അവസാന നിമിഷം കേന്ദ്രാനുമതി; കേരളം കടമെടുത്തു, 7,139 കോടി

Mail This Article
തിരുവനന്തപുരം ∙ പണമില്ലാതെ അതിഗുരുതര പ്രതിസന്ധി നേരിട്ട സംസ്ഥാന സർക്കാരിന് ആശ്വാസമായി അവസാന നിമിഷം കടമെടുപ്പ് അനുമതി. 7,139 കോടി രൂപ വായ്പയെടുക്കാനാണ് വഴി തെളിഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റിസർവ് ബാങ്ക് വഴി കടമെടുക്കാനുള്ള അവസാന അവസരമായിരുന്നു ഇന്നലെ. അർഹമായ 6,250 കോടി രൂപ കടമെടുക്കാൻ അനുമതി ദിവസങ്ങൾ മുൻപേ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തിൽ നിന്നു വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇതെത്തുടർന്ന് തിങ്കളാഴ്ച മന്ത്രി കെ.എൻ.ബാലഗോപാലും ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസും കേന്ദ്ര ധന മന്ത്രാലയവുമായി ബന്ധപ്പെട്ടു.
അതിവേഗം അനുമതി നൽകണമെന്നും ഇല്ലെങ്കിൽ ട്രഷറി പൂട്ടേണ്ടി വരുമെന്നും അറിയിച്ചതോടെ 6,100 കോടി രൂപ വായ്പയെടുക്കാൻ അനുമതി ലഭിച്ചു.
തിങ്കൾ രാത്രി തന്നെ കടമെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്താൻ റിസർവ് ബാങ്കിന് പ്രത്യേക അപേക്ഷ നൽകിയതോടെ 7,139 കോടി രൂപ വായ്പയെടുക്കാൻ വഴിയായി.
സംസ്ഥാനം വൈദ്യുതി വിതരണം മേഖലയിൽ നടത്തിയ പരിഷ്കാരങ്ങളുടെ പേരിലാണ് 6,250 കോടി രൂപ ആവശ്യപ്പെട്ടത്. ഇതോടെ ഇൗ വർഷത്തെ സംസ്ഥാനത്തിന്റെ കടമെടുപ്പ് 50,000 കോടി കവിഞ്ഞു.
ജിഎസ്ടി ഇന്റലിജൻസ് 3078.29 കോടിയുടെ നികുതിവെട്ടിപ്പ്
കണ്ടെത്തി: മന്ത്രി
തിരുവനന്തപുരം∙ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം 4 വർഷം കൊണ്ടു സംസ്ഥാനത്തെ വ്യാപാരമേഖലയിൽ 3078.29 കോടി രൂപയുടെ നികുതിവെട്ടിപ്പു കണ്ടെത്തിയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇതിൽ 2648 കോടി തിരികെ അടപ്പിച്ചു. 2021-22ൽ 78.06 കോടി രൂപയുടെ വെട്ടിപ്പാണു കണ്ടെത്തിയത്. ഇതിൽ 47.8 കോടി രൂപ തിരിച്ചടപ്പിച്ചു. 2022-23ൽ ഇത് യഥാക്രമം 524.80 കോടിയും 445.39 കോടിയും 2023–24ൽ 1775.28 കോടിയും 1709.50 കോടിയുമാണ്. 2024-25 (ഫെബ്രുവരി വരെ) 699.61 കോടിയുടെ വെട്ടിപ്പു കണ്ടെത്തിയതിൽ 445.47 കോടി രൂപ തിരിച്ചടപ്പിച്ചു.
ബാർ ഉടമകളിൽനിന്നു ലഭിക്കേണ്ട നികുതി കുടിശിക പിരിച്ചെടുക്കുന്നതിനുള്ള ആംനെസ്റ്റി പദ്ധതി വഴി ഖജനാവിൽ എത്തേണ്ട തുകയ്ക്ക് ഒരു ഇളവും നൽകിയിട്ടില്ല. മദ്യത്തിന്റെ നികുതിയിൽ 4 വർഷമായി വ്യത്യാസം വരുത്തിയില്ല. എന്നാൽ കർണാടകയും തമിഴ്നാടും മദ്യത്തിന്റെ നികുതി വർധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.