ADVERTISEMENT

ബ്രിട്ടനിലെ സൈബർ രംഗത്തുള്ള സ്ഥാപനമായ ഡിഡ്ജ്ഹെഡ്സ് ഒരു പ്രത്യേക പഠനം നടത്തിയിരിക്കുന്നു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബ്രിട്ടിഷുകാർ പേടി സംബന്ധിച്ച് നടത്തിയ തിരച്ചിലുകൾ അടിസ്ഥാനമാക്കിയാണു പഠനം. ബ്രിട്ടിഷുകാരെ ഏറ്റവും പേടിപ്പിക്കുന്നത് എന്താണെന്നു കണ്ടെത്താനായിരുന്നു ഈ തിരച്ചിൽ. ഒട‌ുവിൽ കണ്ടെത്തുകയും ചെയ്തു.

ട്രിപോഫോബിയ എന്ന പേടിയാണത്രേ ഈ തിരച്ചിലുകളിൽ ഏറ്റവും മുകളിൽ വന്നത്. ചെറിയ ദ്വാരങ്ങളുടെ കൂട്ടത്തോടുള്ള പേടിയാണ് ഇത്. ഈ പേടിയുള്ളവർക്ക് ദ്വാരാധിഷ്ഠിത ഘടനകളുള്ള തേനീച്ചകൂടുകൾ, താമരയുടെ വിത്തുകൾ എന്നിവയൊക്കെ കാണുമ്പോൾ അലോസരമുണ്ടാകും.

ബ്രിട്ടിഷുകാർക്കു മാത്രമുള്ളതല്ല ഈ പേടി. ലോകമെമ്പാടും പലർക്കും ഇതിനോട് പേടിയുണ്ട്. യുഎസിലെ സൂപ്പർ സെലിബ്രിറ്റിയായ കെൻഡാൽ ജെന്നർ, സാറ പോൾസൻ തുടങ്ങിയവർക്കൊക്കെ ഈ ഫോബിയയുണ്ട്.

ഏതെങ്കിലും സ്ഥലത്തു രക്ഷപെടാനാകാത്തവിധം പെട്ടുപോകുന്നതിനെക്കുറിച്ചുള്ള പേടിയായ അഗാരോഫോബിയ,  ഛർദ്ദിക്കാനുള്ള ത്വരയെ പേടിക്കുന്ന എമെറ്റോഫോബിയ, സമുദ്രങ്ങളെയും ജലാശയങ്ങളെയും പേടിക്കുന്ന തലാസോഫോബിയ, ചെറിയ ഇടങ്ങളോടുള്ള പേടിയായ ക്ലോസ്ട്രോഫോബിയ, ചിലന്തികളോടുള്ള പേടിയായ അരാക്നോഫോബിയ, ഉയരത്തോടുള്ള പേടിയായ അക്രോഫോബിയ തുടങ്ങിയ പേടികളെല്ലാം മുൻപന്തിയിലുണ്ട്.

ലോകത്തിൽ പല തരം പേടികളുള്ള മനുഷ്യരുണ്ട്. പ്രേത, ഭൂതങ്ങൾ തുടങ്ങി സാങ്കൽപിക കാര്യങ്ങൾ മുതൽ മിന്നൽ, മഴ എന്നുവേണ്ട പ്രകൃതിപരമായ കാര്യങ്ങളെപ്പോലും പേടിക്കുന്നവരുണ്ട്. ഫോബിയകൾ ഏറിയും കുറഞ്ഞുമുള്ള രൂപത്തിൽ മിക്ക ആളുകളിലും ഉണ്ടാകാനുമിടയുണ്ട്. എന്തു കൊണ്ടാണ് ഫോബിയകളുണ്ടാകുന്നത്. പലകാരണങ്ങളും പറയപ്പെടുന്നുണ്ട്. ഭൂതകാലത്തെ അനുഭവങ്ങൾ, ജനിതക പ്രത്യേകതകൾ, ബ്രെയിൻ കെമിസ്ട്രി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ വരും. ചെറിയ രീതിയിലുള്ള പേടികൾ ഉണ്ടെന്നു കരുതി ‘പേടിക്കേണ്ട’. ഇത് പലരിലും സാധാരണയായി കാണപ്പെടുന്നതാണ്.

വിമാനത്തിൽ സഞ്ചരിക്കാനുള്ള പേടിയെയാണ് എയ്റോഫോബിയ അല്ലെങ്കിൽ എവിയോഫോബിയ എന്നു വിളിക്കുന്നത്. വിമാനത്തിൽ സഞ്ചരിക്കാൻ പേടിയായിരുന്ന പല ലോകനേതാക്കളുമുണ്ടായിട്ടുണ്ട്. ഇവരിൽ വളരെ പ്രശസ്തനായിരുന്നു കിംജോങ് ഇൽ, കിം ജോങ് ഉന്നിന്റെ പിതാവ്. കിം ജോങ്ന്നിനു മുൻപ് 17 വർഷം ഉത്തരകൊറിയയിൽ ഏകാധിപത്യ ഭരണം നടത്തിയത് ഇല്ലാണ്.

വിദേശയാത്രകൾ ഇൽ വളരെക്കുറച്ചുമാത്രമാണ് നടത്തിയിട്ടുള്ളത്. ചൈനയിലേക്കായിരുന്നു ഇവയിൽ അധികവും. ആ വേളകളിൽ വിമാനങ്ങൾക്കു പകരം ബുള്ളറ്റ്പ്രൂഫ് കവചിത ട്രെയിനായിരുന്നു ഇൽ ഉപയോഗിച്ചത്. ട്രെയിനിൽ ഒട്ടേറെ സുരക്ഷാജീവനക്കാരും അല്ലാത്ത ജീവനക്കാരുമൊക്കെയായി ഒരു വലിയ സംഘമായിട്ടായിരുന്നു ഇല്ലിന്റെ യാത്രകൾ.

വധഭീഷണിയുള്ള തന്നെ ശത്രുക്കൾ വിമാനമാക്രമിച്ച് കൊലപ്പെടുത്തുമെന്ന ഭീതിയും ചെറുപ്പം തൊട്ടേ വിമാനയാത്രയോടുള്ള ഭയവുമാണ് എയ്റോപ്ലേനുകൾ ഒഴിവാക്കാൻ ഇല്ലിനെ പ്രേരിപ്പിച്ചത്. ഉത്തര കൊറിയയിൽ പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ കാറുകളും ചില അവസരങ്ങളിൽ ബോട്ടുകളും കപ്പലുകളുമാണ് ഇൽ ഉപയോഗിച്ചത്.

എന്നാൽ ഇല്ലിന്റെ പിതാവും ഉത്തരകൊറിയയുടെ ഒരേയൊരു പ്രസിഡന്റുമായിരുന്ന കിം ടു സങ് വിമാനയാത്രകൾ യഥേഷ്ടം നടത്തിയിരുന്നു. തേരട്ടകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവയെ കാണുമ്പോൾ ചിലർക്കു പേടിയാകാറുണ്ട്, ആകാരത്തിൽ ഇവ കുഞ്ഞൻമാരാണെങ്കിലും. സരാന്‌റോഫോബിയ, മിറിയാപോഡോഫോബിയ എന്നീ പേരുകളിലാണ് തേരട്ടകളോടുള്ള ഈ ഭയം അറിയപ്പെടുന്നത്. ലോകത്തു പല ആളുകളിലും ഈ ഫോബിയയുണ്ട്. മിന്നലിനോടുള്ള പേടി ലോകമെമ്പാടും ഒരുപാടുപേരിൽ കാണപ്പെടുന്നുണ്ട്. ആസ്ട്രഫോബിയ എന്ന് മിന്നലിനോടുള്ള ഭയം അറിയപ്പെടുന്നു. ചില വളർത്തുമൃഗങ്ങളിലും ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകം ഉടനെ അവസാനിക്കുമെന്ന പേടിയും വ്യാപകമായുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ. അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും വമിപ്പിച്ച് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയശേഷം മനുഷ്യവാസ കേന്ദ്രങ്ങളിലേക്കു ലാവ പ്രവഹിപ്പിക്കുന്ന അഗ്നിപർവതങ്ങൾ. നമുക്ക് മനസ്സിലാക്കാൻ പോലും കഴിയാത്ത വസ്തുക്കളിൽ നിർമിച്ച പേടകങ്ങളും ആയുധങ്ങളുമായി ഭൂമി പിടിച്ചടക്കാൻ എത്തുന്ന ഭീകരരൂപികളായ അന്യഗ്രഹജീവികൾ. നിമിഷം കൊണ്ട് മൃതരായശേഷം മറ്റുള്ളവരെ വേട്ടയാടുന്ന സോംബിക്കൂട്ടങ്ങൾ. അങ്ങനെ പലതരം പ്രമേയങ്ങൾ ഹോളിവുഡ് അവതരിപ്പിച്ചിട്ടുണ്ട്.

ഡൂംസ്ഡേ ഫോബിയ’ പല പ്രമുഖരിലുമുണ്ടായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആകാശത്തു ജ്വലിച്ചുനിന്നശേഷം അനശ്വരതയിലേക്ക് അലിഞ്ഞുചേർന്ന സ്റ്റീഫൻ ഹോക്കിങ് മികച്ച ഉദാഹരണം. ഒരു സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇത്തരം ആശങ്കകൾ. അവ ജനങ്ങളോടു പങ്കുവയ്ക്കാൻ അദ്ദേഹം ആവുന്നത്ര ശ്രമിക്കുകയും ചെയ്തു. മനുഷ്യരാശിക്ക് അപകടമാകുന്ന പലതരം കാര്യങ്ങളെക്കുറിച്ച് പറയുമായിരുന്നെങ്കിലും ലോകാവസാനത്തിനു കാരണമായി അദ്ദേഹം ഉയർത്തിക്കാട്ടിയ ഭീഷണി മൂന്നെണ്ണമാണ്. കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പിന്നെ അന്യഗ്രഹജീവി ആക്രമണം.

English Summary:

British People are most Afraid of small holes Trypophobia explained

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com