സ്വന്തം വീട് വയ്ക്കുന്നവർ മണ്ടന്മാരും വാടകയ്ക്ക് താമസിക്കുന്നവർ ബുദ്ധിമാന്മാരുമാണോ? ഗുണദോഷങ്ങൾ അറിയണം

Mail This Article
വീട് വാടകയ്ക്ക് എടുക്കുന്നതാണോ അതോ വിലയ്ക്ക് വാങ്ങുന്നതാണോ കൂടുതൽ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് വാസ്തവം. വാടകവീട് വേണോ സ്വന്തമായി വീട് വാങ്ങണോ എന്നത് പണത്തെ മാത്രം ആശ്രയിച്ച് എടുക്കേണ്ട തീരുമാനമല്ല. വ്യക്തിപരമായ ലക്ഷ്യങ്ങൾ, ജീവിതസാഹചര്യം എന്നിവയെല്ലാം പരിഗണനാ വിഷയമാണ്.
വീട് സ്വന്തമായി വാങ്ങുന്നതിൻ്റെ ഗുണങ്ങൾ
* സ്വന്തമായി ഒരു വീട് വാങ്ങുന്നതിലൂടെ ആസ്തി വർധിപ്പിക്കാനാവും. അതോടൊപ്പം സ്വന്തം വീട് കുറച്ചുകൂടി സ്വതന്ത്രമായ ജീവിതം ഉറപ്പു നൽകുകയും ചെയ്യുന്നു.
* വീടിന്റെ ഉടമസ്ഥത എന്നത് ജീവിതത്തിൽ ഒരു ഉറപ്പാണ്. സ്വന്തം സ്ഥലത്ത് സ്വന്തം സൗകര്യത്തിൽ എത്ര കാലം വേണമെങ്കിലും ജീവിക്കാമെന്ന ഉറപ്പ്.
* കണ്ണായ സ്ഥലത്താണെങ്കിൽ സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് വീടിന്റെ വില മതിപ്പും വർധിക്കാനുള്ള സാധ്യതയുണ്ട്. അതായത് വാങ്ങിയ വിലയേക്കാൾ ഉയർന്ന മൂല്യത്തിൽ കൈമാറ്റം ചെയ്യാനുള്ള സാധ്യത ഒരുങ്ങുന്നു.
* വായ്പ കാലാവധി തീരുന്നത് വരെ അടയ്‌ക്കേണ്ട തുകയിൽ സ്ഥിരത ഉണ്ടാവും. അതായത് ദീർഘകാലം ഒരേ തുക മാത്രമേ തിരിച്ചടയ്‌ക്കേണ്ടി വരുന്നുള്ളൂ എന്നത് അധിക സാമ്പത്തിക സ്ഥിരത നൽകുന്നു.
* സ്വന്തമായി വാങ്ങിയ വീട്ടിൽ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്തി ജീവിതശൈലിക്ക് ചേരുന്ന രീതിയിൽ ആക്കിയെടുക്കാം എന്നതും സൗകര്യമാണ്.
* വീട്ടുടമസ്ഥത നികുതി ആനുകൂല്യങ്ങൾ നൽകുന്നു എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. വായ്പയുടെ പലിശ അടക്കമുള്ളവ നികുതിബാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
വീട് വിലയ്ക്ക് വാങ്ങുന്നതിന്റെ പ്രശ്നങ്ങൾ
* വീട് വാങ്ങുന്ന സമയത്ത് ഉണ്ടാകുന്ന പ്രാരംഭ സാമ്പത്തിക ബുദ്ധിമുട്ടുകൾ വലുതായിരിക്കും. ഡൗൺ പെയ്‌മെന്റും രജിസ്ട്രേഷൻ ഫീസുകളും അറ്റകുറ്റപ്പണികളും അടക്കം മറഞ്ഞിരിക്കുന്ന ചെലവുകളെല്ലാം ഇതിൽ ഉൾപ്പെടുന്നു.
* വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും പൂർണ ഉത്തരവാദിത്വം ഉടമസ്ഥനായിരിക്കും എന്നത് അധിക ബാധ്യതയാവാൻ സാധ്യതയുണ്ട്. ഇതിനായി അധിക തുക ചെലവാക്കേണ്ടി വരും എന്നതിനാലാണ് അത്.
* കാലക്രമേണ പ്രോപ്പർട്ടി മൂല്യങ്ങൾ വർധിച്ചുവരുന്നുണ്ടെങ്കിലും വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് ഭവനവില കുറയാനും സാധ്യതയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ വീട് കൈമാറ്റം ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഭവന വില കുറഞ്ഞു നിൽക്കുന്ന സമയമാണെങ്കിൽ അത് നഷ്ടമായിരിക്കും.
വീട് വാടകയ്ക്ക് എടുക്കുന്നതിന്റെ സൗകര്യങ്ങൾ

* വീട് വാങ്ങുന്നതിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ തുക മാത്രമേ വീടുകൾ വാടകയ്ക്ക് എടുക്കുന്നതിനായി വേണ്ടിവരുന്നുള്ളൂ. പുതിയൊരു സ്ഥലത്ത് താമസം തുടങ്ങുന്ന സമയത്ത് പ്രാരംഭ ചെലവിൽ ഉണ്ടാകുന്ന ഈ കുറവ് കൂടുതൽ സൗകര്യം ഒരുക്കുന്നു.
* ഉടമസ്ഥതയുമായി ബന്ധപ്പെട്ടു നിൽക്കുന്ന നികുതികളോ വീടിന്റെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച ചെലവുകളോ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു സൗകര്യം.
* ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് വാടകവീടുകളിൽ നിന്നും പുതിയൊരു ഇടത്തേയ്ക്ക് മാറുന്നത് ബുദ്ധിമുട്ടേറിയ കാര്യമല്ല.
* സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രൈം ലൊക്കേഷനുകളിൽ താമസിക്കാൻ വാടക വീടുകൾ അവസരം ഒരുക്കുന്നു.
* വൻതുക വീടിനു വേണ്ടി മുടക്കാതെ വാടക മാത്രം നൽകുന്നത് മറ്റു മേഖലകളിൽ നിക്ഷേപിക്കാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്.
വീട് വാടകയ്ക്ക് എടുക്കുന്നതിന്റെ ദോഷങ്ങൾ:
* താമസസ്ഥലത്ത് സംബന്ധിച്ച് സ്ഥിരത ഇല്ല എന്നതുതന്നെയാണ് പ്രധാന പ്രശ്നം. വാടക കാലാവധി തീരുന്ന സമയത്ത് ഉടമ ആവശ്യപ്പെട്ടാൽ സ്ഥലം മാറി പോകേണ്ട സാഹചര്യം ഉണ്ടാകും.
* ആസ്തിയിൽ വർധന ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. താൽക്കാലിക താമസസൗകര്യം എന്നതിനപ്പുറം സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരം ഒരുങ്ങുന്നില്ല.
* വർഷാവർഷം വാടക നിരക്ക് വർധിക്കാനുള്ള സാഹചര്യമുണ്ട്. അതിന് അനുപാതികമായി ശമ്പളം വർധിച്ചില്ലെങ്കിൽ ഇത് അധിക സാമ്പത്തിക ബാധ്യതയാകും.
* ജീവിത സാഹചര്യത്തിൽ മാറ്റങ്ങൾ വരുന്നത് അനുസരിച്ച് വാടക വീട്ടിൽ മാറ്റങ്ങൾ വരുത്താനാവില്ല എന്നത് ഒരു പ്രധാന പ്രശ്നമാണ്. സ്വന്തം ഇഷ്ടത്തിനൊത്ത് സ്വതന്ത്രമായ ഒരു ജീവിത സാഹചര്യമുണ്ടാകുന്നില്ല.
* വീടിന്റെ ഉടമസ്ഥതയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ വസ്തു നികുതി, പണയപലിശ തുടങ്ങിയവയുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യങ്ങൾ ഒന്നും വാടകക്കാർക്ക് ലഭിക്കില്ല.