മകളെ കാണാനില്ല; മാർക്കോയുടെയും ആനിന്റെയും പിഴവാണോ കാരണം? മറഞ്ഞിരിക്കുന്ന ശത്രു ആര്?

Mail This Article
മകളായ കോറ ജനിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളൂ. മാർക്കോയുടെയും ആനിയുടെയും ജീവിതരീതികൾ ഈ കാലയളവുകൊണ്ടു തന്നെ ആകെ മാറിമറിഞ്ഞിട്ടുണ്ട്. അവർ ഇപ്പോൾ പുറത്തു പോകാറേയില്ല. കുഞ്ഞിനെ നോക്കാനാണ് പരമാവധി സമയം ഉപയോഗിക്കുന്നത്. കോറയുമായി സുഖമായ ജീവിതം നയിക്കുമ്പോഴും ചില പ്രശ്നങ്ങൾ അവരെ അലട്ടുന്നുണ്ട്. അതിൽ പ്രധാനം ആന്‍ പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോകുന്നു എന്നതാണ്. അവളെ കൂടെ നിന്ന് സഹായിക്കുന്ന മാർക്കോ നല്ലൊരു ഭർത്താവാണ്.
അങ്ങനെയിരിക്കയാണ് അവരുടെ അടുത്തു താമസിക്കുന്ന സിന്തിയയുടെയും ഗ്രഹാം സ്റ്റിൽവെല്ലിന്റെയും വീട്ടിൽ ഒരു പാർട്ടി നടക്കുന്നത്. ഗ്രഹമിന്റെ ജന്മദിനം ആഘോഷിക്കാൻ ഏർപ്പെടുത്തിയ പാർട്ടിയിലേക്ക് ആൻ-മാർക്കോ ദമ്പതികളെയും അവർ ക്ഷണിക്കുന്നു. പക്ഷേ, പാർട്ടിയിൽ കുട്ടികൾക്കു പ്രവേശനമില്ല. അതുകൊണ്ടുതന്നെ ആനിനു പാർട്ടിക്കു പോകാൻ താൽപര്യമില്ല. പക്ഷേ മാർക്കോയ്ക്കു പാർട്ടിക്കു പോകണം. ആൻ പോകാൻ സമ്മതിക്കുകയും കുഞ്ഞിനെ നോക്കാൻ ഒരു ബേബി സിറ്ററെ വിളിക്കുകയും ചെയ്യുന്നു. പക്ഷേ അവസാന നിമിഷം ആ ബേബി സിറ്ററിനു വരാൻ സാധിക്കില്ലെന്നു അറിയിക്കുന്നു. അതോടെ മാർക്കോ ഒറ്റയ്ക്കു പോയ്ക്കോളൂ എന്ന് ആൻ പറയുന്നുണ്ടെങ്കിലും പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നു പോകുന്ന അവൾ കൂടി വരുന്നതായിരിക്കും നല്ലതെന്നാണ് അയാൾ കരുതുന്നത്.
"നീ പുറത്തു പോകുന്നത് നല്ലതായിരിക്കും, ഡോക്ടർ എന്താണ് പറഞ്ഞതെന്ന് നിനക്കറിയാമല്ലോ?"
ഉറങ്ങുന്ന കുഞ്ഞിനെ തനിച്ചാക്കി പോയാലും ബേബി മോണിറ്റർ ഓണാക്കി വയ്ക്കുകയും ഓരോ മുപ്പത് മിനിറ്റിലും അവളെ നോക്കാനെത്തുകയും ചെയ്യാമെന്ന് അയാൾ ഭാര്യയായ ആനിനെ പറഞ്ഞു സമ്മതിപ്പിക്കുന്നു. അവർ പാർട്ടിയിൽ എത്തുന്നുണ്ടെങ്കിലും ആനിന് അത് ആസ്വദിക്കാൻ കഴിയുന്നില്ല. അതിസുന്ദരിയായ സിന്തിയ മാർക്കോയുമായി അടുത്തിടപഴകുന്നതു കണ്ട് ആൻ കൂടുതൽ അസ്വസ്ഥയാകുന്നു. മാർക്കോ പാർട്ടി ആസ്വദിക്കുന്നുവെന്നു മാത്രമല്ല പോകാൻ തിടുക്കം കാട്ടുന്നുമില്ല. ഒടുവിൽ സഹികെട്ടു പുലർച്ചെ ഒരു മണിക്ക് ആനി വീട്ടിലേക്കു പോകാൻ ഇറങ്ങുന്നതോടെ മാർക്കോയും ഒപ്പം പോകാൻ തീരുമാനിക്കുന്നു. എന്നാൽ, അവർ എത്തുമ്പോൾ കാണുന്നത് മുൻവാതിൽ തുറന്നിരിക്കുന്നതാണ്. ആനി ഓടി കുഞ്ഞിന്റെ മുറിയിലെത്തിയപ്പോഴാണ് ആ സത്യം അവർ മനസ്സിലാക്കുന്നത്. കുഞ്ഞിനെ കാണുന്നില്ല...!

സാധാരണ ജീവിതത്തിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും അവിശ്വാസവും ഭീതിയും ഒരു കുടുംബത്തെ എങ്ങനെ തകർക്കും എന്നതിന്റെ ശക്തമായ ചിത്രീകരണമാണ് കനേഡിയൻ നോവലിസ്റ്റായ ഷാരി ലപീന എഴുതിയ 'ദ് കപ്പിൾ നെക്സ്റ്റ് ഡോർ' എന്ന നോവൽ. ഓരോ പേജിലും അടുത്തത് എന്താണെന്ന് അറിയാനുള്ള ആകാംഷ നിലനിർത്തുന്ന മികച്ച ത്രില്ലർ നോവലാണിത്. ആൻ, മാർക്കോ, സിന്തിയ, ഗ്രാഹം എന്നിവരുടെ ജീവിതങ്ങളിൽ എന്തെല്ലാം രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നു? കോറയെ തട്ടിക്കൊണ്ടുപോയത് ആരാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള യാത്രയാണ് ഈ നോവൽ.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ഡിറ്റക്ടീവ് റാസ്ബാക്കും ഡിറ്റക്ടീവ് ജെന്നിംഗ്സും സ്ഥലത്തെത്തുന്നു. പ്രസവാനന്തര വിഷാദത്തിനു മരുന്ന് കഴിക്കുകയും മാതൃത്വവുമായി പൊരുത്തപ്പെടാൻ പാടുപെടുകയും ചെയ്യുന്ന ആനിനെയാണ് അവർ ആദ്യം സംശയിക്കുന്നത്. എന്നാൽ, ആ സമയം മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടു ഒരു സന്ദേശം വരുകയും ആനിന്റെ വീട്ടുകാർ ആ പണം നൽകുകയും ചെയ്യുന്നു. പക്ഷേ കുഞ്ഞിനെ തിരികെ കിട്ടുന്നില്ല.
മാർക്കോയുടെ കമ്പനിയുടെ സാമ്പത്തിക രേഖകൾ പരിശോധിക്കുന്നതോടെ അയാള്‍ കടത്തിലാണെന്നും അതിൽ നിന്നും രക്ഷപ്പെടാനായി ആനിന്റെ കുടുംബത്തിൽ നിന്നും പണം തട്ടാനായി അയാൾ മകളെ തട്ടിക്കൊണ്ടു പോകൽ നാടകം നടത്തിയതെന്നും പൊലീസിനു മനസ്സിലാകുന്നു. 5 മില്യൺ ഡോളർ മോചനദ്രവ്യം കിട്ടിയ ഉടൻ കുഞ്ഞിനെ തിരികെ കൊണ്ടു വരാം എന്ന പദ്ധതി പാളി പോയി. അതു ചെയ്യാനേൽപ്പിച്ചിരുന്ന വ്യക്തി കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിരാശനായ മാർക്കോ, അര മില്യൺ ഡോളർ വായ്പ നൽകാമോ എന്നു ആനിന്റെ രണ്ടാമച്ഛനോട് അഭ്യർഥിച്ചിരുന്നു. അതു നിരസിക്കപ്പെട്ടപ്പോഴാണ് ഒരു ബാറിൽ കണ്ടുമുട്ടിയ ബ്രൂസ് നീലാൻഡിനെ തട്ടിക്കൊണ്ടുപോകൽ നാടകത്തിനായി നിയോഗിച്ചത്. എന്നാൽ, യഥാർഥ സസ്പെൻസ് പുറത്തു വരുന്നത്, ആനിന്റെ രണ്ടാമച്ഛനായ റിച്ചാർഡാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് അറിയുമ്പോഴാണ്. ആനിന്റെ അമ്മയുടെ സമ്പത്ത് ലഭിക്കാൻ വേണ്ടി റിച്ചാർഡ് മാര്‍ക്കോയെ കരുവാക്കുകയായിരുന്നു.

വലിയൊരു തുക കൈക്കലാക്കി ആനിന്റെ അമ്മയെ വിവാഹമോചനം ചെയ്യാനും രഹസ്യബന്ധമുണ്ടായിരുന്ന സിന്തിയയെ വിവാഹം കഴിക്കാനും റിച്ചാർഡ് പദ്ധതിയിട്ടു. ആകെ തകർന്നിരിക്കുന്ന മാർക്കോയെ സ്വാധീനിച്ച് തട്ടിക്കൊണ്ടുപോകൽ പദ്ധതി അവനെക്കൊണ്ടു തന്നെ നടപ്പിലാക്കാൻ ബ്രൂസിനെ നിയോഗിച്ചത് തന്നെ റിച്ചാര്‍ഡാണ്. എല്ലാവര്‍ക്കും മാർക്കോയെ പഴിക്കുന്ന സമയം തനിക്കു രക്ഷപ്പെടാനാകുമെന്നാണ് റിച്ചാർഡ് കരുതിയത്. ബ്രൂസിന്റെ കൊലപാതകത്തിനും കോറയുടെ തട്ടിക്കൊണ്ടുപോകലിനും റിച്ചാർഡ് അറസ്റ്റിലാകുന്നതോടെ നോവൽ അവസാനിക്കുന്നു.
'എവരിവൺ ഹിയർ ഈസ് ലൈയിങ്', 'സംവൺ വി നോ', 'നോട്ട് എ ഹാപ്പി ഫാമിലി' ഉൾപ്പെടെ എട്ടു നോവലുകളുടെ രചയിതാവാണ് ഷാരി ലപീന. 2008ൽ തന്റെ ആദ്യ നോവലായ തിംഗ്സ് ഗോ ഫ്ലൈയിങ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ലപീന അഭിഭാഷകയായും ഇംഗ്ലിഷ് അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.