ADVERTISEMENT

ചെന്നൈ∙ ഐപിഎൽ അരങ്ങേറ്റത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിറപ്പിക്കുന്ന ബോളിങ് പ്രകടനവുമായി ശ്രദ്ധ നേടിയ മലയാളി യുവതാരം വിഘ്നേഷ് പുത്തൂരിന്, ടീം ഉടമ നിത അംബാനി മികച്ച ബോളർക്കുള്ള പുരസ്കാരം സമ്മാനിക്കുന്ന വിഡിയോ ശ്രദ്ധ നേടുന്നു. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലെത്തിയാണ് നിത അംബാനി പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. പുരസ്കാരം സ്വീകരിച്ച ശേഷം നിത അംബാനിയുടെ കാൽകളിൽ തൊട്ടുവന്ദിച്ച വിഘ്നേഷ് പുത്തൂരിന്റെ എളിയ ശൈലിക്ക് കയ്യടിച്ച് ഒട്ടേറെ ആരാധകരാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

‘‘ഈ മത്സരം കളിക്കാൻ എനിക്ക് അവസരം നൽകിയ മുംബൈ ഇന്ത്യൻസിന് നന്ദി. ഇവിടെയിരിക്കുന്ന താരങ്ങൾക്കൊപ്പം എന്നെങ്കിലും കളിക്കാൻ ഒരു അവസരം ലഭിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. ഞാൻ വളരെയധികം സന്തോഷത്തിലാണ്. ഇത് നമുക്ക് ജയിക്കാവുന്ന മത്സരമായിരുന്നു. ഉറച്ച പിന്തുണ നൽകിയവർക്ക്, പ്രത്യേകിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് നന്ദി. അദ്ദേഹത്തിന്റെ പിന്തുണ നിമിത്തം ഒരു ഘട്ടത്തിലും എനിക്ക് സമ്മർദ്ദം തോന്നിയില്ല. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി’– വിഘ്നേഷ് പുത്തൂർ പറഞ്ഞു.

മത്സരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ചൈനാമാൻ ബോളറായ വിഘ്നേഷ്, 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. താരത്തിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്ക് നമ്പറുകൾ മാറിയത്. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇരുപത്തിനാലുകാരൻ വിഘ്നേഷിന്റേത്. 

വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി. സീനിയർ തലത്തിൽ കേരളത്തിനായി ഒരു മത്സരം പോലും കളിക്കാതെയാണ് വിഘ്നേഷ് ഇത്തവണത്തെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലെത്തിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിഘ്നേഷിനെ മുബൈ ടീമിലെടുക്കാൻ കാരണം, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനായി നടത്തിയ മികച്ച പ്രകടനമാണ്.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് മീഡിയം പേസറായാണ് ക്രിക്കറ്റിലെത്തിയത്. പ്രാദേശിക പരിശീലകനായ മുഹമ്മദ് ഷെരീഫാണ് വിഘ്നേഷിനെ ചൈനാമാൻ പന്തുകളെറിയാൻ പ്രേരിപ്പിച്ചത്. തൃശൂർ സെന്റ് തോമസ് കോളജ് വിദ്യാർഥിയായ വിഘ്നേഷ് കേരള കോളജ് പ്രിമിയർ ലീഗിൽ നടത്തിയ മികച്ച പ്രകടനം വഴിയാണു കെസിഎലിലെത്തിയത്.

English Summary:

Vignesh Puthur rewarded by Nita Ambani after sensational debut

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com