മണിപ്പുരിനു സാന്ത്വനമായി ജഡ്ജിമാരുടെ സന്ദർശനം

Mail This Article
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വന സന്ദേശവുമായി സുപ്രീം കോടതി ജഡ്ജിമാരുടെ സന്ദർശനം. 2 ദിവസത്തെ സന്ദർശനത്തിനെത്തിയ ജഡ്ജിമാർ കുക്കി മേഖലയായ ചുരാചന്ദ്പുരിലും മെയ്തെയ് മേഖലയായ ബിഷ്ണുപുരിലും സന്ദർശനം നടത്തി. ജസ്റ്റിസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു.
ജഡ്ജിമാരുടെ അഞ്ചംഗ സംഘത്തിലെ മെയ്തെയ് വംശജനായ ജസ്റ്റിസ് കൊടിശ്വർ സിങ് കുക്കി പ്രദേശത്ത് സന്ദർശനം നടത്തുന്നതിൽ നിന്നു സ്വയം പിൻവാങ്ങി. ജസ്റ്റിസ് ഗവായിയുടെ നേതൃത്വത്തിലുള്ള മറ്റു ജഡ്ജിമാർ ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിൽ പോയി. കൊടിശ്വർ സിങ് കാറിൽ കുക്കി-മെയ്തെയ് അതിർത്തി ജില്ലയായ ബിഷ്ണുപുരിൽ എത്തി. ചുരാചന്ദ്പുർ സന്ദർശിച്ച മറ്റു ജഡ്ജിമാരും പിന്നീട് ബിഷ്ണുപുരിൽ എത്തി.
മൊയ്രാങ്ങിൽ ഐഎൻഐ ആസ്ഥാനം സന്ദർശിച്ച ജഡ്ജിമാർ ലോക്ടാക് തടാകത്തിൽ ബോട്ടിൽ യാത്ര ചെയ്തു. മണിപ്പുരിൽ സമാധാനം വരുമെന്നും സ്നേഹസന്ദേശവുമായാണ് ജഡ്ജിമാർ എത്തിയിരിക്കുന്നതെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഭരണഘടന ഉറപ്പാക്കുന്ന നീതി മണിപ്പുരി ജനതയ്ക്ക് ലഭിക്കുമെന്നും എല്ലാ വിഭാഗവും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയാണിതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പുരിലെ ലീഗൽ സർവീസ് ക്യാംപും മെഡിക്കൽ ക്യാംപും ലീഗൽ എയ്ഡ് ക്ലിനിക്കും നാഷനൽ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് ഗവായ് ഉദ്ഘാടനം ചെയ്തു. ജഡ്ജിമാരായ വിക്രംനാഥ്, എം.എം.സുന്ദരേശ്, കെ.വി.വിശ്വനാഥൻ എന്നിവരും സംഘത്തിലുണ്ട്.