പാക്കിസ്ഥാൻ തട്ടിമുട്ടി 128ൽ എത്തി; 10 ഓവറിൽ കളി തീര്‍ത്ത് ന്യൂസീലൻഡ്, അവസാന മൂന്നു പന്തുകളും സിക്സ്!

Mail This Article
വെല്ലിങ്ടൻ∙ ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലും വൻ തോൽവി വഴങ്ങി പാക്കിസ്ഥാൻ. വെല്ലിങ്ടനിൽ നടന്ന അഞ്ചാം ട്വന്റി20യിൽ എട്ടു വിക്കറ്റ് വിജയമാണ് ആതിഥേയരായ ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര 4–1 എന്ന നിലയിൽ അവസാനിച്ചു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണു നേടിയത്. മറുപടിയിൽ പത്തോവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് വിജയ റൺസ് കുറിച്ചു.
39 പന്തുകൾ നേരിട്ട ക്യാപ്റ്റൻ സൽമാൻ ആഗ 51 റൺസെടുത്ത് പാക്കിസ്ഥാന്റെ ടോപ് സ്കോററായി. പാക്ക് ഇന്നിങ്സിലെ ഒരേയൊരു സിക്സും സൽമാൻ ആഗയുടെ വകയായിരുന്നു. ശതബ് ഖാൻ (20 പന്തിൽ 28), മുഹമ്മദ് ഹാരിസ് (17 പന്തിൽ 11) എന്നിവരും പാക്ക് ഇന്നിങ്സിൽ രണ്ടക്കം കടന്നു. പാക്കിസ്ഥാൻ ബാറ്റിങ് നിരയിൽ ആറു താരങ്ങൾ രണ്ടക്കം കടക്കാൻ സാധിക്കാതെ പുറത്തായി.
ഓപ്പണർ ഹസൻ നവാസ് പരമ്പരയില്‍ മൂന്നാം തവണയാണു പൂജ്യത്തിനു പുറത്താകുന്നത്. ഓക്‌ലൻഡിൽ നേടിയ സെഞ്ചറി (105 റൺസ്) മാത്രമാണു താരത്തിന് ആശ്വസിക്കാനുള്ളത്. നാലോവറുകൾ പന്തെറിഞ്ഞ കിവീസ് താരം ജെയിംസ് നീഷം 22 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ കിവീസ് ഓപ്പണർ ടിം സീഫർട്ട് അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. പാക്ക് ബോളർമാര്‍ക്കെതിരെ പത്ത് സിക്സുകളും ആറു ഫോറുകളും അടിച്ച സീഫർട്ട് 38 പന്തിൽ 97 റൺസെടുത്തു. ഫിന്‍ അലൻ 27 റൺസെടുത്തു പുറത്തായി.
ഓപ്പണിങ് കൂട്ടുകെട്ടിൽ 93 റൺസാണ് സീഫർട്ടും ഫിൻ അലനും ചേർന്ന് അടിച്ചുകൂട്ടിയത്. മാർക് ചാപ്മാൻ മൂന്നു റൺസ് മാത്രമെടുത്തു പുറത്തായി. സീഫർട്ട് തകർത്തടിച്ചതോടെ 60 പന്തുകൾ ബാക്കിനിൽക്കെ കിവീസ് വിജയറൺസ് കുറിക്കുകയായിരുന്നു. ശതബ് ഖാനെറിഞ്ഞ പത്താം ഓവറിലെ അവസാന മൂന്നു പന്തുകളും സീഫർട്ട് സിക്സർ പറത്തി. ഈ ഓവറിൽ നാലു സിക്സുകളടക്കം 26 റൺസാണു പാക്കിസ്ഥാൻ വഴങ്ങിയത്.