30000 വർഷമെങ്കിലും പഴക്കം, 'ലാപിഡോ കുട്ടി' സങ്കര മനുഷ്യനോ? ഇന്നും വെളിപ്പെടാത്ത രഹസ്യം

Mail This Article
പോർച്ചുഗലിൽ 2 പതിറ്റാണ്ട് മുൻപ് കണ്ടെത്തിയ ലാപിഡോ കിഡ് എന്ന ഫോസിലിന്റെ പഴക്കം ഗവേഷകർ നിർണയിച്ചു. 30000 വർഷമെങ്കിലും പഴക്കമുള്ള ഫോസിലാണു ലാപിഡോ കിഡ്. എന്നാൽ വളരെ നിർണായകമായ ഒരു ചോദ്യവും ഈ ഫോസിൽ ഉയർത്തുന്നുണ്ട്. ലാപിഡോ കിഡ് ശരിക്കും ആധുനിക മനുഷ്യനും ആദിമ നരവംശമായ നിയാണ്ടർത്താലുമായുള്ള ഒരു സങ്കരസന്തതിയാണോ എന്നതാണ് ഈ ചോദ്യം. ഉത്തരം ശരിയെന്നാണെങ്കിൽ വളരെ അപൂർവതകളുള്ള ഒരു ഫോസിലായിരിക്കും ഇത്.
1998ൽ ആണ് ലാപിഡോ കിഡ് ഫോസിൽ കണ്ടെത്തിയത്. പോർച്ചുഗലിലെ ഒരു പാറക്കെട്ടിലായിരുന്നു ഇതു കണ്ടെത്തിയത്. ആധുനിക മനുഷ്യരുടെയും നിയാണ്ടർത്താലുകളുടെയും സവിശേഷതകൾ ഉള്ളതിനാലാണ് ഇതൊരു സങ്കര മനുഷ്യനാണെന്ന വാദം ഉയർന്നത്. എന്നാൽ മറ്റൊരു കാര്യം ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
നിയാണ്ടർത്താലുകൾ പൂർണമായും വംശമറ്റിരുന്നു
ലാപിഡോ കിഡ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ നിയാണ്ടർത്താലുകൾ പൂർണമായും വംശമറ്റിരുന്നു. എന്നിട്ടും ലാപിഡോ കിഡിൽ നിയാണ്ടർത്താൽ സവിശേഷതകളുണ്ടെങ്കിൽ അക്കാലയളവിൽ മനുഷ്യരിൽ നിയാണ്ടർത്താൽ ജീനുകൾ പ്രകടമായ സ്വാധീനം ചെലുത്തിയെന്ന് അനുമാനിക്കാം. ഈ സ്വാധീനം പിന്നീട് പോയ്മറഞ്ഞിരിക്കാം.

ലാപിഡോ കിഡിന്റെ ഫോസിൽപഴക്കം കൃത്യമായി നിർണയിക്കാൻ മുൻപ് 4 തവണയെങ്കിലും ശാസ്ത്രജ്ഞർ ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ആ ലക്ഷ്യം സാധിച്ചത്. ലാപിഡോ കിഡിന്റെ ജനിതക രഹസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ പഠനങ്ങൾ നൽകുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
ആധുനിക മനുഷ്യർക്കു(ഹോമോ സാപിയൻസ്) മുൻപേ നിയാണ്ടർത്താലുകൾ തീ കൊളുത്താൻ പഠിച്ചിരുന്നെന്ന് ഗവേഷകർ അടുത്തിടെ കണ്ടെത്തിയിരുന്നു. ഐബീരിയയിലെ ഗ്രൂട്ട ഡാ ഒളിവീറ ഗുഹയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകൾ അവശേഷിപ്പിച്ച വസ്തുക്കൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. കരിഞ്ഞ മൃഗ എല്ലുകളും കല്ലുപകരണങ്ങളും ചാരവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 70000 മുതൽ ഒരു ലക്ഷം വർഷങ്ങൾക്കു മുൻപ് വരെയാണ് ഈ ഗുഹയിൽ നിയാണ്ടർത്താലുകൾ ജീവിച്ചിരുന്നത്.
നിയാണ്ടർത്താലുകൾക്ക് മുൻപുള്ള ആദിമനരവംശങ്ങളും തീ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് അവർ സൃഷ്ടിച്ചതായിരുന്നില്ല. കാട്ടുതീകളിൽ നിന്നും മറ്റും പകർത്തിയതാണ്.എന്നാൽ നിയാണ്ടർത്താലുകൾ തീ കത്തിച്ചു. ഒരു പക്ഷേ ആധുനിക മനുഷ്യവംശത്തിനും മുൻപേ. നിയാണ്ടർത്താലുകളുടെ ബുദ്ധിശക്തി അടയാളപ്പെടുത്തുന്ന സംഗതിയാണിതെന്ന് ഗവേഷകർ പറയുന്നു.

തീരെ ബുദ്ധിയില്ലാത്ത, ആൾക്കുരങ്ങുകളെപ്പോലെ പെരുമാറുന്ന മനുഷ്യവംശമെന്നാണ് പലരും നിയാണ്ടർത്താലുകളെ കരുതിയിരിക്കുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധനം നടത്താനും കക്കകളെയും ഞണ്ടുകളെയും പോലുള്ള കട്ടിപ്പുറന്തോടുള്ള ജീവികളെ കൊന്നുഭക്ഷിക്കാനും അറിയാവുന്ന അവർ മനുഷ്യരെപ്പോലെ തന്നെ ബുദ്ധിയുള്ളവരായിരിക്കാം എന്ന ധാരണയിലേക്ക് ശാസ്ത്രലോകം എത്തുകയാണ്.
സിംഹങ്ങളുടെ കുടുംബത്തിൽപെട്ട പ്രാചീനകാല ജീവികൾ
നിയാണ്ടർത്താലുകൾ അതീവ അപകടകാരികളായ കേവ് സിംഹങ്ങളെ വേട്ടയാടിയിരുന്നെന്ന് അടുത്തിടെ മറ്റൊരു പഠനം പുറത്തിറങ്ങിയിരുന്നു. ജർമനിയിലെ ഹർസ് മലനിരകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.ഇന്നത്തെ കാലത്തെ സിംഹങ്ങളുടെ കുടുംബത്തിൽപെട്ട പ്രാചീനകാല ജീവികളാണ് കേവ് ലയണുകൾ അഥവാ കേവ് സിംഹങ്ങൾ.1.3 മീറ്റർ വരെ പൊക്കമുണ്ടായിരുന്ന ഇവ യൂറേഷ്യയുടെ വടക്കൻ മേഖലകളിലും വടക്കേ അമേരിക്കയിലും ധാരാളമായി ഉണ്ടായിരുന്നു.
ആധുനിക മനുഷ്യവർഗം കഴിഞ്ഞാൽ, ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്. യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള ഭൂഭാഗത്തായിരുന്നു ഇവരുടെ അധിവാസമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.ജർമനിയിലെ നിയാണ്ടർ നദീ താഴ്‌വാരത്തു നിന്നാണ് ആദ്യമായി ഇവരുടെ ഫോസിലുകൾ കിട്ടിയത്. ഇങ്ങനെയാണു നിയാണ്ടർത്താൽ എന്ന പേര് ഈ മനുഷ്യവിഭാഗത്തിനു ലഭിച്ചത്.
ഭൂമിയിൽ നിന്നു മൺമറഞ്ഞുപോയ മനുഷ്യവംശമായ നിയാണ്ടർത്താലുകളുടെ അവസാന താവളമായിരുന്ന ഗുഹയറ ഇടക്കാലത്തു ഗവേഷകർ കണ്ടെത്തിയിരുന്നു.
മെഡിറ്ററേനിയൻ കടലിലുള്ള സ്പെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹയാണിത്. 40000 വർഷങ്ങളായി ഈ അറ അടഞ്ഞുകിടക്കുകയായിരുന്നു. പ്രശസ്തമായ ജിബ്രാൾട്ടർ പാറയിലെ നാലു ഗുഹകളിൽ ഒന്നാണു വാൻഗാഡ്. 9 വർഷം നീണ്ടുനിന്ന ഗവേഷത്തിനൊടുക്കമാണു കണ്ടെത്തൽ നടത്തിയത്.നിയാണ്ടർത്താലുകൾ കൂട്ടമായി ജീവിച്ചിരുന്ന ആദിമ ഇടമാണു ജിബ്രാൾട്ടറെന്നു ശാസ്ത്രജ്ഞർക്കു നേരത്തെ അറിയാവുന്ന കാര്യമാണ്.