ലഹർ സിങ് സിരോയ കർണാടകയിലെ വമ്പൻ; കർണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന ‘ചാനൽ’

Mail This Article
തൃശൂർ ∙ കൊടകരയിലെത്തിയ മൂന്നരക്കോടി രൂപയുടെ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിച്ച പൊലീസിന്റെ സംശയമുന ഒടുവിലെത്തിയതു കർണാടകയിലെ ഉന്നത ബിജെപി നേതാവും രാജ്യസഭാംഗവുമായ ലഹർ സിങ് സിരോയയിൽ. കുഴൽപണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇ.ഡി അന്വേഷണത്തിനു ശുപാർശ ചെയ്തു പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ലഹർ സിങ്ങിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ വേരുകളുള്ള ലഹർസിങ് നിയമസഭാ കാലാവധി പൂർത്തിയാക്കിയ ശേഷം 2022ൽ ആണു രാജ്യസഭാംഗമായത്.
കർണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന ‘ചാനൽ’ എന്നു വിശേഷണമുള്ള ഇദ്ദേഹത്തിനു ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ട്. ഇദ്ദേഹം വഴിയാണു പണമെത്തിയതെന്നു പ്രതികളിൽ ചിലർ പൊലീസിനു മൊഴി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ഇതു സംബന്ധിച്ച ചില സൂചനകൾ ലഭിക്കുകയും ചെയ്തു. എന്നാൽ, ഇത്തരം വിവരങ്ങളിലേക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയില്ല. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ പല സമയത്തായി ജാമ്യത്തിലിറങ്ങുകയും ചെയ്തു.
മൊഴിയെടുക്കാൻ പോലുംവിളിച്ചില്ലെന്ന് സാക്ഷി
കൊടകര കുഴൽപണക്കേസിൽ തന്നിൽനിന്ന് ഇ.ഡി മൊഴിയെടുക്കുകയോ വിളിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു തിരൂർ സതീഷ്. കുഴൽപണം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചതിനു താൻ സാക്ഷിയാണെന്നും ഈ പണമുപയോഗിച്ചു നേതാക്കൾ കാറും ഭൂമിയും വാങ്ങിയെന്നും അന്നത്തെ ബിജെപി ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന സതീഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പുനരന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാൽ, ഇ.ഡി ഇതുമായി ബന്ധപ്പെട്ട ഒന്നും അന്വേഷിച്ചിട്ടില്ലെന്നു സതീഷ് വ്യക്തമാക്കി. ‘ഇ.ഡി ഇതെക്കുറിച്ച് അന്വേഷിക്കാൻ എന്നെ സമീപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇതു ബിജെപിയുമായി ബന്ധമില്ലാത്ത പണമാണെന്നവർക്കു പറയാൻ കഴിയുക. കൊടകരയിൽ കുഴൽപണക്കവർച്ച നടന്ന സമയത്ത് അവിടെ ആദ്യമെത്തിയ ബിജെപി നേതാവ് ആരാണെന്നും പണം കൊണ്ടുപോയവർ നേതാക്കളെ ബന്ധപ്പെട്ടെന്നുമടക്കം പൊലീസ് റിപ്പോർട്ടിലുണ്ട്. ഇതൊന്നും ഇ.ഡി അന്വേഷിക്കാതെയാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സത്യം എല്ലാവർക്കുമറിയാം. അതു പുറത്തുവരും’– സതീഷ് പ്രതികരിച്ചു.
പണമെത്തിച്ച ധർമരാജൻ പ്രതിയല്ല
തൃശൂർ ∙ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയെത്തിച്ചതു കോഴിക്കോട് സ്വദേശി ധർമരാജനാണെന്നു പൊലീസും ഇ.ഡിയും കണ്ടെത്തിയെങ്കിലും പ്രതിപ്പട്ടികയിൽ ഇയാളില്ല. പണം കവർച്ച ചെയ്യപ്പെട്ട സംഭവം മാത്രമാണു പൊലീസ് അന്വേഷിച്ചത് എന്നതിനാൽ ഇതിൽ ധർമരാജനു പങ്കില്ലാത്തതു കൊണ്ടാണു പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത്. ഹവാലപ്പണം ആയതിനാൽ ഇതു സംബന്ധിച്ച അന്വേഷണത്തിൽ ധർമരാജൻ പ്രതിയാകുമെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ, കുഴൽപണമല്ലെന്ന് ഇ.ഡി നിഗമനത്തിലെത്തിയതോടെ ധർമരാജനെതിരെ കേസെടുക്കാൻ സാധ്യതയില്ലാതായി.
പരാതിക്കാരനായ ധർമരാജൻ പൊലീസിനു നൽകിയ മൊഴി ഇങ്ങനെയായിരുന്നു:
‘വാജ്പേയി സർക്കാരിന്റെ കാലം മുതൽ കെ.സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അമിത് ഷാ തിരുവനന്തപുരത്തു പ്രചാരണത്തിനു വന്നപ്പോൾ പോയിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പുപരിപാടിയുമായി ബന്ധപ്പെട്ട് 3 തവണ കോന്നിയിലും പോയി. 3 തവണയായി 12 കോടി രൂപ കൊണ്ടുവന്നു. കൊടകരയിൽ പണം നഷ്ടപ്പെട്ടതിനു പിന്നാലെ സുരേന്ദ്രൻ ഫോണിൽ വിളിച്ചു. പണം നഷ്ടമായ വിവരമറിയിക്കാൻ വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തില്ല. പിന്നീടു തിരിച്ചുവിളിച്ചു. തൃശൂരിലെ ബിജെപി ഓഫിസിലേക്ക് 6.5 കോടി രൂപ കൊണ്ടുവന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ഗിരീഷാണു ബെംഗളൂരുവിൽ കാണേണ്ടയാളുടെ വിവരങ്ങൾ തന്നത്. ശ്രീനിവാസനെന്ന ആളിൽനിന്നാണു പണം സ്വീകരിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പു സമയത്തും ബെംഗളൂരുവിൽനിന്നു 3 തവണയായി 12 കോടി രൂപ എത്തിച്ചു. പാഴ്സൽ വാഹനത്തിലാണു തൃശൂരിലെ ഓഫിസിലേക്കു പണം കൊണ്ടുവന്നത്. ആ സമയത്ത് ഓഫിസിൽ അന്നത്തെ ജില്ലാ ട്രഷറർ സുജയ് സേനനും പ്രശാന്തും ഉണ്ടായിരുന്നു. സുജയ് സേനൻ പറഞ്ഞതു പ്രകാരം ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് തൃശൂരിലെ ലോഡ്ജിൽ മുറി ബുക്ക് ചെയ്തു. തുടർന്നു 3 ചാക്കുകളിൽ പണം ബിജെപി ഓഫിസിലേക്ക് എത്തിച്ചു.’
ഈ മൊഴികൾ വസ്തുതാവിരുദ്ധമാണെന്നും പൊലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നുമാണു ധർമരാജൻ ഇപ്പോൾ ഇ.ഡി ഉദ്യോഗസ്ഥരോടു പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.