ADVERTISEMENT

കൊച്ചി∙ സ്പാനിഷ് കോച്ച് ദവീദ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. മികായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ് കരാറുണ്ടാക്കിയിരിക്കുന്നത്. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ പന്തു തട്ടിയിട്ടുള്ള കറ്റാല, സെൻട്രൽ ഡിഫൻഡറായാണു കളിച്ചിരുന്നത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത് വലിയ ആദരമാണെന്നു ദവീദ് കറ്റാല പ്രതികരിച്ചു. ‘‘ഈ ക്ലബ്ബ് വിജയം അർഹിക്കുന്നുണ്ട്. നമുക്ക് ആ ലക്ഷ്യത്തിലേക്കെത്താൻ ഒരുമിച്ചു മുന്നോട്ടുപോകാം. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. ഫുട്‌ബോളിന്റെ ആവേശം ഓരോ ശ്വാസത്തിലുമുള്ള നാടാണിത്. ക്ലബിന്റെ സമാനതകളില്ലാത്ത അഭിനിവേശവും മറ്റാര്‍ക്കുമില്ലാത്ത ബൃഹത്തായ ആരാധകവൃന്ദവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരങ്ങളേയും അതിമനോഹരമാക്കുന്നു. വിജയങ്ങളിലേക്കുള്ള ക്ലബിന്റെ യാത്രയില്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് മുന്നേറും.’’– ദവീദ് കറ്റാല പറഞ്ഞു.

‘‘നിശ്ചയദാര്‍ഢ്യവും, സമ്മര്‍ദ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ സാധിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെപ്പോലുള്ള ഒരു ക്ലബിനെ മുന്നില്‍ നിന്ന് നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ദവീദ് കറ്റാലയ്ക്ക് അത് സാധ്യമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ക്ലബിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കുവാന്‍ അദ്ദേഹത്തിനാകും.’’- കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു.

English Summary:

Kerala Blasters FC Appoints David Catala as Head Coach

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com