‘കൊല്ലപ്പെട്ടയാൾ’ തിരികെയെത്തി: പ്രതികൾ ഇന്നും ജയിലിൽ

Mail This Article
ഭോപാൽ ∙ മധ്യപ്രദേശിലെ മൻസോറിൽ 2023 ൽ കൊല്ലപ്പെട്ടെന്നു കരുതിയ യുവതി തിരിച്ചുവന്നു. ഇവരുടെ കൊലയാളികളെന്നു കരുതുന്ന 4 പേർ ഇന്നും ജയിലിലാണ്. മൻസോറിലെ നാവാലി ഗ്രാമത്തിൽനിന്നുള്ള ലളിത ഭായിയാണ് (35) ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് മാർച്ച 11ന് തിരിച്ചുവന്നത്.
ഷാറുഖെന്ന തന്റെ കാമുകനൊപ്പം ഒളിച്ചോടിയതാണെന്നും കാമുകൻ മറ്റൊരാൾക്കു കൈമാറിയെന്നും അയാൾ രാജസ്ഥാനിലെത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചതോടെ രക്ഷപ്പെട്ടു വന്നതാണെന്നും അവർ പറഞ്ഞു. 2023 സെപ്റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. മൻസോറിലെ ഗാന്ധിസാഗർ മേഖലയിൽ നിന്നു ലളിത ഭായിയെ കാണാതായെന്ന് അവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പിന്നീട് തല തകർന്ന നിലയിലുള്ള ഒരു യുവതിയുടെ ശരീരം ലളിതയുടേതാണെന്ന് കുടുംബം തിരിച്ചറിഞ്ഞു.
ശരീരത്തിലെ പച്ചകുത്തലും കാലിൽ കെട്ടിയ കറുത്ത ചരടും നോക്കിയായിരുന്നു അവർ ആളെ സ്ഥിരീകരിച്ചത്. ലളിതയുടെ അന്ത്യ കർമങ്ങളും കുടുംബം ചെയ്തിരുന്നു. ലളിതയുടെ കാമുകനായിരുന്ന ഷാറുഖ് ഉൾപ്പെടെ 4 പേർ കൊലക്കേസിൽ പ്രതികളായി ജയിലിലാണ്. വൈദ്യ, ഡിഎൻഎ പരിശോധനകൾക്കു ശേഷമേ തിരിച്ചുവന്നതു ലളിതയാണെന്നു സ്ഥിരീകരിക്കുള്ളുവെന്നു പൊലീസ് അറിയിച്ചു.