ADVERTISEMENT

കൊല്ലം ∙ ദേശീയപാത 66ന്റെ നിർമാണത്തിനിടെ വീണ്ടും അപകടം. റോഡിന്റെ വശമിടിഞ്ഞ് ഇന്നലെ 3 പേർക്ക് പരുക്കേറ്റു. ബൈപാസിൽ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രത്തിന് അടുത്തായി ഉച്ചയ്ക്കു രണ്ടേകാലോടെയായിരുന്നു അപകടം. പരുക്കേറ്റ അതിഥിത്തൊഴിലാളികളായ വീരേന്ദ്ര കുമാർ, ബിജോയ് കുമാർ രവി, സുന്ദർദേവ് എന്നിവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. ദേശീയപാത നിർമാണ കമ്പനിയുടെ ഉപ കരാറുകാരന്റെ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. 

ഏകദേശം ഇരുപതടി താഴ്ചയിൽ കോൺക്രീറ്റ് ഭിത്തിക്കായി കമ്പി കെട്ടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഉയരത്തിൽ നിന്നാണ് മണ്ണിടിഞ്ഞു വീണത്. മണ്ണിടിച്ചിൽ ശബ്ദം കേട്ട് തൊഴിലാളികൾ ഓടിമാറിയെങ്കിലും രണ്ടുപേർ കമ്പിക്കിടയിൽ കുടുങ്ങി. ഇടിഞ്ഞ മണ്ണിൽ കല്ലുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. ഇവ കെട്ടിക്കൊണ്ടിരുന്ന കമ്പിയിൽ തട്ടി, ആ കമ്പി തലയിൽ തട്ടിയാണ് തൊഴിലാളികൾക്കു പരുക്കേറ്റതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

റോഡ് ഇടിഞ്ഞതോടെ അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. ബൈപാസിൽ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. ഇതിനിടെ, അപകടം നടന്ന സ്ഥലത്തിന് അടുത്ത് ലോറിക്കു സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് താൽക്കാലിക കൈവരിയിൽ ഇടിച്ച് മറ്റൊരു അപകടവുമുണ്ടായി. ആർക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു. അതോടെ ബൈപാസിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം അൽപ സമയത്തേക്കു തടസ്സപ്പെട്ടു. എസിപി എസ്. ഷെരീഫ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. 

കൂടുതൽ മേഖലകളിലും ചതുപ്പു നികത്തിയാണ് ബൈപാസ് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ റോഡിലെ മണ്ണിന് ഇളക്കം കൂടുതലാണെന്നു തൊഴിലാളികൾ‍ പറയുന്നു. ഈ വർഷം ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാപകൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വലിയ വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ പേടിയോടെയാണ് തങ്ങൾ റോഡിന്റെ വശങ്ങളിൽ ജോലി ചെയ്യുന്നതെന്ന് തൊഴിലാളികൾ പറയുന്നു. മണ്ണെടുത്ത മേഖലകളിൽ ഗതാഗതം ഒറ്റ വരിയായി നിയന്ത്രിച്ച് അപകട സാധ്യത ഒഴിവാക്കാനാണ് പൊലീസിന്റെയും കരാറുകാരുടെയും ശ്രമം. പക്ഷേ, ഗതാഗതം നിയന്ത്രിച്ചാൽ നഗരത്തിലുണ്ടാകുന്ന കുരുക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. 

അശാസ്ത്രീയതയിൽ അപകടം
ഉയരമുള്ള സ്ഥലങ്ങളിൽ മണ്ണെടുക്കുമ്പോൾ 30 മുതൽ 45 ഡിഗ്രി വരെ ചരിവിൽ മണ്ണെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, അങ്ങനെ ചെയ്താൽ ഗതാഗതം പൂർണമായും നിരോധിക്കേണ്ടി വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ബൈപാസ് അടച്ചിട്ട് നിർമാണം തുടർന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കുമെന്നും വിലയിരുത്തുന്നു. 3 അടി താഴ്ച വരെ മണ്ണെടുക്കുമ്പോൾ ചരിവിന്റെ ആവശ്യമില്ല. അതിലേറെ താഴ്ചയിലേക്ക് മണ്ണെടുക്കുമ്പോൾ ചരിവ് നിർബന്ധമാണ്. ഇന്നലെ അപകടമുണ്ടായ സ്ഥലത്ത് ഏകദേശം 20 അടി താഴ്ചയിലാണ് മണ്ണെടുത്തത്. എന്നാൽ, ചട്ടപ്രകാരമുള്ള ചരിവ് നൽകാതെയാണ് മണ്ണെടുത്തതെന്ന് ആക്ഷേപമുണ്ട്. പാൽക്കുളങ്ങര ക്ഷേത്രത്തിനു മുന്നിലായുള്ള അടിപ്പാത, സർവീസ് റോഡ് നിർമാണങ്ങൾക്കാണ് മണ്ണെടുത്തത്. അടിപ്പാതയ്ക്കു ചേർന്നുള്ള പാർശ്വഭിത്തികൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുന്ന പണികളാണ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് അപകടം. 

സ്ഥിരം അപകടം
ഈ വർഷം ഫെബ്രുവരി ഏഴിന് കല്ലുംതാഴം റെയിൽവേ പാലത്തിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചിരുന്നു. സർവീസ് റോഡ് നിർമാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിക്കുമ്പോഴാണ് അന്നു മണ്ണിടിഞ്ഞത്. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് വൻദുരന്തം ഒഴിവായി. ഇന്നലെ അപകടമുണ്ടായതിന് 100 മീറ്റർ അകലെയാണ് അന്ന് അപകടമുണ്ടായത്. കഴിഞ്ഞ  നവംബറിൽ ബൈപാസിൽ അയത്തിൽ ജംക്‌ഷനു സമീപം പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണിരുന്നു.  ചൂരാങ്കൽ തോടിനു കുറുകെയുള്ള പാലം നിർമാണത്തിനിടെയാണ് അപകടം

English Summary:

Kollam National Highway 66 accident** injured three migrant workers yesterday near Kallumthaazham Pallikulangara temple after a section of the road collapsed. The injured workers, employed by a subcontractor, were admitted to a private hospital in Kottiyam with one suffering serious injuries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com