അനുവാദം ചോദിക്കാതെ പൊട്ടുന്ന അഗ്നിപർവതം: നമുക്കൊരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലേ...?

Mail This Article
ചില ദുരന്തങ്ങൾക്കു മുന്നിൽ മനുഷ്യർ നിസ്സഹായരാണ്. ചെറുവിരൽ പോലും അനക്കാൻ കഴിയാത്തവർ. അംഗീകരിക്കാൻ മടിച്ചാലും കാലക്രമേണ അവയുമായി പൊരുത്തപ്പെടുകയാണ് പതിവ്. അപൂർവം അപവാദങ്ങൾ മാറ്റിനിർത്താനുണ്ടെങ്കിലും. എന്നാൽ ദുരന്തങ്ങൾ സ്വയം സൃഷ്ടിച്ചതാണെങ്കിലോ. അവ ദുരന്തങ്ങളായി മാറില്ലെന്ന് വൃഥാ മോഹിച്ചതാണെങ്കിലോ. പ്രതീക്ഷയോടെ നോക്കിയ വാതിൽ പെട്ടെന്ന് അടയുന്നതുപോലെ. പിന്നെയെല്ലാം ഇരുട്ട് മാത്രം. എന്നെന്നേക്കുമായി. ഒരു ജീവിതം മുഴുവൻ. ഭാവി ഉൾപ്പെടെ.
കസുവോ ഇഷിഗുറോ ജനിക്കുന്നതിനും മുൻപേ അദ്ദേഹത്തിന്റെ ജൻമസ്ഥലം കുപ്രശസ്തമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തത്തിന്റെ പേരിൽ. ജപ്പാനിലെ നാഗസാക്കി. 5–ാം വയസ്സിൽ കുടുംബം യുകെയിലേക്ക് ചേക്കേറി. പിന്നിലായ, ഉപേക്ഷിച്ച, നാഗസാക്കി എന്നെന്നേക്കുമായി മറഞ്ഞില്ല. അതവിടെ തന്നെയുണ്ട്. മനസ്സിലും. നാഗസാക്കിയിൽ ജനിച്ചതുകൊണ്ടാകും ശാസ്ത്ര–സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങൾ ശാപങ്ങളാകുന്നത് തീവ്രതയോടെ ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞത്.

ആണവായുധം പോലെ തന്നെ ഡോളി എന്ന ചെമ്മരിയാടിലൂടെ ക്ലോണിങ് എന്ന പ്രതിഭാസവും മനുഷ്യനു മുന്നിൽ ഒരേ സമയം ഇരുട്ടും വെളിച്ചവും ആയി. പ്രതീക്ഷയും നിരാശയുമായി. കടന്നുപോകേണ്ട വാതിൽ തന്നെ ഭീതിപ്പെടുത്തുന്നതായി. ആവർത്തിച്ച വിരോധാഭാസം ഇഷിഗുറോയുടെ മനസ്സിൽ സൃഷ്ടിച്ച പ്രകമ്പനങ്ങളാണ് നെവർ ലെറ്റ് മീ ഗോ എന്ന നോവലായത്. ബുക്കർ സമ്മാനത്തിൽ നിന്ന് നൊബേലിലേക്ക് ഉയർത്തിയത്.
'ദ് റിമെയ്ൻസ് ഓഫ് ദ് ഡേ' ഉൾപ്പെടെയുള്ള നോവലുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് 'നെവർ ലെറ്റ് മീ ഗോ' തന്നെയാണ്. പ്രസിദ്ധീകരണത്തിന്റെ 20–ാം വർഷത്തിലും. ക്ലോണിങ് ആണ് തന്നെക്കൊണ്ട് ആ നോവൽ എഴുതിച്ചതെന്ന് ഇപ്പോഴാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അഭിമാനത്തോടെ ആഘോഷിച്ച നേട്ടത്തിന്റെ മറുവശമാണ് ചൂണ്ടിക്കാണിച്ചത്. ഭാവിയിൽ കാത്തിരിക്കുന്ന ദുരന്തവും.

അവയവങ്ങൾ നശിക്കുന്നതു മൂലം അകാലത്തിൽ അസ്തമിക്കുന്ന ജീവിതങ്ങൾ. യോജിക്കുന്ന അവയവങ്ങൾ കൃത്യസമയത്ത് ലഭിക്കാതിരിക്കുന്നതു മൂലമുണ്ടാകുന്ന വെല്ലുവിളികൾ. ശാസ്ത്രത്തിന്റെ സൃഷ്ടിയിൽ നിന്ന് മനുഷ്യന് അവയവങ്ങൾ സുലഭമായി ലഭിക്കാൻ തുടങ്ങിയാൽ ജീവിതത്തിലുണ്ടാകുന്ന അദ്ഭുതകരമായ മാറ്റത്തെ വൈദ്യശാസ്ത്രം പ്രകീർത്തിച്ചപ്പോൾ തന്നെയാണ് ഒരു ഉൾനാടൻ ഗ്രാമത്തിലെ ഹെയിൽഷാം എന്ന വിദ്യാലയം ഇഷിഗുറോ സൃഷ്ടിക്കുന്നത്. ഹോസ്റ്റലിൽ ജീവിക്കുന്ന ഒരുപറ്റം വിദ്യാർഥികൾ. അവരുടെ അധ്യാപകർ. കാത്തി. റൂത്ത്. ടോം... അവയവ ദാനത്തിനു വേണ്ടി വളർത്തുന്ന കുട്ടികൾ. രണ്ടോ മൂന്നോ അവയവങ്ങൾ ദാനം ചെയ്യുന്നതോടെ പ്രതീക്ഷയറ്റുപോകുന്ന അവരുടെ ജീവിതങ്ങൾ. അവരുടെ സവിശേഷമായ ജീവിതത്തെക്കുറിച്ച് അവർ ഒരളവു വരെ അജ്ഞരാണ്.
കൗമാരത്തിലെ ഏതു കുട്ടികളിലും എന്നപോലെ അവർക്കുമുണ്ട് സ്വന്തമായ കഥകൾ, വിശ്വാസങ്ങൾ, പ്രതീക്ഷകൾ. കാത്തിരിക്കുന്ന മരണക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഉപാധികൾ. അത് സ്നേഹമാണ്. എല്ലാം മറന്നുള്ള സ്നേഹം.യഥാർഥ പ്രണയം. വെറും വാഗ്ദാനങ്ങളല്ല. ആസക്തിയല്ല. എന്നോ കണ്ട സ്വപ്നം പോലെ പിന്നിൽ ഉപേക്ഷിച്ച ചുംബനങ്ങളല്ല. ജീവിതത്തോട് മരണം പോലെ ഒട്ടിപ്പിടിച്ച, അടർത്തിമാറ്റാനാവാത്ത മൗലികമായ പ്രണയം. അതു തെളിയിക്കാൻ കഴിയണം. അധ്യാപകരുടെ മുന്നിൽ. അതാണ്, അതു മാത്രമാണ് ഒരേയൊരു വഴി. എന്നെ വിട്ടുപോകരുതേ... നെഗവർ ലെറ്റ് മി ഗോ. നിഴലായ് ഞാൻ നിന്നിലുണ്ട്.

നിങ്ങളങ്ങനെയാണെന്ന് ഉറപ്പാണോ ? നിങ്ങൾ പ്രണയബദ്ധരാണെന്നതു സത്യമാണോ ? നിങ്ങൾക്കെങ്ങനെയറിയാം. സ്നേഹം അത്ര ലളിതമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഗാഢമായ പ്രണയം, അതുണ്ടെന്നാണോ നിങ്ങൾ പറയുന്നത് ?
ഹെയിൽഷാമിലെ കുട്ടികളോടുള്ള ചോദ്യങ്ങൾ സ്വന്തം നെഞ്ച് ലക്ഷ്യമാക്കുന്ന വെടിയുണ്ടകളാകും നോവലിന്റെ വായനയിൽ. കെടാതെ കത്തുന്ന നെരിപ്പോടാണ് നോവൽ. അനുവാദം ചോദിക്കാതെ പൊട്ടിത്തെറിക്കുന്ന അഗ്നിപർവതം. അത് ഏതു നിമിഷവും ഹൃദയത്തെ തകർക്കാം. ജീവിതത്തെ നിരർഥകമാക്കാം. ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ ജീവനോടെ അടക്കപ്പെടാം. ഇഞ്ചിഞ്ചായി കൊല്ലപ്പെടാം.
നിസ്സഹായത അതിന്റെ ഏറ്റവും വലിയ തീവ്രതയിൽ അനുഭവിപ്പിക്കുന്നുണ്ട് നെവർ ലെറ്റ് മി ഗോ. ഓരോ വാക്കിലും വരിയിലും അതുണ്ട്. അധ്യാപകരിലും വിദ്യാർഥികളിലും. ക്രൂരമായ സത്യം വെളിപ്പെടുത്താനാവാത്ത അധ്യാപകർ. യാഥാർഥ്യത്തെ നേരിടാനാവാതെ സ്നേഹമെന്ന അന്ധവിശ്വാസത്തിൽ എല്ലാം സമർപ്പിക്കുന്നവർ. അനിവാര്യമായ ദുരന്തത്തെ നീട്ടിവയ്ക്കാമെന്ന് വ്യാമോഹിക്കുന്നവർ. ജീവിക്കാൻ വേണ്ടി സ്നേഹിക്കേണ്ടിവരുന്ന അവസ്ഥയും ദുരവസ്ഥയും.
'നെവർ ലെറ്റ് മീ ഗോ പോലെ' ഇത്രമേൽ നിരാധാരവും നിസ്സഹായവുമായ മറ്റൊരു വായനാനുഭവം സമീപകാലത്തൊന്നും സാഹിത്യത്തിൽ സംഭവിച്ചിട്ടില്ല. തീവ്രമാണെന്നു മാത്രമല്ല, അത് നിരന്തരം പിന്തുടരും. ചോദ്യങ്ങൾ ചോദിച്ച്. മനഃസാക്ഷിയെ വഞ്ചിക്കുന്ന ഉത്തരങ്ങൾ കൊണ്ട് രക്ഷപ്പെടാനാവും എന്നു വിചാരിക്കരുത്. എണ്ണിയെണ്ണി ചോദിക്കും. ഉത്തരം പറയിപ്പിക്കും. വിധി ദിനത്തിൽ എന്നപോലെ. എല്ലാ മുഖംമൂടികളും അഴിഞ്ഞുവീഴും. യഥാർഥ സ്നേഹം മാത്രം ബാക്കിയാകും. അതേ, യഥാർഥ....
ജീവിതം മുഴുവൻ നാം പരസ്പരം സ്നേഹിച്ചു. പക്ഷേ, ഒടുവിൽ...നമുക്കൊരിക്കലും എന്നെന്നേക്കുമായി ഒരുമിച്ചു ജീവിക്കാൻ കഴിയില്ലേ...
കരൾ പിളരുന്നു ഇഷിഗുറോ....