ADVERTISEMENT

അധ്യായം: എട്ട്

റെയിൽവേ ലിങ്ക് റോഡിലെ പരിശോധന പൂർത്തിയാക്കി ഡി.വൈ.എസ്.പി പ്രതാപ് പൊലീസ് ക്ലബ്ബിലെത്തുമ്പോൾ അവിടത്തെ വരാന്തയിൽ വെറുതെ വഴിയിലേക്കും നോക്കിയിരിക്കുകയായിരുന്നു എ.സി.പി രവിശങ്കർ.

"എന്തായി പ്രതാപ്?" അയാളെ കണ്ട പാടെ രവിശങ്കർ ചോദിച്ചു.

തന്റെ കൈയിലുള്ള പാക്കറ്റുകൾ വരാന്തയുടെ ഒരിടത്ത് ഭദ്രമായി ഒതുക്കി വെച്ച് പ്രതാപ് രവിശങ്കറിനടുത്തേക്ക് നടന്നെത്തി.

"ഇരിക്ക്..." രവിശങ്കർ ഒരു കസേര നീക്കിയിട്ടു കൊണ്ട് പറഞ്ഞു.

പ്രതാപ് ഇരുന്നു. ശേഷം പറഞ്ഞു: "സർ,ഈ കേസിൽ നമ്മളിനിയുമൊരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. റെയിൽവേ ലിങ്ക് റോഡിലെ പരിശോധനയിൽ നിന്നും അതാണ് മനസ്സിലാകുന്നത്."

"എടോ, താനൊരുമാതിരി ഡിറ്റക്ടീവ് നോവലിസ്റ്റുകളുടെ ഭാഷ സ്വീകരിക്കാതെ കാര്യങ്ങൾ തെളിച്ചു പറയ്." രവിശങ്കർ നേർത്ത ചിരിയോടെ പറഞ്ഞു. അയാളുടെ അക്ഷമ പ്രതാപിന് മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

പ്രതാപ് പറഞ്ഞു:

"സർ, റെയിൽവേ ലിങ്ക് റോഡിന്റെ ഒരു വശത്തെ കാട് വലിയ താഴ്ചയിലാണുള്ളത്. റോഡിന്റെ നിരപ്പിൽ നിന്നും താഴേക്ക് താഴേക്ക് വ്യാപിക്കുന്ന കാട്. ഈ കാട്ടിൽ നിന്നും ലഭിച്ച മനാഫിന്റെ ബാഗും വാച്ചും മൊബൈലുമൊക്കെ അടക്കമുള്ള സാധനങ്ങളാണ് ഞാനിപ്പോൾ ഇവിടെ ഈ വരാന്തയിൽ കൊണ്ടുവെച്ചത്. കാർ തനിക്ക് നേരെ പാഞ്ഞടുത്തപ്പോൾ പ്രാണരക്ഷാർത്ഥം അയാൾ ഈ കാട്ടിലേക്ക് എടുത്ത് ചാടിക്കാണും. ആ വീഴ്ച്ചയിലായിരിക്കാം അയാൾക്ക് പരിക്ക് പറ്റിയത്. കാറിടിപ്പിച്ച് കൊല്ലുക എന്ന പദ്ധതി പാളിയതോടെ ഇതിന് പിന്നിലുള്ളവർ കാറുമായി കടന്നു കളഞ്ഞു കാണും. റോഡിൽ നിന്നും മുന്നൂറ് മീറ്ററോളം താഴ്ച്ചയിലാണ് മനാഫിന്റെ ഈ സാധനങ്ങൾ കിടന്നിരുന്നത്. അതായത് അത്രയും താഴ്ച്ചയിലേക്ക് ഉരുണ്ടു വീഴുകയാണയാൾ ചെയ്തത്. സാധനങ്ങൾ കണ്ടെത്തിയിടത്ത് ചോരപ്പാടുകൾ കണ്ടു. ഒരു കരിങ്കല്ലിൽ വലിയ തോതിൽ രക്തം കട്ട പിടിച്ചിരിക്കുന്നത് കണ്ടു. തലയിടിച്ചതായിരിക്കാം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഈ പരിക്കുകളെക്കുറിച്ച് പരാമർശിക്കപ്പെടുമെന്ന് കരുതാം."

"രക്തം ചീറ്റിയൊഴുകുന്ന തരത്തിലുള്ള പരിക്കുകളേറ്റ അയാൾക്ക് കിലോമീറ്ററുകൾക്കപ്പുറത്തുള്ള സെമിത്തേരിമുക്കിലെ ഡിസ്പെൻസറിയിൽ തനിച്ച് എത്തിച്ചേരാൻ സാധിക്കില്ല. അപ്പോൾ ആരോ അയാളെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തം."

"വീഴ്ച്ചയിൽ തെറിച്ചു വീണ മൊബൈൽ പ്രവർത്തനരഹിതമാണ്. മാത്രമല്ല വള്ളിപ്പടർപ്പുകൾക്കുള്ളിൽ നിന്നും മൊബൈൽ കണ്ടെത്താൻ അയാൾക്ക് സാധിച്ചുമില്ലല്ലോ. അപ്പോൾ മൊബൈലിൽ ആരെയെങ്കിലും വിളിച്ച് സഹായമഭ്യർത്ഥിച്ചു എന്ന് കരുതാനാവില്ല. പ്രാണ ഭയം കൊണ്ടും, മുറിവുകളിലെ വേദന കൊണ്ടും പൊറുതിമുട്ടിയ അയാൾ തന്റെ സാധനങ്ങളെല്ലാം തന്നെ അവിടെ ഉപേക്ഷിച്ച് മേലേക്ക് പിടിച്ചു കയറി. റോഡിലെത്താൻ അയാൾക്ക് സാധിച്ചു. പക്ഷെ അവിടെ നിന്നും മുന്നോട്ട് പോകാനായില്ല. ബോധം മറഞ്ഞു!"

"അതെങ്ങനെ മനസ്സിലായി?" രവിശങ്കർ ചോദിച്ചു.

"സർ, ഈ റെയിൽവേ ലിങ്ക് റോഡ് ചെന്ന് മുട്ടുന്നത് റെയിൽവേ സ്‌റ്റേഷന് പിന്നാമ്പുറത്തുള്ള ഒരു ചെറിയ കവലയിലാണ്. അവിടെ രണ്ടു മൂന്ന് പീടികകളുണ്ട്. ഞാൻ ആ പീടികക്കാരോട് അന്വേഷിച്ചു. പരിക്കേറ്റ് ബോധം മറഞ്ഞ നിലയിൽ വഴിയരികിൽ കിടന്ന ഒരാളെ അതിലേ പോയ രണ്ടു മൂന്ന് അതിഥി തൊഴിലാളികൾ താങ്ങിയെടുത്ത് കൊണ്ടു വന്ന് പീടിക വരാന്തയിൽ കിടത്തിയിട്ട് പോയെന്ന് അവർ പറഞ്ഞു. ഈ പീടികക്കാരാണ് അയാളെ സെമിത്തേരിമുക്കിലെ ഡിസ്പെൻസറിയിൽ എത്തിച്ചത്. ഈ പീടികക്കാരുടെ ഡീറ്റെയ്ൽസും, അയാളെ ഡിസ്പെൻസറിയിൽ എത്തിച്ച ഓട്ടോക്കാരന്റെ വിവരങ്ങളും, സംഭവ സ്ഥലത്തെ സാമ്പിളുകളും നമ്മൾ ശേഖരിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾ അവിടെ എത്തുന്നതിന് മുൻപോ ശേഷമോ ഒരു കാർ അതിലേ പോയോ എന്ന് ഞാൻ പീടികക്കാരോട് ചോദിച്ചു. എന്നാൽ ശ്രദ്ധിച്ചില്ല എന്നായിരുന്നു അവരുടെ മറുപടി. ആ പരിസരത്തൊന്നും ക്യാമറകളുമില്ല. അതുകൊണ്ട് ആ കാറേതെന്ന് ട്രേസ് ചെയ്യാൻ സാധിച്ചിട്ടില്ല."

"ശരി. പ്രതാപ്, നമുക്കുടനെ ഡോ.നമ്പൂതിരിയുടെ ഡിസ്പെൻസറിയിൽ ചെന്ന് വിവരങ്ങൾ തിരക്കണം. നമ്പൂതിരി ഡോക്ടറെ ഒന്ന് കണ്ട് കളയാം. അറ്റ്ലീസ്റ്റ് റെയിൽവേ ലിങ്ക് റോഡിൽ വെച്ച് മനാഫിനേറ്റ പരിക്കുകളെക്കുറിച്ചെങ്കിലും അറിയാമല്ലോ."

"ശരിയാണ് സർ. നമുക്ക് പുറപ്പെടാം." പ്രതാപ് പറഞ്ഞു.രണ്ടു പേരും എഴുന്നേറ്റു.പിന്നെ നേരത്തെ വരാന്തയിൽ വെച്ച മനാഫിന്റെ സാധനങ്ങൾ പോലീസ് ക്ലബ്ബിന്റെ മുകളിലെ നിലയിലെ കോൺഫിഡൻഷ്യൽ ലോക്കറിലേക്ക് മാറ്റി. ശേഷം അവർ സെമിത്തേരിമുക്കിലേക്ക് പുറപ്പെട്ടു. പത്തോ പതിനഞ്ചോ മിനിട്ടുകൾക്കകം അവർ ഡോ.നമ്പൂതിരിയുടെ ഡിസ്പെൻസറിയിൽ എത്തി. അവർ ചെല്ലുമ്പോൾ അവിടെ തീരെ തിരക്കുണ്ടായിരുന്നില്ല. ഡോ.നമ്പൂതിരി കൺസൾട്ടിങ് മുറിയിൽ തന്നെ ഉണ്ടായിരുന്നു.

"പൊലീസുകാരാണ്. ഞങ്ങൾക്ക് ഡോക്ടറെ ഒന്ന് കാണണം. ഒരു കേസിന്റെ ആവശ്യത്തിനാണ്." പ്രതാപ് റിസപ്‌ഷനിലെ നേഴ്സിനോട് പറഞ്ഞു. ആ പെൺകുട്ടി ഇന്റർകോമിലൂടെ ഡോക്ടറുമായി സംസാരിച്ചു. ശേഷം പറഞ്ഞു:

"ചെന്നോളൂ സർ, ഡോക്ടർ അകത്തുണ്ട്."  

രവിശങ്കറും പ്രതാപും ഡോ.നമ്പൂതിരിയുടെ കൺസൾട്ടിങ് റൂമിലേക്ക് ചെന്നു.

"വരൂ... വരൂ... ഇരിക്കൂ..." ഡോക്ടർ ചിരിയോടെ അവരെ സ്വാഗതം ചെയ്തു. എൺപത്തിയൊന്ന് വയസ്സുള്ള ആ മനുഷ്യന്റെ ചിരിക്ക് ഒരു ചെറുപ്പക്കാരന്റെ ചിരിയേക്കാൾ യൗവനമുണ്ടായിരുന്നു. ചിട്ടയായ ജീവിത ശൈലികൾക്കൊണ്ട് ആർജിച്ചെടുത്ത ദീർഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും ധന്യതയിൽ ഈ പ്രായത്തിലും കർമ്മപഥത്തിൽ തുടരുന്ന ഒരു മനുഷ്യൻ. അതാണ് ഡോ.നമ്പൂതിരി!

"ഇന്നലെ രാത്രി ഇവിടെ ചികിത്സ തേടിയെത്തിയ ഒരാൾ കൊല്ലപ്പെട്ട സ്ഥിതിക്ക്, അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വരുമെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഞാൻ എല്ലാ സ്‌റ്റാഫിനോടും പറഞ്ഞിരുന്നു." ഡോ.നമ്പൂതിരി ചിരിയോടെ പറഞ്ഞു.

"അതേതായാലും നന്നായി ഡോക്ടർ. അല്ലെങ്കിൽ പോലീസെന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ ആളുകൾ പെട്ടെന്ന് വറീഡാകും." രവിശങ്കർ പറഞ്ഞു.

"ഇന്നലെ സന്ധ്യ കഴിഞ്ഞാണ് അയാളെ ഇവിടെ കൊണ്ടു വന്നത്. ഇന്ന് രാവിലെ അയാൾ മരിച്ചു എന്നറിയുകയും ചെയ്തു. സത്യത്തിൽ ഞാൻ വല്ലാതെ ഷോക്കായിപ്പോയി!" ഡോ.നമ്പൂതിരി പറഞ്ഞു.


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"ഓരോരുത്തർക്കും ഓരോ വിധിയാണല്ലോ ഡോക്ടർ. നമുക്കെന്ത് ചെയ്യാൻ പറ്റും? ബൈ ദ വേ... അയാളുടെ മുറിവുകളുടെ സ്വഭാവമെന്തായിരുന്നു? എത്ര സമയം അയാൾ ഇവിടെ ചിലവഴിച്ചു?" രവിശങ്കർ ചോദിച്ചു.

"തലക്കും കൈകാലുകൾക്കും പരിക്കേറ്റിരുന്നു. എന്ത് സംഭവിച്ചതാണെന്ന ചോദ്യത്തിന് വീണതാണെന്ന് മാത്രം മറുപടി പറഞ്ഞു. പരിക്കുകൾ സാരമുള്ളതായിരുന്നില്ല. എന്നാൽ ആഴമുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ചോര വാർന്നൊഴുകുന്നുണ്ടായിരുന്നു. മരുന്ന് വെച്ചുകെട്ടി. ഒടിവുകളോ ചതവുകളോ മറ്റ് സങ്കീർണതകളോ ഇല്ല എന്ന് കണ്ടാണ് ഡിസ്ചാർജ് ചെയ്തത്. പക്ഷെ ഒരാഴ്ച്ചയെങ്കിലും നല്ല പോലെ റെസ്റ്റ് എടുക്കണമെന്ന് ഞാൻ നിർദേശിച്ചു."

"ഞങ്ങൾക്ക് അയാളുടെ ഡിസ്ചാർജ് സമ്മറിയൊന്ന് തരണം സർ." പ്രതാപ് പറഞ്ഞു.

"അതിനെന്താ, റിസപ്‌ഷനിൽ നിന്നും വാങ്ങിക്കോളൂ.ഞാൻ വിളിച്ച് പറഞ്ഞേക്കാം." ഡോക്ടർ തലയാട്ടിക്കൊണ്ട് പറഞ്ഞു.

"എത്ര മണിയോടെയാണ് അയാൾ ഇവിടെ നിന്നും പോയത്?" രവിശങ്കർ ചോദിച്ചു.

"രാത്രി പത്തര മണിയായിക്കാണും. ഒരു ഓട്ടോ പിടിച്ച് പോകുന്നത് കണ്ടു എന്ന് നേഴ്‌സുമാർ പറഞ്ഞു. എന്നാൽ അരമുക്കാൽ മണിക്കൂർ കഴിഞ്ഞ് അയാൾ തിരികെ വന്നു." ഇത് കേട്ട് പ്രതാപും രവിശങ്കറും അതിശയത്തോടെ ഡോക്ടറെ നോക്കി.

"എന്തിനായിരുന്നു അയാൾ മടങ്ങി വന്നത്?" പ്രതാപ് ആകാംക്ഷയോടെ ചോദിച്ചു.

"രാത്രികളിൽ പന്ത്രണ്ട് മണിക്ക് മുൻപ് തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങും. പിന്നെ രാവിലെ പതിനൊന്ന് മണിക്കേ വരൂ. അതുവരെ ഇവിടെയുണ്ടാകുക എന്റെ ചെറുമകനാണ്. ഇന്നലെ പതിവ് പോലെ പതിനൊന്നരയോടടുപ്പിച്ച് ഞാൻ പോകാനിറങ്ങുമ്പോഴാണ് അയാൾ തിരികെ വന്നത്. ഒരു യൂബർ ടാക്സി വിളിച്ചു കൊടുക്കണമെന്നായിരുന്നു ആവശ്യം. ആ നേരത്ത് മെട്രോയും ബസുമൊന്നും ഉണ്ടാകില്ലല്ലോ. അയാളുടെ പക്കൽ മൊബൈൽ ഉണ്ടായിരുന്നുമില്ല. മാത്രമല്ല, കളമശ്ശേരിയിലാണ് വീടെന്നും അത്രയും ദൂരം ഓട്ടം വരാൻ ഓട്ടോക്കാരാരും തയ്യാറാകുന്നില്ല എന്നും അയാൾ പറഞ്ഞു. ഞാൻ അയാൾക്ക്, കളമശ്ശേരിക്ക് യൂബർ ടാക്സി വിളിച്ചു കൊടുത്തു."

"ആ ടാക്സി ക്യാബിന്റെ നമ്പറും ഡ്രൈവറുടെ ഡീറ്റെയ്ൽസും ആപ്പിൽ നിന്നും കിട്ടുമല്ലോ. അതൊന്ന് പ്രതാപിന് വാട്സാപ്പ് ചെയ്യൂ ഡോക്ടർ." രവിശങ്കർ പറഞ്ഞു.

പ്രതാപ് തന്റെ നമ്പർ ഡോക്ടർക്ക് പറഞ്ഞു കൊടുത്തു.ഡോക്ടർ ആ നമ്പർ സേവ് ചെയ്തു. ശേഷം യൂബർ ടാക്സിയുടെ ആപ്പിൽ കയറി ബുക്കിംഗ് ഡീറ്റെയിൽസ് സ്ക്രീൻ ഷോട്ട് എടുത്ത് പ്രതാപിന്റെ നമ്പറിൽ വാട്സാപ്പ് ചെയ്തു.

"ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. നിങ്ങൾ തന്ന വിവരങ്ങൾ പ്രതികളിലേക്കെത്താൻ ഞങ്ങൾക്ക് സഹായകരമാകും." പോകാനെഴുന്നേറ്റു കൊണ്ട് രവിശങ്കർ പുഞ്ചിരിയോടെ പറഞ്ഞു.

"ഇത് എന്റെ കടമയാണല്ലോ സർ. എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരൂ." ഡോക്ടർ രണ്ടുപേർക്കും ഹസ്തദാനം നൽകി. പ്രതാപും രവിശങ്കറും റിസപ്‌ഷനിൽ നിന്നും മനാഫിന്റെ ഡിസ്ചാർജ് സമ്മറിയും വാങ്ങി ഡിസ്പെൻസറിക്ക് പുറത്തിറങ്ങി.വാഹനം അവർക്ക് മുന്നിൽ വന്ന് നിന്നു. അവരതിൽ കയറി.

(തുടരും)

English Summary:

Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com