‘ഇടംകൈ കൊണ്ട് ലെഗ് സ്പിൻ എറിഞ്ഞാൽ ഉഷാറായിരിക്കുമെന്ന് പറഞ്ഞു’: വിഘ്നേഷ് പുത്തൂരിന്റെ ആ വഴികാട്ടി ഇന്ന് ഉസ്താദ് - വിഡിയോ

Mail This Article
കോട്ടക്കൽ∙ ‘എന്റെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായ വ്യക്തി’ – ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന യുവതാരങ്ങളിൽ ഒരാളായ വിഘ്നേഷ് പുത്തൂർ എന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശി, അന്ന് തന്റെ പ്രദേശവാസിയായിരുന്ന ഷരീഫ് എന്നയാളെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിൽ സിലക്ഷൻ ലഭിച്ചതിനു പിന്നാലെ മനോരമ ഓൺലൈൻ വിഘ്നേഷിനെ ബന്ധപ്പെട്ടപ്പോഴാണ്, ഷരീഫ് എന്ന വ്യക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. നാട്ടിൽ ക്രിക്കറ്റ് കളിച്ചുനടക്കുന്ന കാലത്ത് തന്റെയുള്ളിലെ ‘സ്പാർക്’ തിരിച്ചറിഞ്ഞ് പെരിന്തൽമണ്ണയിലെ സി.ജി. വിജയകുമാർ എന്ന പരിശീലകന്റെ അടുത്തെത്തിച്ചത് ഷരീഫാണെന്ന് വിഘ്നേഷ് സാക്ഷ്യപ്പെടുത്തിയിരുന്നു.
വിഘ്നേഷ് പുത്തൂർ എന്ന യുവതാരം ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ചാവിഷയമായതിനു പിന്നാലെ മനോരമ ന്യൂസ് സംഘം ഷരീഫിനെ തേടിച്ചെല്ലുമ്പോൾ, അദ്ദേഹം ഷരീഫ് മുസ്‌ലിയാരാണ്. കോട്ടക്കലിനു സമീപം കുഴിപ്രയിൽ ഒരു പള്ളിയിലെ ഉസ്താദ്. മലപ്പുറം ജില്ലയ്ക്കായി അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കളിച്ചിട്ടുള്ള അദ്ദേഹത്തിന്, വിഘ്നേഷ് പുത്തൂരിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവ്. ആദ്യകാലത്ത് നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുമ്പോൾ അവിടെ കളിക്കാൻ വന്നിരുന്ന പയ്യനെ പ്രഫഷനൽ ക്രിക്കറ്റിന്റെ വഴിയിലേക്ക് നയിച്ചതിനെക്കുറിച്ച് പറയുമ്പോഴും, തുടക്കത്തിൽ ചെറിയൊരു തള്ളു കൊടുക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ആവർത്തിക്കുന്നുണ്ട് അദ്ദേഹം.
റമസാനുമായി ബന്ധപ്പെട്ട പ്രാർഥനകളിൽ ആയതിനാൽ വിഘ്നേഷിന്റെ ആദ്യ കളി ടിവിയിൽ കാണാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ലഹരിയായിരുന്ന ക്രിക്കറ്റിന്റെ വഴിയിൽനിന്ന് മാറിയാണ് പിന്നീട് മതപഠനത്തിനായി പോകുന്നത്. പക്ഷേ, ഇപ്പോഴും ക്രിക്കറ്റ് പൂർണമായി ഉപേക്ഷിച്ചിട്ടില്ല. നാട്ടിൽത്തന്നെയുള്ള കെസിസി കുന്നപ്പിള്ളി എന്ന ടീമിനായി അദ്ദേഹം കളി തുടരുന്നു. ഷരീഫിന്റെ വാക്കുകളിലൂടെ...
∙ ‘വെറുതെ’ കളിക്കാൻ വന്ന വിഘ്നേഷ്
‘‘10–13 വർഷം മുൻപ് നാട്ടിൽ ക്രിക്കറ്റ് കളിച്ചിരുന്ന ആളാണ് ഞാൻ. അന്ന് ക്രിക്കറ്റിനെ ഗൗരവത്തോടെ കണ്ടാണ് കളിച്ചിരുന്നത്. അന്ന് ഞാൻ പെരിന്തൽമണ്ണയിൽ വിജയൻ സാറിന്റെ ക്യാംപിൽ സ്ഥിരമായി പോയിരുന്നു. ക്രിക്കറ്റിനെ ഗൗരവത്തോടെ കണ്ട് കളി പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് നാട്ടിൽ സുഹൃത്തുക്കളുടെയും കുട്ടികളുടെയും ഒപ്പം ക്രിക്കറ്റ് കളിച്ചിരുന്നു. അന്ന് ഞങ്ങൾക്കൊപ്പം കളിക്കാൻ വന്നിരുന്ന കുട്ടികളിൽ ഒരാളാണ് വിഘ്നേഷ്. ഞങ്ങളൊക്കെ ക്യാംപിൽനിന്ന് പഠിച്ചെടുക്കാൻ ശ്രമിച്ചിരുന്ന കാര്യങ്ങൾ, വിഘ്നേഷിന് സ്വാഭാവികമായി കിട്ടിയിട്ടുണ്ടായിരുന്നു. അതായത് ഞങ്ങളൊക്കെ സാങ്കേതികമായി പഠിച്ചെടുക്കാൻ ശ്രമിക്കുന്നതെല്ലാം ഒരിടത്തും പഠിക്കാതെ തന്നെ വിഘ്നേഷിന് ചെയ്യാൻ സാധിക്കും.’

‘‘അവിടെ വച്ച് ഞങ്ങൾ പരിചയപ്പെട്ടു, സുഹൃത്തുക്കളായി. കണ്ണൻ എന്നാണ് അവനെ വിളിച്ചിരുന്നത്. അവന്റെ വീടിന്റെ തൊട്ടടുത്ത് ഒരു ചെറിയ റോഡുണ്ട്. അവിടെയാണ് ഞങ്ങൾ ഒരുമിച്ച് കളിച്ചിരുന്നത്. എനിക്ക് അന്ന് ക്രിക്കറ്റ് കിറ്റുണ്ട്. ഞാൻ അതുമായിട്ടാണ് പോവുക. പാഡൊക്കെ അണിഞ്ഞ് ഞങ്ങള് സ്റ്റിച്ച് ബോളിൽ വെറുതെ തട്ടിക്കളിക്കും. ആ സമയത്ത് വിജയൻ സാറിന്റെ ക്യാംപിൽ പോകുമ്പോൾ വിഘ്നേഷിന്റെ കാര്യം ഞാൻ സൂചിപ്പിച്ചു. നല്ല കഴിവുള്ള ഒരു പയ്യനാണ്. വീട്ടിലൊക്കെ സംസാരിച്ചാൽ ചിലപ്പോൾ ക്യാംപിൽ വരാനും ക്രിക്കറ്റ് പരിശീലിക്കാനുമൊക്കെ അനുവദിച്ചേക്കുമെന്നും പറഞ്ഞു. അങ്ങനെ അവന്റെ അച്ഛനോട് ഉൾപ്പെടെ സംസാരിച്ചാണ് ക്യാംപിലേക്ക് കൊണ്ടുവരുന്നത്.’
∙ ചൈനാമാൻ ബോളറിലേക്ക്...
‘‘ആദ്യമൊക്കെ മീഡിയം പേസ് പോലെ സാധാരണ ബോൾ ചെയ്യുന്നതായിരുന്നു വിഘ്നേഷിന്റെ ശൈലി. അന്ന് എനിക്ക് ലെഗ് സ്പിന്നായിരുന്നു ഇഷ്ടം. പക്ഷേ, എനിക്ക് ലെഗ് സ്പിൻ എറിയാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ഞാൻ ഓഫ് സ്പിന്നറായി. വിഘ്നേഷിനെ പരിചയപ്പെട്ടപ്പോൾ, ഇടംകൈ കൊണ്ട് ലെഗ് സ്പിൻ എറിയുന്ന അധികം പേരിലില്ലെന്ന് ഞാൻ പറഞ്ഞു. അന്ന് ഇവരെ ‘ചൈനാമാൻ’ ബോളറെന്നാണ് വിളിക്കുന്നതെന്ന അറിവൊന്നുമില്ല. ഇടംകൈ കൊണ്ട് ലെഗ് സ്പിൻ എറിഞ്ഞാൽ ഒരു വ്യത്യസ്തത ഉണ്ടാകുമെന്ന് അവനോട് പറഞ്ഞു.’
‘‘അന്ന് ഓസ്ട്രേലിയയിലാണെന്നു തോന്നുന്നു, ഹോഗ് എന്നൊരു ബോളറുണ്ടായിരുന്നു. അദ്ദേഹം മാത്രമാണ് ഇടംകൈ കൊണ്ട് ലെഗ് സ്പിൻ പോലെ എറിഞ്ഞിരുന്നത്. അക്കാര്യം ഞാൻ അവനു പറഞ്ഞുകൊടുത്ത്. ഞാൻ പറഞ്ഞുകൊടുത്തതിനേക്കാൾ മനോഹരമായി അവനതു ചെയ്തു എന്നതാണ് വാസ്തവം. പിന്നീട് ക്യാംപിൽ വന്നപ്പോൾ സാർ അത് ഒന്നുകൂടി തേച്ചുമിനുക്കി ഉഷാറാക്കി. അവന്റെ കാര്യത്തിൽ ഞാൻ ഇടപെട്ട മേഖല അതു മാത്രമാണ്. അല്ലാതെ ഞാൻ അവനെ കോച്ച് ചെയ്ത് പിന്നാലെ നടന്ന് വളർത്തിയെടുത്തിട്ടൊന്നുമില്ല. ഇടംകൈ കൊണ്ട് ലെഗ് സ്പിൻ എറിയുന്നവരെ ഞാൻ അധികം കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അത് അവനിൽ പ്രയോഗിച്ചാൽ ഉഷാറായിരിക്കും എന്നു തോന്നി.
‘‘അന്ന് അവനെ ഞാൻ പാടത്തും മറ്റും കളിക്കുന്ന കൂട്ടുകാരുടെ അടുത്തേക്ക് കൊണ്ടുപോയില്ല. അവന്റെ മികവിൽ വിശ്വാസം തോന്നിയതുകൊണ്ട് നേരെ ക്യാംപിലേക്കാണ് കൊണ്ടുപോയത്. അന്ന് ഞങ്ങൾ അവിടെ ടെന്നിസ് ബോളിൽ കളിച്ചിരുന്നു. അവിടേക്കൊന്നും അവനെ കൊണ്ടുപോയില്ല.’
∙ ‘വിഘ്നേഷിൽ അന്നേ ഒരു ക്രിക്കറ്റ് താരമുണ്ടായിരുന്നു’
‘‘ക്രിക്കറ്റ് പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്, വിഘ്നേഷിൽ ഒരു സ്വാഭാവിക ക്രിക്കറ്ററുണ്ടെന്ന് ഉറപ്പായും തോന്നുമായിരുന്നു. ഇത് ഞാൻ വെറുമൊരു പൊലിവിനു വേണ്ടി പറയുന്നതല്ല. ആ സ്വാഭാവിക ഗെയിം ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാൻ ആദ്യം തന്നെ സാറിനോട് പോയി സംസാരിച്ചത്. പിന്നീട് അവനോടും ക്യാംപിന്റെ കാര്യമൊക്കെ പറഞ്ഞാണ് ആ വഴിക്കു കൊണ്ടുപോകുന്നത്. സത്യത്തിൽ ഞാൻ തുടക്കത്തിൽ ഒരു തള്ളുവച്ചു കൊടുത്തു എന്നേയുള്ളൂ. അവിടുന്നങ്ങോട്ട് എല്ലാം തന്നെ അവൻ അധ്വാനിച്ച് നേടിയെടുത്തതാണ്. ആ 2–3 വർഷം ഞങ്ങൾ ഒരുമിച്ച് എന്റെ വണ്ടിയിലും അവന്റെ അച്ഛന്റെ വണ്ടിയിലുമൊക്കെയാണ് ക്യാംപിൽ പോയിരുന്നതും കളിച്ചിരുന്നതും.

‘‘അന്ന് ഞാൻ അണ്ടർ 19 വിഭാഗത്തിലും അവൻ അണ്ടർ 14 വിഭാഗത്തിലും ജില്ലാ ടീമിൽ കളിച്ചിരുന്നു. ഞാൻ രണ്ടു വർഷത്തോളം കളിച്ചു. പക്ഷേ, എനിക്ക് അണ്ടർ 19 ടീമിൽ അത്ര മികച്ച പ്രകടനമൊന്നും കാഴ്ചവയ്ക്കാനായില്ല. അതുകൊണ്ട് ക്രിക്കറ്റിന്റെ പിന്നാലെ കൂടുതൽ പോകേണ്ട എന്നു ഞാൻ തീരുമാനിച്ചു. വിഘ്നേഷ് ജില്ലാ ടീമിൽ മികച്ച പ്രകടനമായിരുന്നു. അവിടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമൊക്കെയായി. പിന്നീട് ഞങ്ങൾ ക്യാംപിലും നാട്ടിലും വച്ച് കാണുന്ന പരിചയക്കാരായി. വിഘ്നേഷ് ആരുടെയും പിന്തുണയില്ലാതെ വളരുന്ന ഘട്ടത്തിലേക്ക് എത്തി. അവൻ ട്രാക്കിലേക്ക് കയറി എന്നതാണ് വാസ്തവം.
∙ ‘അധികം വൈകാതെ ഇന്ത്യൻ ടീമിലെത്തട്ടെ...’
‘‘നമ്മുടെ നാട്ടിലൊക്കെ നന്നായി കളിക്കുന്ന കുട്ടികളെ നമ്മൾ ഇത്തരത്തിൽ സഹായിക്കുമല്ലോ. എനിക്കതിൽ വലിയ റോളൊന്നുമില്ല. സത്യത്തിൽ വിഘ്നേഷിന്റെ നല്ല മനസ്സാണ്. അവൻ എന്റെ പേരു പറഞ്ഞതുകൊണ്ടാണല്ലോ നിങ്ങൾ ഇക്കാര്യം അറിഞ്ഞതും ഇവിടെ വന്നതും. മൂന്നു മാസം മുൻപ് സിലക്ഷൻ കിട്ടിയപ്പോൾത്തന്നെ വിഘ്നേഷ് എനിക്കു മെസേജ് അയച്ചിരുന്നു. ഉഷാറായിട്ടു വാ എന്നു ഞാൻ പറഞ്ഞു. അന്ന് അവസരം കിട്ടാൻ സാധ്യതയില്ലെന്നാണ് അവൻ പറഞ്ഞത്. എന്തായാലും ഐപിഎലിൽ ആദ്യ കളിയിൽത്തന്നെ അവസരം ലഭിച്ചെന്നാണ് മനസ്സിലാക്കുന്നത്.

മൂന്നു വിക്കറ്റെടുത്തതോടെ ഉടനെയൊന്നും ടീമിൽനിന്ന് മാറ്റിനിർത്താനാകാത്ത താരമായി വിഘ്നേഷ് മാറി. ഒന്നോ രണ്ടോ ഫ്ലോപ്പ് കൊണ്ടൊന്നും അവനെ തഴയാനാകില്ല. എന്തായാലും അവൻ ഇങ്ങനെ മുന്നോട്ടുവരട്ടെ. ഭാവിയിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലോ ഏകദിന ടീമിലോ അവസരം ലഭിക്കട്ടെയെന്നും പ്രാർഥിക്കുന്നു.
∙ അന്ന് അവന്റെ വീട്ടിലിരുന്ന് ധോണിയുടെ കളി കണ്ടു, ഇന്ന്...’
‘‘ഞങ്ങൾ പണ്ട് അവന്റെ വീട്ടിലിരുന്ന് ഇന്ത്യയെ കളികളൊക്കെ കാണുമായിരുന്നു. ധോണി ക്യാപ്റ്റനായിരുന്ന കളികളും സച്ചിൻ െതൻഡുൽക്കറും സേവാഗും ഗംഭീറുമൊക്കെ കളിച്ചിരുന്ന കളികളും കാണുമായിരുന്നു. അന്ന് അവന്റെ വീട്ടിലിരുന്ന് കളി കാണുമ്പോൾ ഇവൻ അവർക്കൊപ്പം കളിക്കേണ്ടവനാണെന്ന് കരുതിയിരുന്നില്ല. അവൻ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.’ – ഷരീഫിന്റെ വാക്കുകൾ.