ADVERTISEMENT

വിവാഹശേഷം ഭർത്താവിനൊപ്പം ഭർതൃഗൃഹത്തിലേയ്ക്ക് പോകുന്ന വധു കണ്ണീരൊഴുക്കുന്നത് നമ്മുടെ നാട്ടിൽ പുതിയ കാഴ്ചയല്ല. കുടുംബാംഗങ്ങളെ വിട്ട് പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ വിഷമവും മറ്റൊരു വീട്ടിലെ അംഗമാകുന്നതിന്റെ ആശങ്കകളുമൊക്കെയാണ് ഈ കരച്ചിലിലൂടെ പ്രകടമാകുന്നത്. എന്നാൽ പെൺകുട്ടികൾ ഇങ്ങനെ കരയാതിരുന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? നമ്മുടെ നാട്ടിൽ അതൊരു വിഷയമേയല്ലെങ്കിലും ചൈനയിലെ ഒരു വിഭാഗം ജനങ്ങൾ ഇങ്ങനെ കരയാത്ത പെൺകുട്ടികളെ അവജ്ഞയോടെ മാത്രമാണ് കാണുന്നത്. കാരണം തുജിയ എന്ന ഗോത്ര വിഭാഗത്തിൽ വിവാഹത്തിന് മുന്നോടിയായുള്ള വധുവിന്റെ കരച്ചിൽ വികാരപ്രകടനമല്ല മറിച്ച് ഒരു ആചാരമാണ്.

ചൈനയുടെ തെക്കു പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിഷ്വാൻ പ്രവിശ്യയിലാണ് തുജിയ ഗോത്ര വിഭാഗക്കാർ ഉള്ളത്. വിവാഹസമയത്ത് സ്ത്രീകൾ കരയണം എന്നത് ഇവർക്കിടയിൽ ഒരു നിർബന്ധിത ആചാരമാണ്. അതും വെറുതെ ഒറ്റതവണ കരഞ്ഞാൽ മാത്രം പോരാ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ചടങ്ങായി തന്നെ കരച്ചിൽ പരിപാടി നടക്കും. പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ചതെന്ന് കരുതപ്പെടുന്ന ഈ ആചാരം കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോളവും കാര്യമായിത്തന്നെ ഇവർ പിന്തുടർന്നിരുന്നു. കാലക്രമേണ അൽപം മാറ്റങ്ങൾ വന്നെങ്കിലും ഇന്നും പൂർണമായും ഈ ആചാരം നിന്നു പോയിട്ടില്ല.

ചരിത്രാന്വേഷകർ പറയുന്നതനുസരിച്ച് ബിസി 475 നും ബിസി 221 നും ഇടയിൽ സാവോ സംസ്ഥാനത്തെ രാജകുമാരി മറ്റൊരു നാട്ടിലേയ്ക്ക് വിവാഹിതയായി പോയപ്പോൾ മുതലാണ് ആചാരം ആരംഭിച്ചത്. മകൾ പോകുന്നതിന്റെ വിഷമത്തിൽ രാജ്ഞിയും കുടുംബത്തെ പിരിയുന്നത് സഹിക്കാനാവാതെ രാജകുമാരിയും ഏറെ നേരം ഹൃദയവേദനയോടെ പൊട്ടിക്കരഞ്ഞിരുന്നു. വിവാഹ സമയത്ത് ഇങ്ങനെ ചെയ്യണമെന്നത് നിർബന്ധമാണെന്ന് കരുതി പലരും ഇത് പിന്തുടരുകയും അങ്ങനെ ആചാരമായി തീരുകയും ചെയ്തു.

കാലം മാറിയതോടെ വിവാഹത്തിനു മാസങ്ങൾക്കു മുൻപു തന്നെ എങ്ങനെ കരയണം എന്നത് വധുവിന് ബന്ധുക്കൾ ചേർന്ന് പറഞ്ഞു കൊടുക്കുന്ന സമ്പ്രദായം വരെ ഉണ്ടായി. കരച്ചിലോടു കൂടിയ ഒരു വിവാഹ ഗാനം പോലും പിൽക്കാലത്ത് ഉടലെടുത്തു. സാധാരണയായി വിവാഹത്തിനു മൂന്നോ ഏഴോ ദിവസം മുമ്പാണ് കരച്ചിൽ ആചാരം ആരംഭിക്കുന്നത്. എന്നാൽ ചിലരാവട്ടെ മൂന്നുമാസം മുൻപ് മുതൽ തന്നെ ചടങ്ങ് ആരംഭിച്ചു വയ്ക്കാറുണ്ട്. വിവാഹത്തിനു മുന്നോടിയായി സുഹൃത്തുക്കളും ബന്ധുക്കളും വധുവിനു സമ്മാനങ്ങളുമായി എത്തുമ്പോൾ ഇവരോടുള്ള നന്ദി സൂചകമായി വധു കരയുന്നു. വിവാഹത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കരച്ചിലാചാരം അതിന്റെ ഏറ്റവും മൂര്‍ധന്യത്തിലെത്തും. വിവാഹ വേദിയിൽ എത്തുന്നത് വരെ തുടർച്ചയായുള്ള കരച്ചിലാണ് പിന്നീടുള്ളത്

ഗോത്രവർഗത്തിലെ ‘തന്നെ യി’ എന്ന വിഭാഗക്കാർക്കിടയിൽ വധുവിന് ഉപദേശവും ആശംസകളുമൊക്കെ നൽകിക്കൊണ്ട് അമ്മ കരയുന്നതും ഇതിന് നന്ദി സൂചകമായി വധു അമ്മയ്ക്കൊപ്പം കരയുന്നതുമാണ് ഒരു ചടങ്ങ്. ഇതിനുപുറമേ തന്റെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വധു കരയുന്ന മറ്റൊരു ചടങ്ങുമുണ്ട്. കരച്ചിലിനൊപ്പമുള്ള പാട്ടിൽ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമുള്ള നന്ദിയും സഹോദര സ്നേഹവും കഴിഞ്ഞ നല്ല നാളുകളെ കുറിച്ചുള്ള ഓർമകളും വരാനിരിക്കുന്ന വിവാഹ ജീവിതത്തെ കുറിച്ചുള്ള ആശങ്കകളും എല്ലാം നിറഞ്ഞു നിൽക്കും.

മുൻകാലങ്ങളിൽ കരച്ചിലിനിടയിൽ വിവാഹാലോചനയ്ക്ക് നേതൃത്വം നൽകിയവരെ കുറ്റം പറയുന്ന രീതിയും നിലനിന്നിരുന്നു. അക്കാലത്ത് വിവാഹ കാര്യങ്ങളിൽ വധുവിന് യാതൊരു തീരുമാനവും എടുക്കാൻ സാധിക്കുമായിരുന്നില്ല. പലപ്പോഴും ഇഷ്ടപ്പെടാത്ത വിവാഹബന്ധങ്ങൾക്ക് വധു വഴങ്ങി കൊടുക്കേണ്ട സാഹചര്യങ്ങളും നിലനിന്നിരുന്നു. ഈ ഇഷ്ടക്കേടുകളും അതൃപ്തിയുമെല്ലാം യുവതികള്‍ കരച്ചിൽപ്പാട്ട് രൂപത്തിൽ പ്രകടിപ്പിച്ചു.

ഗോത്രത്തിലെ മുതിർന്നവരുടെ അഭിപ്രായത്തിൽ വിവാഹത്തിലുടനീളം എല്ലാ വധുക്കളും കരയേണ്ടതുണ്ട്. വധുവിന്റെ കണ്ണീർ കുടുംബത്തിനോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമാണെന്നും മുന്നോട്ടുള്ള വിവാഹ ജീവിതത്തിൽ ഇതിലൂടെ സന്തോഷം നിറയുമെന്നുമാണ് ഇവരുടെ വിശ്വാസം. കരച്ചിലാചാരം പിന്തുടർന്നില്ലെങ്കിൽ അയൽക്കാർ വധുവിനെ വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടിയായി കണക്കാക്കുകയും കാലങ്ങളോളം പരിഹാസപാത്രമാവുകയും ചെയ്യും. ഇതു ഭയന്ന് വിവാഹത്തിനിടെ കരയാത്ത പെൺകുട്ടികളെ അമ്മമാർ തല്ലിയ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.

English Summary:

The Weeping Bride: A Unique Wedding Tradition in China

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com