‘പ്രതീക്ഷ വേണ്ട, ടീമിലുണ്ടാവില്ലെ’ന്ന് മത്സരദിവസം വീട്ടിലേക്ക് വിളിച്ചപ്പോഴും പറഞ്ഞു; എത്ര മനോഹരമായ ‘നടന്ന’ സ്വപ്നം!

Mail This Article
മലപ്പുറം ∙ ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തേക്കു വെട്ടിത്തിരിയും പോലെയാണ് വിഘ്നേഷ് പുത്തൂരിന്റെ പന്തുകൾ. ഏതു ബാറ്ററും അമ്പരന്നു പോകും. എന്നാൽ അതിനെക്കാൾ അപ്രതീക്ഷിത ടേൺ നിറഞ്ഞതാണ് ഈ ഇരുപത്തിനാലുകാരന്റെ ക്രിക്കറ്റ് കരിയറും. അൺസോൾഡ് ആകുമെന്ന് സ്വയം ഉറപ്പിച്ചതിനാൽ ഐപിഎൽ ലേലം പോലും കാണാതെ കിടന്നുറങ്ങിയ ആളാണ് വിഘ്നേഷ്. പക്ഷേ, അപ്രതീക്ഷിതമായി മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കി. ഒരു രഞ്ജി ട്രോഫി മത്സരം പോലും കളിക്കാതെ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റിന്റെ ഹൃദയത്തിലേക്ക് ഡയറക്ട് എൻട്രി.
‘പ്രതീക്ഷ വേണ്ട, ടീമിലുണ്ടാവില്ല’ എന്നു മത്സര ദിവസം വീട്ടിലേക്കു വിളിച്ചു പറഞ്ഞ അതേ വിഘ്നേഷ് തന്നെ ഞായറാഴ്ച രാത്രി ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആദ്യ ഐപിഎൽ മത്സരത്തിനിറങ്ങി. അതും രോഹിത് ശർമയ്ക്കു പകരം ടീമിന്റെ ഇംപാക്ട് പ്ലെയറായി. പിന്നീടു നടന്നതെല്ലാം സ്ക്രീനിൽ കണ്ടതാണ്. പെരിന്തൽമണ്ണയിലെ ഓട്ടോത്തൊഴിലാളിയായ പി.സുനിൽകുമാറിന്റെയും കെ.പി.ബിന്ദുവിന്റെയും മകൻ ചെന്നൈയുടെ മൂന്നു വമ്പനടിക്കാരെ പവലിയനിലേക്കു മടക്കിയ കാഴ്ച.
പ്രതിഭകളെ കണ്ടാൽ ബൾബ് കത്തുന്ന ‘തല’യുള്ള സാക്ഷാൽ ധോണി വിഘ്നേഷിന്റെ തോളിൽത്തട്ടി അഭിനന്ദിച്ചതു വെറുതെയാകാൻ തരമില്ല. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു നക്ഷത്രപ്പിറവി അദ്ദേഹം കണ്ടു കാണണം. ആ പ്രകാശവഴി നീളുന്നതാകട്ടെ പെരിന്തൽമണ്ണയിലെ കുന്നപ്പള്ളി എന്ന ഗ്രാമത്തിലേക്കും. പെരിന്തൽമണ്ണ നഗരത്തിൽനിന്ന് ഏകദേശം 3 കിലോമീറ്റർ അപ്പുറം കുന്നപ്പള്ളിയിലാണ് പുത്തൂർ വീട്. വിഘ്നേഷിന്റെ ക്രിക്കറ്റ് യാത്ര തുടങ്ങിയതും ഇവിടെ നിന്നുതന്നെ.

‘ചൈനാമാൻ’ (ഇടംകൈ ലെഗ്‌സ്പിന്നർ) ബോളറായി അറിയപ്പെടുന്ന വിഘ്നേഷിന്റെ വീട്ടിലെ വിളിപ്പേര് കണ്ണനെന്നാണ്. ഇതേ പേരുതന്നെയാണ് പിതാവ് പി.സുനിൽകുമാർ തന്റെ ഓട്ടോറിക്ഷയ്ക്കു നൽകിയിരിക്കുന്നത്. 10–ാം വയസ്സുമുതൽ തുടങ്ങിയ വിഘ്നേഷിന്റെ ക്രിക്കറ്റ് പരിശീലന, മത്സര യാത്രകളെല്ലാം ഈ ഓട്ടോറിക്ഷയിലായിരുന്നു. അച്ഛൻ സാരഥിയും മകൻ യാത്രക്കാരനും ലക്ഷ്യം ക്രിക്കറ്റ് കളിയും.
പെരിന്തൽമണ്ണയിലെ സി.ജി. വിജയകുമാർ ആയിരുന്നു ആദ്യ പരിശീലകൻ. പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജില്ലാ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. വിഘ്നേഷിലെ പ്രഫഷനൽ ക്രിക്കറ്റർ രൂപം കൊണ്ടത് അങ്ങാടിപ്പുറത്തെ ഈ പരിശീലനക്കളരിയിൽനിന്നാണ്. അക്കാദമിയിൽ ചേരുന്നതിനായി മാത്രം ഏഴാം ക്ലാസ് മുതൽ 10 ക്ലാസ് വരെ വിഘ്നേഷ് പഠിച്ചത് അങ്ങാടിപ്പുറത്തുതന്നെയുള്ള തരകൻ ഹയർസെക്കൻഡറി സ്കൂളിലാണ്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 14 നോർത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ 4 മത്സരങ്ങളിൽനിന്നായി 25 വിക്കറ്റുകൾ കൊയ്തതാണ് ആദ്യത്തെ വലിയ നേട്ടം. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അണ്ടർ 14, 16, 19 കേരള ടീം അംഗമായിരുന്നു. പെരിന്തൽമണ്ണ ജോളി റോവേഴ്സിലൂടെ ക്ലബ് ക്രിക്കറ്റിലും സജീവം. തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു ഡിഗ്രി പഠനം. പെരിന്തൽമണ്ണ പിടിഎം ഗവ. കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

കാലിക്കറ്റ് സർവകലാശാലയ്ക്കായും കളിച്ചിട്ടുണ്ട്. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനു വേണ്ടി നടത്തിയ പ്രകടനമാണ് മുംബൈ ഇന്ത്യൻസിലേക്കു വഴി തുറന്നത്. ടീം ക്ഷണിച്ചതനുസരിച്ച് മൂന്നു തവണ സിലക്‌ഷൻ ട്രയൽസിൽ പങ്കെടുത്തു. എങ്കിലും ടീമിൽ ഉൾപ്പെടുമെന്ന് വിഘ്നേഷ് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടുകാരും ജോളി റോവേഴ്സിലെ കൂട്ടുകാരും ഐപിഎൽ ലേലം ടിവിയിൽ കാണുമ്പോൾ ഇതൊന്നും കിട്ടാൻ പോകില്ലെന്നു പറഞ്ഞ് വിഘ്നേഷ് ഉറങ്ങാൻ പോയി. പിന്നീട് മുംബൈ ഇന്ത്യൻസ് ടീമിൽ ഉൾപ്പെട്ട വിവരം വീട്ടുകാർ വിളിച്ചുണർത്തി അറിയിക്കുകയായിരുന്നു.
മാർച്ച് 2ന് ആയിരുന്നു വിഘ്നേഷിന്റെ 24–ാം ജന്മദിനം. പക്ഷേ, പിറന്നാൾ സമ്മാനം കിട്ടിയത് 22നും. മുംബൈ ഇന്ത്യൻസിന്റെ ജഴ്സിയണിഞ്ഞ് ഐപിഎൽ അരങ്ങേറ്റമെന്ന സമ്മാനം.