ബംഗ്ലദേശിനെതിരെ ഗോളടിക്കാനാകാതെ ഇന്ത്യ, ഏഷ്യൻ കപ്പ് യോഗ്യതാ പോരാട്ടം സമനിലയിൽ

Mail This Article
ഷില്ലോങ് ∙ സുനിൽ ഛേത്രിയുടെ തിരിച്ചുവരവിന്റെ ഊർജം ഒരു മത്സരം കൊണ്ട് ഇന്ത്യ മറന്നു. കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തിൽ മാലദ്വീപിനെ 3–0നു തോൽപിച്ച ഇന്ത്യ ഇന്നലെ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലദേശിനോട് ഗോൾരഹിത സമനില വഴങ്ങി. 90 മിനിറ്റും കളിച്ചിട്ടും ഛേത്രിക്കും ബംഗ്ലദേശ് വലയിൽ പന്തെത്തിക്കാനായില്ല. ഇന്നലെ ഹോങ്കോങ്– സിംഗപ്പൂർ മത്സരവും സമനിലയായതോടെ സി ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും ഒരു പോയിന്റ്. ജൂൺ 10ന് ഹോങ്കോങ്ങുമായി അവരുടെ ഗ്രൗണ്ടിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇംഗ്ലിഷ് ക്ലബ് ഷെഫീൽഡ് യുണൈറ്റഡിനു വേണ്ടി കളിക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ ഹംസ ചൗധരിയുടെ വരവോടെ ആത്മവിശ്വാസത്തിലായ ബംഗ്ലദേശ് ഇന്ത്യയുടെ മൂർച്ച കുറഞ്ഞ മുന്നേറ്റങ്ങളെ അനായാസം ചെറുത്തു. ആദ്യ പകുതിയിൽ ആക്രമണത്തിൽ അൽപം മികച്ചുനിന്നതും അവർ തന്നെ. 12–ാം മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ വിശാൽ കെയ്ത്ത് കൈവിട്ടു കളഞ്ഞ പന്ത് ബംഗ്ല താരം മുഹമ്മദ് റിദോയ് ഗോളിലേക്കു ലക്ഷ്യം വച്ചെങ്കിലും ഗോൾലൈൻ ക്ലിയറൻസിലൂടെ സുഭാശിഷ് ബോസ് ഇന്ത്യയുടെ രക്ഷകനായി. 31–ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയുടെ ക്രോസിൽ നിന്നുള്ള ഉദാന്ത സിങ്ങിന്റെ ഹെഡർ ബംഗ്ല ഗോൾകീപ്പർ മിതുൽ മർമ രക്ഷപ്പെടുത്തിയത് ഇന്ത്യയ്ക്കും നിരാശയായി.
രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ വീര്യത്തോടെ കളിച്ചെങ്കിലും ബംഗ്ലദേശിനെ ഭാഗ്യവും അധ്വാനവും തുണച്ചു. 68–ാം മിനിറ്റിൽ സുഭാശിഷിന്റെ ഒരു ലോങ്റേഞ്ചർ മിതുലിനെ മറികടന്നെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തേക്കു പോയി. അഞ്ചു മിനിറ്റിനു ശേഷം ഫാറൂഖ് ചൗധരിയുടെ ഒരു ഷോട്ടും ബംഗ്ലദേശ് ഡിഫൻഡറുടെ ശരീരത്തിൽ തട്ടി പുറത്തേക്ക്. 84–ാം മിനിറ്റിൽ സുനിൽ ഛേത്രിക്കും സുന്ദരമായൊരു അവസരം കിട്ടിയെങ്കിലും ഹെഡറിന് ലക്ഷ്യമോ കരുത്തോ ഉണ്ടായില്ല.