മത്സരശേഷം സ്നേഹപൂർവം ചേർത്തുപിടിച്ച് ധോണി വിഘ്നേഷിനോട് ചോദിച്ചതെന്ത്? ആ ‘രഹസ്യം’ വെളിപ്പെടുത്തി യുവതാരം– വിഡിയോ

Mail This Article
ചെന്നൈ∙ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ – മുംബൈ മത്സരശേഷം ചെന്നൈയുടെ ഇതിഹാസതാരം എം.എസ്.ധോണി മുംബൈയുടെ മലയാളി താരം വിഘ്നേഷിന്റെ തോളിൽത്തട്ടി അഭിനന്ദിക്കുന്ന ദൃശ്യം ടിവിയിൽ കാണിച്ചിരുന്നു. ഒപ്പം എന്തോ ചോദിക്കുകയും അതിനു മറുപടി വിഘ്നേഷ് ധോണിയുടെ കാതിൽ പറയുകയും ചെയ്തു. ധോണിയും വിഘ്നേഷും തമ്മിൽ സംസാരിച്ചത് എന്താണെന്നായി അതോടെ ആരാധകരുടെ സംശയം. ഇന്നലെ നാട്ടിലെ ഒരു കൂട്ടുകാരനോടാണ് വിഘ്നേഷ് ആ രഹസ്യം വെളിപ്പെടുത്തിയത്.
എത്ര വയസ്സുണ്ട് എന്നായിരുന്നു വിഘ്നേഷിനോടുള്ള ധോണിയുടെ ചോദ്യം. 24 എന്നു പറഞ്ഞപ്പോൾ, കണ്ടാൽ അത്രയും തോന്നുന്നില്ലല്ലോ എന്നായി ധോണി. ഇനിയുള്ള മത്സരങ്ങളിലും ഇതുപോലെ മികച്ച പ്രകടനം നടത്തണമെന്നും അദ്ദേഹം വിഘ്നേഷിനോടു പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ മത്സരം മുംൈബ ഇന്ത്യൻസ് 4 വിക്കറ്റിനു തോറ്റെങ്കിലും വിഘ്നേഷിന്റെ പ്രകടനം (4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ്) മുംബൈ ഇന്ത്യൻസ് ടീം ക്യാംപിലും അഭിനന്ദനത്തിനു പാത്രമായി. മത്സരത്തിൽ മുംബൈയുടെ മികച്ച ബോളറെന്ന നിലയിലുള്ള ബാഡ്ജ് ടീം ഉടമ നിത അംബാനി തന്നെയാണ് ഡ്രസിങ് റൂമിൽ വച്ച് വിഘ്നേഷിന്റെ ജഴ്സിയിൽ വച്ചു നൽകിയത്.
നിത അംബാനിയുടെ കാൽ തൊട്ടു വന്ദിച്ച വിഘ്നേഷ് തനിക്ക് അവസരം നൽകിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർക്കു നന്ദി പറയുകയും ചെയ്തു.