മഞ്ഞംപൊതികുന്നിൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ നടന്നു വരികയാണ്.

കാസർകോട് : പ്രധാന ഹോട്ടലുകൾ

kasaragodhotels8
kasaragodhotels
kasaragodhotels2
kasaragodhotels3
kasaragodhotels4
kasaragodhotels5
kasaragodhotels6
kasaragodhotels7
English Summary:

Beyond the Beaches: Discovering the Cultural & Historical Treasures of Kasaragod.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com