4 ഓവറിൽ വഴങ്ങിയത് 76 റൺസ്, തിരിച്ചുവരവിൽ നാണക്കേടിന്റെ റെക്കോര്‍ഡ്; രാജസ്ഥാൻ 12.5 കോടിക്ക് വാങ്ങിയ ജോ‘ഫ്രീ’ ആർച്ചർ!

Mail This Article
ഹൈദരാബാദ്∙ രാജസ്ഥാൻ റോയൽസ് ടീമിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ നാണംകെട്ട് ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കളിക്കാനിറങ്ങിയ ആർച്ചർ എറിഞ്ഞ 4 ഓവറുകളിൽ സൺറൈസേഴ്സ് താരങ്ങൾ അടിച്ചുകൂട്ടിയത് 76 റൺസ്. ഐപിഎൽ ചരിത്രത്തില്‍ തന്നെ ഒരു ബോളറുടെ മോശം പ്രകടനമാണിത്. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് താരം മോഹിത് ശർമ നാലോവറുകളിൽ 73 റൺസ് വഴങ്ങിയിരുന്നു. പ്രതീക്ഷയോടെ പന്തെറിയാനെത്തിയ ആർച്ചർക്ക് വിക്കറ്റൊന്നും ലഭിച്ചതുമില്ല.
ആർച്ചർ എറിഞ്ഞ 24 പന്തുകളിൽ 14 ബൗണ്ടറികളാണ് ഹൈദരാബാദ് ബാറ്റർമാർ ആകെ അടിച്ചുകൂട്ടിയത്. പത്തു ഫോറുകളും നാലു സിക്സുകളും അതിർത്തി കടന്നു. 12.5 കോടി രൂപയ്ക്കാണ് ജോഫ്ര ആർച്ചറെ രാജസ്ഥാൻ റോയൽസ് മെഗാലേലത്തിൽ സ്വന്തമാക്കിയത്. ഫോമിലല്ലാത്ത ആർച്ചറെ രാജസ്ഥാൻ ഉയർന്ന തുകയ്ക്കു വാങ്ങിയതിൽ തുടക്കം മുതൽ വിമർശനം ശക്തമായിരുന്നു.
മെഗാലേലത്തിൽ രാജസ്ഥാൻ ഏറ്റവും കൂടുതല്‍ തുക മുടക്കിയതും ആര്‍ച്ചർക്കു വേണ്ടിയായിരുന്നു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനു വേണ്ടിയാണ് രാജസ്ഥാൻ 12 കോടിയിലേറെ ചെലവാക്കിയത്. വരും മത്സരങ്ങളിലും ആർച്ചർക്കു തിളങ്ങാൻ സാധിച്ചില്ലെങ്കില്‍ താരം പ്ലേയിങ് ഇലവനിൽനിന്നു പുറത്താകാന്‍ സാധ്യതയുണ്ട്.
44 റണ്‍സ് വിജയമാണ് ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദ് ഉയർത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.