പാലക്കാടൻ കാറ്റേറ്റ് ഒരു യാത്ര, കുന്തിയും ഭവാനിയും ഒഴുകും വഴി; ഇത് കഥകളുറങ്ങും നാട്

Mail This Article
മുറ്റത്തെ മുല്ലയുടെ മണം മാത്രമല്ല ഭംഗിയും പലരും അറിയുന്നില്ല, ആസ്വദിക്കുന്നുമില്ല. പല പല നാടുകൾ കണ്ടവരാണെങ്കിലും പാലക്കാടിന്റെ മനോഹരമായ കാഴ്ചകൾ പലരും കണ്ടിരിക്കില്ല. അണക്കെട്ടുകളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും യാത്ര. മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം പോലെയുള്ള സ്ഥലങ്ങൾക്കൊപ്പം തന്നെ ഗ്രാമങ്ങളിലെ കാഴ്ചകളും കാണാം. ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ അറിഞ്ഞും കാഴ്ചകൾ കണ്ടും രുചികൾ ആസ്വദിച്ചും യാത്ര പോകാം. അവർക്ക് അതു നേട്ടമാകും. നമുക്ക് നല്ലൊരു അനുഭവവും. ഏതു വഴി പോകണമെന്നു തീരുമാനിച്ചാൽ മതി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനാണ് ഇവിടുത്തെ പ്രധാന സ്റ്റേഷൻ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ ബ്രോഡ് ഗേജാണ്, ഈ രണ്ട് സ്റ്റേഷനുകൾ തമ്മിൽ 3.8 കിലോമീറ്റർ ദൂരമുണ്ട്.
മണ്ണാർക്കാട് വഴി പോകാം കുന്തിയും ഭവാനിയും ഒഴുകും വഴി
∙കാഞ്ഞിരപ്പുഴ ഡാം : എല്ലാ വശങ്ങളും പർവതനിരകളാൽ ചുറ്റപ്പെട്ട അണക്കെട്ടാണ് കാഞ്ഞിരപ്പുഴ. വെറ്റിലച്ചോല നിത്യഹരിത വനമാണു ചുറ്റും. ഉദ്യാനവും കുട്ടികളുടെ പാർക്കും പ്രധാനം. വാക്കോടൻമലയും കാണാം. പാലക്കാട്–മണ്ണാർക്കാട് ദേശീയപാതയിൽ ചിറക്കൽപടിയിൽ നിന്നു തിരിഞ്ഞുപോകണം. മണ്ണാർക്കാട് നിന്ന് 13 കിലോമീറ്റർ അകലെ.
∙തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം : നവീകരണം പൂർത്തിയാക്കിയ തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നല്ലൊരു അനുഭവമാകും. ഉല്ലാസമേഖലകൾ, ഇക്കോ ഷോപ്പ്, കുട്ടികളുടെ പാർക്ക്, മയിലാടുംപാറയിലേക്കുള്ള നടപ്പാത, ചെറുകുടിലുകൾ, ഏറുമാടങ്ങൾ എന്നിവ ഏറെ മനോഹരം. കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ–മണ്ണാർക്കാട് റൂട്ടിൽ കരിങ്കല്ലത്താണിയുടെ തൊട്ടടുത്താണ്. മണ്ണാർക്കാട് നിന്ന് 18 കിലോമീറ്റർ ദൂരം. തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവർത്തിക്കില്ല.
∙അട്ടപ്പാടി : അട്ടപ്പാടിലേക്കുള്ള ചുരം യാത്ര തന്നെ മനോഹരം. സൈലന്റ്‌വാലി ദേശീയോദ്യാനം ഏറെ പേരെ ആകർഷിക്കുന്നു. അഗളിയിൽനിന്നു 30 കിലോമീറ്റർ ശിരുവാണി റോഡിൽ യാത്ര ചെയ്താലെത്തുന്ന അപ്പർ വരടി മല, ആണ്ടക്കാട് എന്നീ സ്ഥലങ്ങൾ മലനിരകളാൽ മനോഹരമാണ്. ഒന്നിലേറെ വെള്ളച്ചാട്ടങ്ങളുമുണ്ട്. അഗളിയിൽനിന്നു 5 കിലോമീറ്റർ അകലെ കിത്താനടി വെള്ളച്ചാട്ടവും കൊല്ലങ്കടവും കാണാം. പടർന്നു കിടക്കുന്ന പാറക്കെട്ടുകളും അരുവികളാലും നിറഞ്ഞതാണ് മാറാനട്ടി.
കൊല്ലങ്കോട് വഴി പോകാം ഹൃദയം നിറയെ കാണാം
∙മുതലമട : അൽമരങ്ങളുടെ വേരുകൾ വിസ്മയമൊരുക്കുകയാണ് മുതലമട റെയിൽവേ സ്റ്റേഷനിൽ. അൻപേശിവം,പാണ്ടിപ്പട,അമൈതിപ്പട, ഹൃദയം അടക്കം മുപ്പതോളം സിനിമകളുടെ ലൊക്കേഷനാണ്. വടക്കഞ്ചേരി-പൊള്ളാച്ചി റോഡിൽ മുതലമട കാമ്പ്രത്ത്ചള്ളയിൽ നിന്നു 5.7 കിലോമീറ്റർ ദൂരമുണ്ട്

∙ചിങ്ങൻചിറ : പേരാൽ കാഴ്ചകളുടെ വിസ്മയമാണു പാലക്കാട് കൊല്ലങ്കോട് പഞ്ചായത്തിലെ ചിങ്ങൻചിറ. പക്ഷികളുടെ ആവാസ മേഖല കൂടിയാണിത്. മുതലമട റെയിൽവേ സ്റ്റേഷനിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ്. ചിങ്ങൻചിറയിൽനിന്നു 15 കിലോമീറ്റർ അകലെയുള്ള മീങ്കര ഡാമും 13 കിലോമീറ്റർ അകലെയുള്ള ചുള്ളിയാർ ഡാമും കണ്ടു മടങ്ങാം.
∙ഐതിഹ്യങ്ങളിലൂടെ പേരുകേട്ട സീതാർകുണ്ട് കാഴ്ചയിലും മനോഹരമാണ്. വെള്ളച്ചാട്ടമാണു പ്രധാനം. വേനൽ കടുത്തതിനാൽ ഇപ്പോൾ വെള്ളമില്ല. കൊല്ലങ്കോട് നിന്നും 7.5 കിലോമീറ്റർ ദൂരമുണ്ട്

∙കൊടുവായൂർ കാക്കയൂരിൽനിന്നു 2.5 കിലോമീറ്റർ അകലെ കോട്ടമല പാറക്കുന്നുകളും മരങ്ങളും കൊണ്ടു സുന്ദരമായ സ്ഥലം. കുന്നിൻമുകളിലെ കോട്ടമല അയ്യപ്പ ക്ഷേത്രം പ്രസിദ്ധമാണ്. ഹൃദയം, കുഞ്ഞിരാമായണം ഉൾപ്പെടെ സിനിമകൾ ചിത്രീകരിച്ച പല്ലാവൂരിലെ വാമലയും കുന്നിൻ ചെരിവുകളും കാനന സൗന്ദര്യവും നിറഞ്ഞതാണ്. കോട്ടമല: പാലക്കാടുനിന്ന് 20 കിലോമീറ്റർ അകലെ. വാമല: പാലക്കാടുനിന്ന് 26 കിലോമീറ്റർ അകലെ.

ഒറ്റപ്പാലം വഴി പോകാം നിളയുടെ വഴികളിലൂടെ
∙ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം : കഥകളുറങ്ങുകയാണ് മഹാകവി കുഞ്ചൻ നമ്പ്യാരുടെ ജന്മഗൃഹമായ കലക്കത്ത് ഭവനം. ആർട് ഗ്യാലറിയും ഉണ്ട് . പാലക്കാട്–ഒറ്റപ്പാലം റോഡിൽ നിന്ന് ലക്കിടിയിൽ നിന്നു തിരുവില്വാമല റോഡിൽ 2 കിലോമീറ്റർ സഞ്ചരിക്കണം
∙അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രം : പ്രകൃതി സ്നേഹികളെ മാടിവിളിക്കുകയാണ് അനങ്ങൻമല ഇക്കോടൂറിസം കേന്ദ്രം. ഒറ്റപ്പാലത്തു നിന്നു 11 കിലോമീറ്റർ.

∙മനിശ്ശേരി വരിക്കാശ്ശേരി മന : പ്രസിദ്ധമായ ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായ വരിക്കാശ്ശേരി മന ഇപ്പോൾ ഏറെ പേരെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമാണ്. ഒറ്റപ്പാലത്തു നിന്ന് 6 കിലോമീറ്റർ.
∙ ശ്രീകൃഷ്ണപുരം : ഷെഡും കുന്നിലെ ബാപ്പുജി പാർക്ക് കുട്ടികൾക്ക് ഇഷ്ടമാകും. ചെർപ്പുളശ്ശേരിയിൽ നിന്നു 13 കിലോമീറ്റർ അകലെയാണ്.
∙നരിമട : കുന്തിപ്പുഴ ഒഴുകുന്ന നരിമടയിൽ ഗുഹകളും പ്രത്യേകതയുള്ള വലിയ കല്ലുകളും കാഴ്ചകളാണ്.ആനക്കല്ല് എന്ന വലിയ കല്ല് കാണാൻ സന്ദർശകർ എത്താറുണ്ട്. ആനക്കൽ ഭഗവതി ക്ഷേത്രവും പ്രസിദ്ധമാണ്. ചെർപ്പുളശ്ശേരിയിൽനിന്നു 12 കിലോമീറ്ററോളം അകലെയാണു നരിമട.
ചിറ്റൂർ വഴി പോകാം, ചരിത്രവും ഐതിഹ്യവും ചേർന്ന ചിറ്റൂർ
∙ തുഞ്ചൻമഠം : ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെ തെക്കേഗ്രാമത്തിൽ ശോകനാശിനി എന്നറിയപ്പെടുന്ന ചിറ്റൂർ പുഴയുടെ തീരത്തായി മലയാള ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അന്ത്യവിശ്രമ സ്ഥലമുണ്ട്. അദ്ദേഹത്തിന്റെ മെതിയടി, താളിയോല ഗ്രന്ഥങ്ങൾ, എഴുത്താണി എന്നിവ സൂക്ഷിച്ചു വച്ചതു കാണാം. ഗുരുമഠത്തിൽ നിന്നും മീറ്റർ താഴേക്ക് ഇറങ്ങിയാൽ ജപപ്പാറയും കാണാം.
അതിർത്തിയിലെ പതിമല
ചിറ്റൂരിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ പോയാൽ വേലന്താവളത്തിനു സമീപം തമിഴ്നാട് അതിർത്തിയിലായി പതിമലയിലെത്താം. ശിലായുഗ കാലഘട്ടത്തിലെ മനുഷ്യർ ഉപയോഗിച്ചിരുന്ന ഗുഹകളും ഗുഹാചിത്രങ്ങളും ഇവിടത്തെ കാഴ്ചയാണ്. അവിടെനിന്നു കൊഴിഞ്ഞാമ്പാറ വഴി ഏകദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ ആറാം മൈലിനു സമീപം ഒരു ചെറിയ കുന്നുകാണാം. അതാണു കുന്നംപിടാരി മല. നാട്ടുരാജാക്കന്മാർ രാജ്യങ്ങളിൽ നിന്നുള്ള നീക്കങ്ങൾ നിരീക്ഷിക്കാൻ വാച്ച് ടവറായി ഉപയോഗിച്ചിരുന്നത് ഈ കുന്നാണെന്നും പറയപ്പെടുന്നു. അവിടെനിന്നു ഗോപാലപുരം വഴി മീനാക്ഷിപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ നവീകരിച്ച കമ്പാലത്തറ റെഗുലേറ്ററും കാണാം. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ ഉടനീളം ഇരുവശങ്ങളിലും വലിയ തെങ്ങിൻതോളും തെങ്ങുകൾക്കു മുകളിലായി കള്ളു പനകളും കാണാം. അതിരാവിലെയും ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ഇവിടെയെത്തിയാൽ സാഹസികമായി കള്ളു ചെത്തുന്ന കാഴ്ചകളുമുണ്ട്. കമ്പാലത്തറ ഏരിയുടെ 2 കിലോമീറ്റർ അകലയാണ് വെങ്കലക്കയം ഏരിയും വെങ്കലക്കയം ഡാമും സ്ഥിതി ചെയ്യുന്നത്.
∙വടകരപ്പതി, ഒഴലപ്പതി, എരുത്തേമ്പതി മേഖലകൾ പച്ചക്കറിക്കൃഷിയുടെ പ്രധാനകേന്ദ്രങ്ങളാണ്.
.മലമ്പുഴ ‘ഓടിച്ചു കാണാം ’
മലമ്പുഴയെ വേറിട്ട രീതിയിൽ ആസ്വദിക്കാം. മലമ്പുഴ ഉദ്യാനം, ഫിഷറീസ് വകുപ്പിന്റെ അക്വേറിയം, വനംവകുപ്പിന്റെ പാമ്പ് വളർത്തൽകേന്ദ്രം, റോക്ക് ഗാർഡൻ എന്നിവ കണ്ട് അകമലവാരം റിങ് റോഡിലൂടെ കവയിലേക്കുള്ള യാത്ര മനോഹരമാകും. ഒരു വശത്തു മലമ്പുഴ ഡാമും മറുവശത്ത് വനവും ആണ്. അകമലവാരത്ത് എത്തിയാൽ മനോഹരമായ ഒന്നാംപുഴയും മയിലാടിപ്പുഴയും കാണാം. വേലാംകപൊറ്റയിലെ കള്യാറ വെള്ളച്ചാട്ടവും മനോഹരമാണ്. അമ്യൂസ്മെന്റ് പാർക്കായ ഫാന്റസി പാർക്കും റോപ് വേയും ഉണ്ട്. മലമ്പുഴ
ഉദ്യാനത്തിനകത്ത് കെടിഡിസിയുടെ ബോട്ടിങ് സൗകര്യമുണ്ട്. തെക്കേ മലമ്പുഴ വഴി പോയാലും ഡാമിന്റെ വശത്തിലൂടെയുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.
വെള്ളിയാങ്കല്ലിലെ കാഴ്ചകൾ
തൃത്താല വെള്ളിയാങ്കല്ല് :
ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമായ വെള്ളിയാങ്കല്ല് ജലസംഭരണിയുടെയും നിളയുടെയും സൗന്ദര്യം ആസ്വദിക്കാനും പുഴയുടെ തീരത്ത് സായാഹ്നം ആസ്വദിക്കാനും ഏറെ പേരെത്തുന്നു. വെള്ളിയാങ്കല്ല് പാലത്തിനു സമീപത്തെ ഡിടിപിസിയുടെ പൈതൃക പാർക്കുണ്ട്. വെള്ളിയാംകല്ലിൽ വിവിധ രുചികൾ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്. തൃത്താല സെന്ററിൽ നിന്ന് ഒന്നര കിലോമീറ്റർ (പട്ടാമ്പിയിൽ നിന്ന് 10 കിലോമീറ്റർ ദൂരം )
തൊട്ടടുത്ത് തൊടുകാപ്പ്
തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം: നവീകരണം പൂർത്തിയാക്കിയ തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രം നല്ലൊരു അനുഭവമാകും. ഉല്ലാസമേഖലകൾ, ഇക്കോ ഷോപ്പ്, കുട്ടികളുടെ പാർക്ക്, മയിലാടുംപാറയിലേക്കുള്ള നടപ്പാത, ചെറുകുടിലുകൾ, ഏറുമാടങ്ങൾ എന്നിവ ഏറെ മനോഹരം. പെരിന്തൽമണ്ണ – മണ്ണാർക്കാട് റൂട്ടിൽ കരിങ്കല്ലത്താണിയുടെ തൊട്ടടുത്താണ്. മണ്ണാർക്കാട്ടു നിന്ന് 18 കിലോമീറ്റർ ദൂരം. തിങ്കളാഴ്ച തുറക്കില്ല.