'ഈ അച്ഛന് ഇന്നും ഒരു ധൈര്യവുമില്ല...' കുഞ്ഞു കുസൃതിയുമായി തിത്തിമിക്കുട്ടി
.jpg?w=1120&h=583)
Mail This Article
അധ്യായം: ഇരുപത്
കാര്യം തിത്തിമീടെ അച്ഛനൊക്കെയാണെങ്കിലും ചിലപ്പോ തിത്തിമിക്ക് തന്നെ തോന്നും ഈ അച്ഛന് കൊച്ചുപിള്ളേരുടെയത്ര പോലും ധൈര്യമില്ലെന്ന്. കയ്യോ കാലോ ഇത്തിരിയൊന്ന് മുറിഞ്ഞാൽ പോലും അച്ഛൻ കുട്ടികളെപ്പോലെ വിഷമിക്കുന്നത് കാണുമ്പം തിത്തിമിക്ക് ചിരി വരും. അപ്പോ തിത്തിമീടെ മുത്തശ്ശി പറയും, നീയിങ്ങനെ പേടിത്തൊണ്ടനായാൽ എങ്ങനെയാ? ഒന്നുമില്ലേലും നീയൊരു പെങ്കൊച്ചിന്റെ അച്ഛനല്യോ എന്ന്. എന്നിട്ട് മുത്തശ്ശി തിത്തിമീടെ അച്ഛനെ വീണ്ടും കളിയാക്കും., പണ്ട് മോൾടച്ഛന് സന്ധ്യ കഴിഞ്ഞാല് തെങ്ങിന്റെ ചുവട്ടിൽ മൂത്രമൊഴിക്കാൻ പോണേൽ വരെ എന്റെ കൂട്ട് വേണമാരുന്ന് എന്ന. മൂത്രമൊഴിക്കുന്നതിനിടയിൽ ഞാൻ പോവല്ലേ എന്നു പറഞ്ഞ് ഇവൻ കൂടെക്കൂടെ പിന്നിലോട്ട് നോക്കുമാരുന്ന്.
ഈ അച്ഛന് ഇന്നും ഒരു ധൈര്യവുമില്ല എന്നു പറഞ്ഞു തിത്തിമി. ഈയടുത്ത കാലത്ത് മുറിയിൽ ഒരു പഴുതാരയെക്കണ്ടപ്പോ അച്ഛൻ പറഞ്ഞത് ഓർത്ത് തിത്തിമി അച്ഛനെ കളിയാക്കും. പേടിച്ച് പേടിച്ച് പഴുതാരയുടെ അടുത്ത് ചെന്നിട്ട് അച്ഛൻ തിത്തിമിയോടു പറഞ്ഞത്രേ, ‘‘അച്ഛൻ അതിനെ അടിച്ചു കൊല്ലാം. പക്ഷേ മോള് അച്ഛന്റെ കൂടെത്തന്നെ നിൽക്കണം.’’ അച്ഛൻ സ്വന്തം കാര്യം പറയുമ്പം ഞാൻ എന്നതിന് പകരം തിത്തിമിയോട് അച്ഛൻ എന്നേ പറയൂ. അതിൽപ്പിടിച്ച് തിത്തിമി അച്ഛനെ എപ്പോഴും കളിയാക്കും. പഴുതാരയെക്കൊല്ലാൻ പോലും അച്ഛന് ധൈര്യമില്ലെന്നത് പോകട്ടെ. അതാണല്ലോ ഞാൻ കൊല്ലാം പക്ഷേ മോള് അച്ഛന്റെ കൂടെത്തന്നെ നിൽക്കണം എന്നു പറഞ്ഞത്. എന്റെ കൂടെത്തന്നെ മോള് നിൽക്കണം എന്നു പറഞ്ഞാൽ പോരേ? അച്ഛന്റെ കൂടെത്തന്നെ നിൽക്കണം എന്നു പറഞ്ഞ അച്ഛനെ കളിയാക്കുമ്പോൾ തിത്തിമി അച്ഛൻ എന്ന വാക്കിന്റെ ച്ഛ എന്ന അക്ഷരത്തിന് ഇത്തിരി ഊന്നൽ കൊടുത്താണ് അച്ഛനെ കളിയാക്കുക.
ഇന്നാള് എന്തോ ഒരു കാര്യം അച്ഛൻ പറഞ്ഞപ്പോൾ തിത്തിമി അനുസരിച്ചില്ല. അപ്പോ അച്ഛൻ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘‘മോളേ നല്ല മോളല്യോ. അച്ഛനാ പറയുന്നത്, അച്ഛൻ.’’ ഉടനെ പിണങ്ങിയിരുന്ന തിത്തിമി ചോദിക്കുവാ, ‘‘ മോളേ ഞാനാ പറയുന്നത് എന്നു പറഞ്ഞാൽപ്പോരേ. അതിനെന്തിനാ അച്ഛനാ പറയുന്നത് എന്നു തന്നെ പറയുന്നത്.’’ അതു പറഞ്ഞപ്പോഴും തിത്തിമി ച്ഛ എന്ന അക്ഷരത്തിന് ഇത്തിരി ഊന്നൽ കൊടുത്തു, അച്ഛനെ കളിയാക്കാൻ. തിത്തിമീടെ അച്ഛൻ എന്നു പറയുന്നത് എന്തോ വലിയ കാര്യമായിട്ടാണ് അവളുടെ അച്ഛൻ സ്വയം കണക്കാക്കുന്നത്.
അതുകൊണ്ടാണ് അവളോട് എന്തു പറയുമ്പോഴും അച്ഛനാ അച്ഛൻ എന്നിങ്ങനെ അറിയാതെ പറഞ്ഞുപോവുന്നത്.
ഇതിനിടയ്ക്ക് എന്തോ ഒരത്യാവശ്യം പറയാനുള്ളതുപോലെ മുത്തശ്ശി തിത്തിമിയെ വിളിച്ചു. ഇങ്ങു വന്നേടീ മോളേ, കാലേൽ ഏതാണ്ടൊന്നു കൊണ്ടുകേറി. തെങ്ങിന്റെ ആരോ മുള്ളോ വല്ലതുമായിരിക്കും. ഒന്നു നോക്കിയേ.’’ മുത്തശ്ശിക്ക് കണ്ണു നന്നായി കാണാൻ വയ്യാത്തതുകൊണ്ടാണ് തിത്തിമിയെ വിളിക്കുന്നത്. തിത്തിമി ഒരു പിന്നും ഒക്കെയായി വലിയ ഡോക്ടർ ആണെന്ന ഭാവത്തിൽ മുത്തശ്ശിയുടെ കാലിൽ സൂക്ഷ്മപരിശോധന നടത്തി അഭിപ്രായം പറയും. ചിലപ്പോൾ ചെറുതായി എന്തെങ്കിലും കാലിൽ കൊണ്ടിരുന്നാൽ എടുത്തു കൊടുക്കും. ഇങ്ങനെ എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കുമ്പം ചെല്ലാൻ താമസിച്ചാൽ മുത്തശ്ശി തിത്തിമിയോടു പറയും, ഈ പെണ്ണെന്തുവാ അവിടെടുക്കുന്നേന്ന് അറിയത്തില്ലല്ലോ. ഒന്നു വിളിച്ചാൽ വരാൻ ആറുമാസമെടുക്കുമല്ലോ. അങ്ങേലെ പൊന്നമ്മേടെ കൂട്ട് ആയിപ്പോവല്ലേ’’
ഇതു കേട്ടു വരുന്ന തിത്തിമി ചോദിക്കും, മനസ്സിലായില്ല. അങ്ങേലെ പൊന്നമ്മയ്ക്കെന്താ കുഴപ്പം?’’ ഉടനെ മുത്തശ്ശി പറയും,‘‘ അതല്ല, അവൾക്ക് ഇരിക്കുന്നിടത്തുനിന്ന് ഒന്നനങ്ങണേൽ ആറു മാസം വേണം. അവളെല്ലാ കാര്യത്തിലും പതുക്കെപ്പതുക്കെയാ.’’പൊന്നമ്മയുടെ കാര്യം പറയുമ്പഴേ അമ്മൂമ്മ തുടങ്ങും.‘‘ അവൾക്ക് ഈ വണ്ണവും വച്ചോണ്ട് ജോലിയൊന്നും ചെയ്യാൻ കഴിയത്തില്ല. പിന്നെ അവിടെ എല്ലാക്കറിക്കും ഒരരപ്പാ.’’
ഒരിക്കൽ എല്ലാക്കറിക്കും ഒരരപ്പാ എന്നു ചോദിച്ചപ്പം മുത്തശ്ശി പറഞ്ഞു, ‘‘ എടീ മോളേ, തോരനും പുളിശേരിക്കും അവിയലിനും മീൻകൂട്ടാനുമൊക്കെ നമ്മൾ വേറെ വേറെ അരപ്പല്ലേ അരച്ചെടുക്കുന്നത്.അവള് പക്ഷേ എല്ലാറ്റിനും കൂടി ഒരരപ്പാ. പോരാത്തതിന് പുട്ടിന്റെ പൊടി കലക്കി അപ്പം ചുടുകേം ചെയ്യും. നമ്മളൊക്കെ അപ്പത്തിന് തലേന്ന് പ്രത്യേകം അരി അരച്ചെടുക്കുകയല്ലേ ചെയ്യുക . അവള് അതിനൊന്നും മെനക്കേടത്തില്ല.’’
കിഴക്കേ വീട്ടില അമ്മൂമ്മയാണ് പൊന്നമ്മ. ചിലപ്പോ എന്തെങ്കിലും കാര്യം ഓർക്കാപ്പുറത്ത് ഉണ്ടായാലോ തിത്തിമി എന്തെങ്കിലും വലിയ കുരുത്തക്കേട് ഒപ്പിച്ചാലോ മുത്തശ്ശിയോ അമ്മയോ എന്റെ പൊന്നമ്മച്ചിയേ എന്നു പറഞ്ഞെന്നിരിക്കട്ടെ. അപ്പോൾ ഉരുളയക്കുപ്പേരി പോലെ തിത്തിമീടെ മറുപടി വരും. പൊന്നമ്മയോ പൊന്നമ്മ അപ്പുറത്തെ പൊന്നമ്മയാ. ഞാനതല്ല പറഞ്ഞത് ഞാനറിയാതെ എന്റെ പൊന്നമ്മച്ചിയേ എന്നു വെറുതെയങ്ങ് വിളിച്ചു പോയതാ എന്നു പറയും മുത്തശ്ശി. തന്നെപ്പോലെ ഓടി നടന്ന് ചുറുചുറുക്കോടെ ഓരോ ജോലി ചെയ്യാത്ത വകയ്ക്ക് മുത്തശ്ശി പൊന്നമ്മയെ ഓരോ കളിയാക്കൽ വർത്തമാനം പറയുമെങ്കിലും തിത്തിമിക്ക് ആ അമ്മൂമ്മയെ ഇഷ്ടമാണ്. നല്ല ഇടതൂർന്ന മുടിയും അടിവച്ചടിവച്ച് പതുക്കെയുള്ള ആ നടപ്പും അടുത്തുവന്ന് തിത്തിമിയെ നോക്കിയുള്ള ചിരിയുമൊക്കെ കാണുമ്പം തിത്തിമിക്ക് ആ അമ്മൂമ്മയോടും അറിയാതെ ഒരിഷ്ടം തോന്നും.
തിത്തിമിയുടെ മുത്തശ്ശിക്ക് എല്ലാ മുത്തശ്ശിമാരെക്കാളും എല്ലാ ജോലിക്കും ഇത്തിരി സ്പീഡ് കൂടുതലാ. ചിലപ്പോ മുത്തശ്ശി അക്കാര്യത്തിൽ തന്നെ സ്വയം പുകഴ്ത്തുന്ന ചില ഡയലോഗൊക്കെ തട്ടിവിടുകയും ചെയ്യും. ‘‘സമയം നമ്മൾക്കു വേണ്ടി കാത്തുനിൽക്കത്തില്ല. നമ്മള് സമയത്തിനു വേണ്ടി കാത്തുനിൽക്കണം എന്നു പറയും ചിലപ്പോ. എന്തെങ്കിലും അടുക്കളസാധനം നോക്കിയിട്ട് വേഗം കിട്ടിയില്ലെങ്കിൽ മുത്തശ്ശി പറയുന്നതു കേൾക്കാം, ഇനി അതേത് കേന്ദ്രത്തിലാ കൊണ്ടുവച്ചിരിക്കുന്നതെന്ന് അറിയത്തില്ല എന്ന്.
ചില വീട്ടുകാര്‍ മുത്തശ്ശിയെ കൂടെക്കൂടെ കാണാൻ വരും. വേറെ ചിലര് പക്ഷേ വന്നു കാണുന്നുണ്ടാവില്ല. അവര് പക്ഷേ തന്നെ കാണാൻ വരാതെ വേറെ ചില വീടുകളിലൊക്കെ പോവാൻ സമയം കണ്ടെത്തുന്നുണ്ട് എന്ന കാര്യം ആരെങ്കിലും പറഞ്ഞ് മുത്തശ്ശി അറിയും. വന്നു കാണാത്തവര് ചില ഉപദേശങ്ങൾ വേറെ ചിലരിൽ നിന്ന് സ്വീകരിക്കുന്നുണ്ട് എന്നും മുത്തശ്ശിയുടെ ചെവിയിൽ എത്തും. ഉടനെ മുത്തശ്ശിപറയും, ‘‘അവരങ്ങനാ എല്ലാം ഇവിടുത്തുകാര്‍ പറയുന്നതുപോലല്ല മറ്റേ ഹൈക്കമാൻഡ് പറയുന്നതു പോലല്ലേ കേൾക്കൂ.’’ അങ്ങനെ കേന്ദ്രവും ഹൈക്കമാൻഡുമൊക്കെ വീട്ടിലെ വർത്തമാനങ്ങളിൽ നിത്യവും ഉപയോഗിക്കുന്ന മുത്തശ്ശിയാണ് തിത്തിമിയുടേത്.
(തുടരും)