രാജസ്ഥാൻ കഷ്ടപ്പെട്ട പിച്ചിൽ അടിച്ചുതകർത്ത് കൊൽക്കത്ത; ക്വിന്റൻ ഡി കോക്ക് 61 പന്തിൽ 97, എട്ടു വിക്കറ്റ് വിജയം

Mail This Article
ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസിനു തോൽവി. ഗുവാഹത്തിയിൽ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റ് വിജയമാണു കൊൽക്കത്ത നേടിയത്. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ വിജയത്തിലെത്തി. 61 പന്തിൽ 97 റൺസുമായി കൊൽക്കത്ത ഓപ്പണർ ക്വിന്റൻ ഡി കോക്ക് പുറത്താകാതെനിന്നു. ആറു സിക്സുകളും എട്ട് ഫോറുകളുമാണ് ക്വിന്റൻ ബൗണ്ടറി കടത്തിയത്. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അങ്ക്രിഷ് രഘുവംശി 22 റൺസെടുത്തു പുറത്താകാതെനിന്നു. മൊയീൻ അലി (അഞ്ച്), ക്യാപ്റ്റൻ അജിൻക്യ രഹാനെ (18) എന്നിവരാണ് കൊൽക്കത്തയുടെ പുറത്തായ ബാറ്റർമാർ.
രാജസ്ഥാൻ ബാറ്റിങ്ങിനു കഷ്ടപ്പെട്ട പിച്ചിൽ അനായാസമായിരുന്നു കൊൽക്കത്തയുടെ മറുപടി. ക്വിന്റൻ ഡി കോക്ക് നിന്നടിച്ചതോടെ 15 പന്തുകൾ ബാക്കിനിൽക്കെ കൊൽക്കത്ത വിജയറൺസ് കുറിച്ചു. ഗുവാഹത്തിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണു നേടിയത്. ഓപ്പണിങ് വിക്കറ്റിൽ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ചേർന്ന് 33 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും, ബാറ്റർമാരിൽ ആർക്കും അർധ സെഞ്ചറി കടക്കാൻ സാധിച്ചില്ല.
ധ്രുവ് ജുറേലാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. 28 പന്തുകൾ നേരിട്ട ധ്രുവ് ജുറേല്‍ 33 റൺസെടുത്തു പുറത്തായി.യശസ്വി ജയ്സ്വാൾ (23 പന്തിൽ 29), റിയാൻ പരാഗ് (15 പന്തിൽ 25), ജോഫ്ര ആർച്ചർ (ഏഴു പന്തിൽ 16), സഞ്ജു സാംസൺ (11 പന്തിൽ 13) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. മധ്യനിരയില്‍ ധ്രുവ് ജുറേല്‍ ഒഴികെ മറ്റെല്ലാ താരങ്ങളും നിരാശപ്പെടുത്തി. നിതീഷ് റാണ (എട്ട്), വാനിന്ദു ഹസരംഗ (നാല്), ശുഭം ദുബെ (ഒൻപത്), ഷിമ്രോൺ ഹെറ്റ്മിയര്‍ (ഏഴ്) എന്നിവർ അതിവേഗം മടങ്ങിയതാണ് രാജസ്ഥാനെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത്. കൊൽക്കത്തയ്ക്കു വേണ്ടി വൈഭവ് അറോറ, ഹർഷിത് റാണ, മൊയീൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.