ഓർക്കാതിരിക്കാൻ, മറക്കുവാനല്ലെങ്കിൽ ആ മൊഴി നിന്റെതാനോ?

Mail This Article
സങ്കൽപത്തിലെ എല്ലാം തികഞ്ഞ കാമുകിയെ തിരഞ്ഞുപോയ യുവാവിനെക്കുറിച്ചു പറയുന്ന റഷ്യൻ നാടോടിക്കഥയുണ്ട്. നീലക്കണ്ണുകൾ, സമൃദ്ധമായ മുടി. അഴകളവുകൾ തികഞ്ഞ് മനസ്സിൽ കൊത്തിവച്ച രൂപം. പട്ടണങ്ങളും ഗ്രാമങ്ങളും കടന്നുപോകുന്ന ടൂറിങ് കലാ സംഘത്തിലെ അംഗമാണ് യുവാവ്. എല്ലായിടത്തും അയാൾക്ക് ആരാധികമാരുണ്ട്. എന്നാൽ, മനസ്സു കൊണ്ട് വരിച്ച യുവതിയെ എവിടെയും കണ്ടെത്താൻ കഴിയുന്നില്ല. പ്രതീക്ഷ നശിച്ച്, നിരാശനായി ഒരു വൈകുന്നേരം ടെന്റിലേക്ക് മടങ്ങിവരുമ്പോൾ അവിടെ തന്നെ കാത്തിരിക്കുന്ന സഹകലാകാരിയെ അയാൾ കാണുന്നു. അതുവരെ കണ്ടിട്ടില്ലാത്ത അദ്ഭുതത്തോടെ ആ യുവതിയെ തന്നെ നോക്കിനിന്നുപോകുന്നു. ഇക്കാലമത്രയും തേടി നടന്ന എല്ലാ പ്രത്യേകതകളും ആ യുവതിയിലുണ്ടായിരുന്നു.
എപ്പോഴും കൂടെയുള്ളതിനാൽ, സഹചാരിയും പ്രാപ്യയുമായിരുന്നതിനാൽ, തന്നെത്തന്നെ ധ്യാനിച്ച് കൂടെ നടന്നതിനാൽ താൻ തേടിനടന്നത് കൂടെയുള്ള യുവതിയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു മാത്രം. കസ്തൂരിയുടെ മൂല്യമറിയാത്ത മാനിനെപ്പോലെ. കൂടെയുള്ളവരെ മനസ്സിലാക്കാതെ ദൂരേക്ക് മാത്രം കണ്ണ് പായിക്കുന്ന വിരോധാഭാസത്തെക്കുറിച്ച് ഉദാഹരിക്കുന്ന കഥ ചെറിയ വ്യത്യാസങ്ങളോടെ പല കലാരൂപങ്ങളിലും പല കാലങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ജൻമശതാബ്ദിയിൽ ആഘോഷിക്കപ്പെടാത്ത അക്കിത്തത്തിന്റെ കവിത വായിച്ചപ്പോൾ ആദ്യം ഓർമ വന്നതും ഈ കഥ തന്നെയാണ്. ഒരു വർഷം നീളുന്ന ജന്മശതാബ്ദി വർഷത്തിൽ അക്കിത്തം എന്ന കവി ഇനിയും വായിക്കപ്പെട്ടേക്കാം എന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാലും, ദീർഘ വർഷങ്ങളിൽ കൂടെയുണ്ടായിരുന്ന കാലത്തുപോലും പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ട് കവി.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തോടെ സാംസ്കാരിക രംഗത്തും കുത്തക അവകാശപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനം അക്കിത്തത്തെ മാറ്റിനിർത്തി. വിപ്ലവത്തെ ആരാധനയോടെ കണ്ടെങ്കിലും ഒരു കുഞ്ഞുപൂവിനെപ്പോലും നുള്ളിനോവിക്കാനാവാത്ത കരുണയുടെ കടൽ ഉള്ളിൽ കണ്ടെത്തിയ കവി അവർക്ക് ശത്രുപക്ഷത്തായിരുന്നു. മാനവികത അവർക്ക് വെറും ദൗർബല്യം മാത്രം. ആത്മാവിനെക്കുറിച്ചു സംസാരിക്കുന്നവർ ഫ്യൂഡൽ കാലത്തെ കലപ്പ ഇനിയും താഴെവച്ചിട്ടില്ലാത്തവർ. കവിത വായിക്കാൻ സമയം നീക്കിവയ്ക്കാതെ, ഒരിക്കലും വരാത്ത പുലരിക്കുവേണ്ടി അവർ കണ്ണടച്ച് ഇരുട്ടാക്കിക്കൊണ്ടിരുന്നു. അതിന്നും ക്രൂരമായി തുടരുന്നു.
സ്വാതന്ത്ര്യത്തിന്റെ ഏഴാം വാർഷികത്തിൽ 1954ലാണ് ഇടിഞ്ഞുപൊളിഞ്ഞ ലോകം വെളിച്ചം കാണുന്നത്. രണ്ടു നൂറ്റാണ്ടോളം നീണ്ടുനിന്ന ഐതിഹാസിക സമരം പൂർണതയിലെത്താതെ അകാലത്തിൽ കൊഴിഞ്ഞതിന്റെ നിരാശയുണ്ടായിരുന്നു കവിയുടെ വാക്കുകളിൽ. ജനങ്ങളിൽ നിന്ന് അകന്ന് ഏതാനും നേതാക്കളുടെ ക്ഷേമത്തിലേക്ക് ഒതുങ്ങിയ പ്രസ്ഥാനത്തിന്റെ വഴി പിഴച്ച പോക്ക് കവി മുൻകൂട്ടി കണ്ടു. ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം. കുത്തിനിർത്തിയ മൈക്കിനു പിന്നിൽ, കെട്ടിയുയർത്തിയ മഞ്ചത്തിൽ, നിന്നു ഞെളിഞ്ഞിട്ടുരുവിടുന്ന തങ്ങടെ കൊടിയുടെ മാഹാത്മ്യം. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ മാത്രമല്ല അക്കിത്തം സ്വയം വിമർശനത്തിലേക്ക് നയിച്ചത്. എന്നിട്ടും ഇടതുപക്ഷക്കാർക്കെന്നപോലെ വലതുപക്ഷക്കാർക്കും അക്കിത്തം അന്യനും അപരിചിതനും ദുരൂഹ സമസ്യയുമായി.
കവിക്ക് താങ്ങ് വേണ്ടിയിരുന്നില്ല. പ്രസ്ഥാനങ്ങളുടെ കുടക്കീഴിൽ സ്ഥാനം മോഹിച്ചില്ല. കരുക്കൾ നീക്കിയില്ല. ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ വിസ്മരിക്കപ്പെട്ട ഇത്തിരി സ്ഥലത്ത് കവിതയുടെ വടി കുത്തി വീഴാതെ ഒറ്റയ്ക്ക് നിന്നു. പൊന്തയിലെ കാട്ടുപൂവിനെ നോക്കി ഇരുന്നുപോയതിനെ സ്വയം പരിഹസിച്ചു. എന്താണിങ്ങനെ കുത്തിയിരിപ്പതെന്ന ചോദ്യത്തിന് ‘ചിത്തഭ്രമമാണ് ഇയ്യിടെ’ എന്നു പറഞ്ഞു ചിരിച്ചു. ചിത്തഭ്രമം അഭിനയിച്ചവർ മാറിനടന്നു. അന്നും എന്നും ഒറ്റയ്ക്കായിരുന്നു കവി.

മൂല്യപരമ്പരയുടെ ഉപനിഷദ് ദർശനത്തിന്റെ പിന്തുടർച്ചക്കാരനായത് ഒരു പ്രത്യേക കള്ളിയിൽ കവിയെ തളച്ചിടാൻ പിൽക്കാലത്ത് പലരും അവസരമാക്കി. എതിർത്തവരും അനുകൂലിച്ചവരും ആ കവിതയുടെ മാനവികത അപ്പോഴും മനസ്സിലാക്കിയില്ല.
വിത്തിടുന്നതുമുതൽ പരിപാലിച്ച്, വെള്ളമൊഴിച്ചും വളമിട്ടും വളർത്തിയെടുക്കുന്ന ചെടികളുണ്ട്. ആരുടെയും ഒരു പരിപാലനവും വേണ്ടാതെ വളരുകയും കായ്‌കനികളാൽ എന്നും അനുഗ്രഹം ചൊരിയുകയും ചെയ്യുന്ന വാഴ്ത്തപ്പെടാത്ത വൃക്ഷങ്ങൾ പോലെയോ ചെടികൾ പോലെയോ ചില കവികളുണ്ട്. അവരുടെ കൂട്ടത്തിലാണ് അക്കിത്തത്തിന്റെ സ്ഥാനം. നിത്യ നിരാമയ ലാവണ്യം തെളിഞ്ഞ കവിതയുടെ കടൽ എന്നും അവിടെത്തന്നെയുണ്ട്. തീർഥാടകർക്ക് അവർ ആഗ്രഹിക്കുമ്പോൾ എത്തി കണ്ണും മനസ്സും നിറയ്ക്കാവുന്ന കടൽ. അത് കീഴടക്കാനാവില്ല. ഒരിക്കലും പൂർണമായി പ്രാപ്യവുമല്ല. എന്നാൽ, ഒരാളെപ്പോലും നിരാശരാക്കാത്ത ആഴവും പരപ്പുമുണ്ട് അക്കിത്തം എന്ന കവിതയുടെ കടലിന്. അതിന് ക്ഷമ വേണം. മുൻവിധി ഇല്ലാത്ത തെളിഞ്ഞ മനസ്സ് വേണം. ഹൃദയ നൈർമല്യം വേണം. തള്ളിപ്പറഞ്ഞ ഭക്തനെയും കൈവിടാത്ത ദൈവം. ആദ്യത്തെയും അവസാനത്തെയും ആശ്രയം. കാലക്കൊടുങ്കാറ്റിലും മങ്ങാത്ത, പൊലിയാത്ത നക്ഷത്രകാന്തി.
1970 കളിലാണ് ആ മൊഴി നിന്റെയോ എന്ന കവിത പുറത്തു വരുന്നത്. യാദൃഛികമായി ഒരിക്കൽക്കൂടി വായിച്ചപ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ആഴമേറിയ ചിന്തയും കവിതയുടെ നിലാത്തുടിപ്പും കണ്ട് ഹൃദയം നിറഞ്ഞു. ഒരു വൈശാഖ മാസ പുലരിയിൽ പുഴക്കരയിൽ എത്തിയപ്പോൾ തോണിയിൽ കടത്ത് കടത്തിയ പെൺകുട്ടി. മറുകര ചെന്ന് കൂലി നീട്ടിയെങ്കിലും വാങ്ങിയില്ല. പിന്നെ പല തവണ പുഴ കടക്കാൻ എത്തിയപ്പോഴും വൃദ്ധനെയാണ് കണ്ടത്. അയാളുടെ മകളാണെന്ന് കരുതി കുട്ടികളെത്രയാണെന്ന് ചോദിച്ചപ്പോൾ, ബ്രഹ്മചാരി എന്നായിരുന്നു മറുപടി. പേര് പോലും ചോദിച്ചില്ലല്ലോ എന്നോർത്ത് അപ്പോഴാണ് പൊട്ടിക്കരഞ്ഞത്. പിന്നെ എത്രയോ വീട്ടിൽ എത്രയോ വട്ടം അവളെ തിരഞ്ഞു. അന്നു കൂലി കൊടുക്കാൻ എടുത്ത ചെമ്പുകാശുമായി. വ്യാഴവട്ടങ്ങളെ താണ്ടി ഊഴി ചുറ്റുന്നതിനിടെ ദൂരെ നിന്ന് ആ നാദം കേട്ടു.
മാനവാത്മാവിലെ കേവല മാധുര്യമാണു ഞാൻ......
ആ മൊഴി നിന്റേതാണോ.... എന്നല്ല നിന്റെതാനോ എന്നാണു കവി ചോദിക്കുന്നത്. അല്ല, അതിശയിക്കുന്നത്. നിന്റെ തന്നെ എന്ന ഉറപ്പോടെ. മാനവാത്മാവിലെ കേവല മാധുര്യം ! അതെങ്ങനെ ഇസങ്ങൾക്കെതിരാകും. പ്രസ്ഥാനങ്ങൾക്ക് വെറുക്കപ്പെട്ടതാകും. പക്ഷങ്ങൾക്ക് പിടിക്കാതാകും. ആ കവിയെ ഓർക്കാൻ എന്താണ്, ആർക്കാണ് തടസ്സം. മറവിയോ കരുതിക്കൂട്ടിയുള്ള വിസ്മൃതിയോ.
നിന്നെ കൊന്നവർ കൊന്നു പൂവേ,
തന്നുടെ തന്നുടെ മോക്ഷത്തെ !