ADVERTISEMENT

? വർഷങ്ങൾക്കു മുൻപു ഞങ്ങൾ വാങ്ങിയ വസ്തു. അതിനുശേഷം 5 വീട്ടുകാർ അതിനപ്പുറം സ്ഥലം വാങ്ങി. അവർ അവിടെ വീടു വയ്ക്കുകയും ചെയ്തു. 5 വീട്ടുകാർക്കും സ്ഥലം കൊടുത്ത സ്ഥല ഉടമ ഞങ്ങളുടെ പുരയിടത്തിലൂടെ ഉള്ള വഴി കാണിച്ചിട്ട് ഇതാണ് അവരുടെ വഴി എന്നാണു പറഞ്ഞിരിക്കുന്നത്. എന്നാൽ അവരുടെ പ്രമാണത്തിൽ ഇങ്ങനെ ഒരു വഴി ഉള്ളതായിട്ടോ ആ വഴിക്ക് ഇവരുടെ കയ്യിൽ വ്യക്തമായ രേഖക ളോ ഒന്നുംതന്നെ ഇല്ല. എന്നാൽ വർഷങ്ങളായി ആ വഴിക്ക് ഉൾപ്പെടെ കരം അടയ്ക്കുന്നതു ഞാനും എന്റെ വീട്ടുകാരുമാണ്. എന്നുവച്ചാൽ അതു ശരിക്കും വഴി അല്ലായിരുന്നു. മറിച്ചു ഞങ്ങളുടെ പ്രമാണത്തിലുള്ള സ്ഥലം ആയിരുന്നു. അതിപ്പോൾ അവർ വഴി ആയിട്ട് വർഷങ്ങളായി ഉപയോഗിച്ചു വരികയാണ്. ഞങ്ങൾ താമസത്തിനു വരുന്നതിനു മുൻപേ അവർ ഞങ്ങളുടെ വസ്തുവിന്റെ അതിരു തിരിച്ചിരുന്ന കല്ല് എടുത്തു കളയുകയും ഞങ്ങൾ കെട്ടിയിരുന്ന വേലി പൊളിച്ചുകളയുകയും ചെയ്തു. വഴിയെന്ന വ്യാജേന ഞങ്ങളുടെ ഭൂമി കയ്യേറിക്കൊണ്ടിരിക്കുകയുമാണ്. അതിരു തിരിച്ചു കല്ലിടാൻ ഞാൻ സർക്കാർ സർവേയറെ കൊണ്ടുവന്നു. അദ്ദേഹം ഞങ്ങളുടെ പുരയിടത്തിന്റെ സ്കെച്ച്, പ്ലാൻ എല്ലാമായാണ് വന്നത്. ആ 5 വീട്ടുകാരോടു പറഞ്ഞു, നിങ്ങൾക്ക് ഇങ്ങനൊരു വഴി സർക്കാർ രേഖകളിൽ ഇല്ല, നിങ്ങൾ ഈ നടക്കുന്ന വഴി ആന്റണിയുടേതാണ് (അതായത് എന്റെ). എന്നാൽ സർവേയറോട് ഈ വീട്ടുകാർ കയർക്കുകയും അവിടെ അളക്കാൻ പറ്റില്ല എന്നു പറഞ്ഞു വഴക്കുണ്ടാക്കുകയും ചെയ്തു. അതു കണ്ട് സർവേയർ തിരിച്ചുപോയി. വഴക്ക് ഒഴിവാക്കാനും അതു പോലെതന്നെ നടവഴി കൊടുക്കണമെന്ന് അറിയാവുന്നതുകൊണ്ടും ഞങ്ങൾ പറഞ്ഞു, വഴി കഴിച്ചിട്ടു (1.20 മീറ്റർ) ബാക്കി അളന്നു കല്ലിടാൻ. എന്നിട്ടും ഈ അഞ്ചു വീട്ടുകാർ അതിനു തയാറാകാതെ വീണ്ടും വഴക്കിനു വരികയാണ്. ഇതിന് ഒരു പ്രതിവിധിക്കു ഞാൻ ആരെയാണ് സമീപിക്കേണ്ടത്. കേസിനു പോയാൽ ഞാൻ ഇവർക്ക് എത്ര വഴി വിട്ടു കൊടുക്കണമെന്നായിരിക്കും കോടതി പറയുക. മീറ്റർ കണക്കിൽ വഴി ഈ അഞ്ചു വീട്ടുകാരുടെ പേരിൽ എഴുതിക്കൊടുക്കേണ്ടി വരുമോ. - ആന്റണി

അയൽവസ്തുവിൽനിന്ന് അന്യവസ്തുവിൽക്കൂടി വഴിനടക്കുന്നതിനുള്ള അവകാശം ഈസ്മെന്റ് അവകാശങ്ങൾ എന്ന വിഭാഗത്തിലുൾപ്പെടുന്നു. 1882ലെ ഇന്ത്യൻ ഈസ്മെന്റ് നിയമത്തിലാണ് ഇതു സംബന്ധിച്ചുള്ള വ്യവസ്ഥയുള്ളത്. പല വിധത്തിലും ആ അവകാശം സിദ്ധിക്കാം. ചില വിഭാഗങ്ങളിൽപ്പെട്ട വഴിയവകാശത്തിനു രേഖകൾ വേണമെന്നോ അത് അവകാശപ്രമാണത്തിൽ പറഞ്ഞിരിക്കണമെന്നോ ഇല്ല. ഉദാഹരണമായി അന്യവസ്തുവിൽക്കൂടി സമാധാനപരമായും തടസ്സം കൂടാതെ തുടർച്ചയായും പരസ്യമായും ഒരവകാശമെന്ന നിലയിൽ 20 കൊല്ലം വഴി ഒരവകാശമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആ അവകാശത്തിനു നിയമത്തിന്റെ സംരക്ഷണം കിട്ടുന്നു. 

അതുപോലെതന്നെ ഒരാളുടെ വസ്തു പലർക്കായി കൊടുക്കുകയോ, ഭാഗിക്കുകയോ ചെയ്യുമ്പോൾ ഏതെങ്കിലും വിഭാഗം വസ്തു ഉടമസ്ഥനു പുറത്തേക്കു പോകാൻ മാർഗമില്ലെങ്കിൽ ഒരവകാശം എന്ന നിലയിൽ അയാൾക്കു പുറത്തേക്കു പോകാൻ മറ്റേതെങ്കിലും വീതക്കാരനോ വീതക്കാരോ വഴി കൊടുക്കണമെന്നാണ് നിയമം. അതു പ്രമാണത്തിൽ പറഞ്ഞിരിക്കണമെന്നില്ല. മറ്റു രേഖകളും ആവശ്യമില്ല. വഴിയവകാശം സംബന്ധിച്ചു രേഖകളുണ്ടെങ്കിൽ ആ രേഖകളിൽ പറയുന്ന വ്യവസ്ഥകളനുസരിച്ചു വഴിയവകാശം ഉപയോഗിക്കാം. ഇപ്രകാരം നിയമം അംഗീകരിക്കുന്ന വഴിയവകാശം തടസ്സപ്പെടുത്താൻ ഉടമസ്ഥനുപോലും അവകാശമില്ല. 

ഒരു പ്രധാന കാര്യം ഇപ്രകാരം വഴിയവകാശമുള്ളവർക്കു വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നില്ലെന്നതാണ്. ഉടമസ്ഥനു വഴിയവകാശം ഒരു തരത്തിലും തടസ്സപ്പെടുത്താൻ പാടില്ലെന്നതൊഴിച്ചാൽ മറ്റവകാശങ്ങളെല്ലാം അയാളിൽതന്നെ നിക്ഷിപ്തമായിരിക്കും. ഉടമസ്ഥനാണ് ഭൂനികുതി കൊടുക്കേണ്ടത്.

നിങ്ങളുടെ വസ്തുവിൽക്കൂടി വഴിയുണ്ടെന്നു പറഞ്ഞു ബലമായി നിങ്ങളുടെ വസ്തു കയ്യേറുമെന്നു ഭയമുണ്ടെങ്കിൽ കോടതിയെ സമീപിച്ചു പരിഹാരം നേടാം. പഞ്ചായത്ത് റോഡാണോ, പൊതുവഴിയാണോ, അവിടം വരെയുള്ള വസ്തുവിന്റെ ഉടമ നിങ്ങളാണോ, അതിനു കരം കൊടുക്കുന്നത് ആരാണ് എന്നും മറ്റുമുള്ള പൂർണ വിവരങ്ങളും നിങ്ങളുടെ വസ്തുവിൽക്കൂടി 1.20 മീറ്റർ വഴി ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാനം എന്താണെന്നും വ്യക്തമല്ലാത്തതുകൊണ്ടും കൃത്യമായി മറുപടി പറയാനാവില്ല. സിവിൽ കോടതിയിൽ കേസ് കൊടുക്കുന്നതു സംബന്ധിച്ച് അഭിഭാഷകനുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയേ മാർഗമുള്ളൂ. വഴിയവകാശം സംബന്ധിച്ചു ചില സാമാന്യ വിവരങ്ങൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്.

English Summary:

Land encroachment disputes require legal expertise. Understanding easement rights under the Indian Easement Act of 1882 is crucial for resolving property boundary conflicts.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com