‘ട്രയൽസിനു വന്നപ്പോഴേ പ്രതിഭ തിരിച്ചറിഞ്ഞു, നേരിടാൻ ബുദ്ധിമുട്ടാണെന്ന് രോഹിത്തും സൂര്യയും തിലകും പറഞ്ഞു’: മുംബൈ ബോളിങ് കോച്ച്

Mail This Article
ചെന്നൈ∙ മലയാളി താരം വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസിനായി ട്രയിൽസിനു വന്നപ്പോൾത്തന്നെ അദ്ദേഹത്തിന്റെ മികവും വ്യത്യസ്തതയും തിരിച്ചറിഞ്ഞിരുന്നുവെന്ന് ടീമിന്റെ ബോളിങ് പരിശീലകൻ പരസ് മാംബ്രെ. അതുകൊണ്ടാണ് അദ്ദേഹം മുൻപ് എത്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് എന്നതുപോലും നോക്കാതെ ടീമിലെടുത്തതെന്നും മാംബ്രെ വ്യക്തമാക്കി. രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയവർ നെറ്റ്സിൽ വിഘ്നേഷിന്റെ പന്തുകൾ നേരിട്ടിരുന്നു. ആ പന്തുകൾ സൃഷ്ടിച്ച ബുദ്ധിമുട്ടാണ് ആദ്യ മത്സരത്തിൽത്തന്നെ താരത്തെ പരീക്ഷിക്കാൻ ആത്മവിശ്വാസം നൽകിയതെന്നും മാംബ്രെ വ്യക്തമാക്കി.
‘‘രോഹിത്, സൂര്യ, തിലക് തുടങ്ങിയവരെല്ലാം നെറ്റ്സിൽ വിഘ്നേഷിനെതിരെ ബാറ്റു ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പന്തുകൾ നേരിടാൻ പ്രയാസമാണെന്നാണ് എല്ലാവരും പറഞ്ഞത്. അതുകൊണ്ട് ആദ്യ മത്സരത്തിൽത്തന്നെ വിഘ്നേഷിന് അവസരം നൽകുന്ന കാര്യത്തിൽ ഞങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. എന്തായാലും അതു വെറുതെയായില്ല. ആ തീരുമാനം എന്തുകൊണ്ടും നല്ല തീരുമാനമായി’ – പരസ് മാംബ്രെ പറഞ്ഞു.
‘‘ആ ഫോർമാറ്റിൽ വ്യത്യസ്തതയാണ് ഒരു പ്രധാനപ്പെട്ട ഘടകം. ചൈനാമൻ ബോളർമാർ, കുൽദീപ് ഉൾപ്പെടെയുള്ളവർ മികവു തെളിയിച്ചവരാണ്. അദ്ദേഹത്തിന്റെ പ്രതിഭയും വ്യത്യസ്തതയും നമ്മൾ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതാണ് പ്രധാനം’ – മാംബ്രെ പറഞ്ഞു.
‘‘ഓരോ താരങ്ങളുടെയും കഴിവു തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. അന്ന് മുംബൈ ക്യാംപിൽ ട്രയൽസിനു വന്നപ്പോൾത്തന്നെ വിഘ്നേഷിന്റെ മികവു ഞങ്ങൾക്കു മനസ്സിലായി. അതുകൊണ്ട് മുൻപ് അദ്ദേഹം എത്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട് എന്നത് ഞങ്ങൾ നോക്കിയതേയില്ല. അദ്ദേഹത്തിന് പ്രതിഭയുണ്ടോ എന്നതു മാത്രമാണ് കണക്കിലെടുത്തത്. ആ നിഗമനം ശരിയായിരുന്നുവെന്ന് നിങ്ങൾക്കും മനസ്സിലായല്ലോ. ആദ്യ മത്സരം തന്നെ ചെന്നൈ സൂപ്പർ കിങ്സിനേപ്പോലെ ഒരു ടീമിനെയാകുന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ, ഇത്ര വലിയ വേദിയായിട്ടും വിഘ്നേഷ് ഉചിതമായിത്തന്നെ പന്തെറിഞ്ഞു. അതിന് അഭിനന്ദനങ്ങൾ’ – മാംബ്രെ പറഞ്ഞു.
മത്സരത്തിലാകെ നാല് ഓവർ ബോൾ ചെയ്ത ചൈനാമാൻ ബോളറായ വിഘ്നേഷ്, 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. താരത്തിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്ക് നമ്പറുകൾ മാറിയത്. മത്സരം ചെന്നൈ ജയിച്ചെങ്കിലും കളിയിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ഇരുപത്തിനാലുകാരൻ വിഘ്നേഷിന്റേത്.
വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ വീണത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങി. സീനിയർ തലത്തിൽ കേരളത്തിനായി ഒരു മത്സരം പോലും കളിക്കാതെയാണ് വിഘ്നേഷ് ഇത്തവണത്തെ ഐപിഎലിൽ മുംബൈ ഇന്ത്യൻസിലെത്തിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു വിഘ്നേഷിനെ മുബൈ ടീമിലെടുക്കാൻ കാരണം, കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആലപ്പി റിപ്പിൾസിനായി നടത്തിയ മികച്ച പ്രകടനമാണ്.