ധോണിക്കു മുന്നിലെത്തി കയ്യടി, ‘ഷെയ്ക് ഹാൻഡ്’ നൽകാതെ ഒഴിഞ്ഞു മാറൽ; സൂപ്പർ താരത്തെ ചിരിപ്പിച്ച് ചാഹർ-വിഡിയോ
.jpeg?w=1120&h=583)
Mail This Article
ചെന്നൈ∙ ഇന്ത്യൻ പേസർ ദീപക് ചാഹറിന്റെ ക്രിക്കറ്റ് കരിയറിൽ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിക്കു വലിയ പങ്കുണ്ട്. പേസ് ബോളറെന്ന നിലയിൽ ഇന്ത്യൻ ടീമിലും ഐപിഎലിലും താരത്തിന്റെ വളർച്ചയ്ക്ക് ധോണിയുടെ ഉപദേശങ്ങൾ നിർണായകമായി. കളിക്കളത്തിന് അകത്തും പുറത്തും ഇരുവരും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ചെന്നൈ സൂപ്പർ കിങ്സ് വിട്ട് ചാഹർ മുംബൈ ഇന്ത്യൻസിൽ ചേർന്നെങ്കിലും, ധോണിയുമായുള്ള സൗഹൃദത്തിനു കുറവൊന്നും വന്നിട്ടില്ല. കഴിഞ്ഞ ദിവസം വാശിയേറിയ ചെന്നൈ– മുംബൈ പോരാട്ടത്തിനിടെയും ധോണി– ചാഹർ ഏറ്റുമുട്ടലുകൾ ‘കൂളായിരുന്നു’.
ധോണി ബാറ്റു ചെയ്യാനെത്തിയപ്പോൾ മുൻപിലെത്തി തുടർച്ചയായി കയ്യടിച്ചാണ് ചാഹർ ധോണിയെ സ്വീകരിച്ചത്. പരിഹാസ രൂപേണ മറ്റു താരങ്ങളോടും ചാഹർ കയ്യടിക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. മത്സരത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിനു തോൽപിച്ച ശേഷം താരങ്ങൾ ‘ഷെയ്ക്‌ഹാൻഡ്’ നൽകുമ്പോൾ ചാഹർ മാത്രം ധോണിയെ ഗൗനിക്കാതെ നടന്നുപോയി. ചാഹറിന്റെ നീക്കം ശ്രദ്ധയിൽപെട്ട ധോണി ബാറ്റു കൊണ്ട് താരത്തിന്റെ പിറകിൽ അടിക്കുകയാണു ചെയ്തത്.
തുടർച്ചയായി 13–ാം ഐപിഎല്ലിലാണു മുംബൈ ഇന്ത്യൻസ് തോറ്റുകൊണ്ടു തുടങ്ങുന്നത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂപ്പർ താരം ജസ്പ്രീത് ബുമ്ര എന്നിവർ ടീമിനൊപ്പം ഇല്ലാത്തത് മുംബൈയ്ക്ക് ആദ്യ മത്സരത്തിൽ തിരിച്ചടിയായി. കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ നിലവിലെ സീസണിൽ ഒരു മത്സരത്തിൽനിന്ന് പാണ്ഡ്യയെ വിലക്കുകയായിരുന്നു. പരുക്കിന്റെ പിടിയിലുള്ള ബുമ്രയാകട്ടെ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്തിട്ടുമില്ല. അടുത്ത മത്സരം മുതൽ പാണ്ഡ്യ മുംബൈ ടീമിനൊപ്പമുണ്ടാകും.