ജഡ്ജിയുടെ വീട്ടിലെ നോട്ടുകെട്ട്: ജസ്റ്റിസ് വർമ വിവരം അറിഞ്ഞത് എപ്പോൾ, തുടർന്ന് വിളിച്ചതാരെ?; അന്വേഷണസംഘം പരിശോധിക്കുന്നു

Mail This Article
ന്യൂഡൽഹി ∙ ഔദ്യോഗിക ബംഗ്ലാവിലെ സ്റ്റോർമുറിയിൽ തീപിടിത്തം ഉണ്ടായ വിവരം ജസ്റ്റിസ് യശ്വന്ത് വർമ അറിഞ്ഞത് എപ്പോഴെന്നതും ഇതിനു തൊട്ടുപിന്നാലെ അദ്ദേഹം ആരെയൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നതും കേസിൽ നിർണായകമാകും. ജസ്റ്റിസ് വർമയുടെയും ബംഗ്ലാവിലെ ജീവനക്കാരുടെയും 6 മാസത്തെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി നടത്തുന്നത്. ഇതിന്റെ ഭാഗമായി സംഘം ഇന്നലെ ജസ്റ്റിസ് വർമയുടെ വീട്ടിൽ പരിശോധന നടത്തി.
പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് ഒന്നോടെ ഇവിടെ എത്തി. 45 മിനിറ്റോളം ചെലവിട്ട ശേഷമാണ് മടങ്ങിയത്. പൊലീസിലേക്ക് വിവരം കൈമാറും മുൻപ് വർമ ആരെയെങ്കിലും വിളിച്ചിരുന്നോ, അദ്ദേഹത്തെ വിവരമറിയിച്ചത് ആരാണ്, തുടർന്ന് വർമ ആരെയെല്ലാം ഫോണിൽ വിളിച്ചു തുടങ്ങിയ വിവരങ്ങൾ ഫോൺ രേഖകളിൽ നിന്നു ശേഖരിച്ച ശേഷം അന്വേഷണ സംഘം മൊഴിയെടുക്കുന്നതിലേക്കു കടക്കുമെന്നാണ് വിവരം.
അലഹാബാദ് ഹൈക്കോടതിയിലേക്കു ജസ്റ്റിസ് വർമയെ തിരിച്ചയയ്ക്കാനുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശയിൽ പ്രതിഷേധിച്ച് അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്ജിമാർക്കോ എതിരല്ലെന്നും ജുഡീഷ്യൽ സംവിധാനത്തെ ഒറ്റുകൊടുത്തവർക്കെതിരെയാണെന്നും അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി പറഞ്ഞു.