അടുക്കളയിലെ കട്ടിങ് ബോർഡിൽ അപകടം പതിയിരിപ്പുണ്ട്: ഇവ ശ്രദ്ധിക്കുക

Mail This Article
അടുക്കള ജോലി എളുപ്പമാക്കുന്ന വസ്തുക്കളിൽ മുൻപന്തിയിലാണ് കട്ടിങ് ബോർഡുകൾ. വളരെ വേഗത്തിൽ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിച്ചെടുക്കാൻ കട്ടിങ് ബോർഡുകൾ സഹായിക്കും. പല മെറ്റീരിയലുകളിൽ നിർമിക്കപ്പെടുന്ന കട്ടിങ് ബോർഡുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പ്ലാസ്റ്റിക് പോലെയുള്ളവ ആരോഗ്യത്തിന് ദോഷകരമാണെന്നതിനാൽ ഭൂരിഭാഗം ആളുകളും തടിയിൽ നിർമിച്ച കട്ടിങ് ബോർഡുകളെയാണ് ആശ്രയിക്കുന്നത്. അവ താരതമ്യേന സുരക്ഷിതമാണെന്നതാണ് കാരണം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തടിയിൽ നിർമിച്ച കട്ടിങ് ബോർഡുകളും അപകടകാരികളായേക്കാം.
* തടിയുടെ പ്രതലത്തിൽ സ്വാഭാവിക സുഷിരങ്ങളുണ്ട്. വുഡൻ ബോർഡുകളിൽ വച്ച് പച്ചക്കറികളോ മാംസമോ മുറിക്കുന്ന സമയത്ത് അവയിൽ നിന്നും ഈർപ്പം ഈ സുഷിരങ്ങളിൽ ആഗിരണം ചെയ്യപ്പെടും. ഇത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ അനുയോജ്യമായ അന്തരീക്ഷവും സൃഷ്ടിക്കും.

* വുഡൻ കട്ടിങ് ബോർഡുകളിൽ വച്ച് സാധനങ്ങൾ മുറിക്കുന്ന സമയത്ത് തടിയുടെ അംശങ്ങൾ ഇവയിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇത് ദഹിക്കുന്ന വസ്തുവല്ലാത്തതിനാൽ ഉള്ളിൽ ചെന്നാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.
* കട്ടിങ് ബോർഡുകളിൽ ഉപയോഗിക്കുന്ന വാർണിഷുകൾ, പെയിന്റ് എന്നിവയും ഉള്ളിൽ ചെന്നാൽ ദോഷകരമാണ്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

* പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളെ അപേക്ഷിച്ച് തടി തന്നെയാണ് മികച്ചത് എന്നതിനാൽ മുളയിൽ നിർമിച്ച കട്ടിങ് ബോർഡുകൾ തിരഞ്ഞെടുക്കാം. അവയുടെ പ്രതലത്തിൽ താരതമ്യേന സുഷിരങ്ങൾ കുറവായതുകൊണ്ടുതന്നെ ഈർപ്പം ആഗിരണം ചെയ്യുന്നതും അതുവഴി അണുക്കൾ പെരുകുന്നതും തടയാനാകും.
* പച്ചക്കറികളും മത്സ്യവും മാംസവും എല്ലാം ഒരേ ബോർഡിൽ വച്ച് കട്ട് ചെയ്യരുത്. പച്ച മാംസത്തിൽ നിന്നുള്ള ബാക്ടീരിയ ബോർഡിൽ കടന്നുകൂടുകയും പിന്നീട് മുറിക്കുന്ന പച്ചക്കറികളിലും ഇവ ഇടം പിടിക്കുകയും ചെയ്യും എന്നതിനാലാണ് ഇത്.
* കട്ടിങ് ബോർഡുകൾ പതിവായി വൃത്തിയാക്കണം. മുറിക്കാൻ ഉപയോഗിക്കുന്ന ഭാഗം മാത്രമല്ല ബോർഡുകളുടെ മറുപുറം അടക്കം എല്ലാ ഭാഗവും വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
* വൃത്തിയാക്കാനായി ചെറുചൂടുവെള്ളവും സോപ്പ് ലായനിയും കലർത്തിയ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
* തടി കൊണ്ടുള്ള കട്ടിങ് ബോർഡുകളിൽ മുറിച്ച ഭക്ഷണപദാർത്ഥങ്ങളുടെ മണം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അൽപം ഉപ്പ് വിതറിയശേഷം ഒരു നാരങ്ങ മുറിച്ചെടുത്ത് അത് ഉപയോഗിച്ച് നന്നായി ഉരസിയ ശേഷം കഴുകിയെടുക്കുക.
* വെളുത്ത വിനാഗിരിയും വെള്ളവും കലർത്തിയ മിശ്രിതം തടി കൊണ്ടുള്ള കട്ടിങ് ബോർഡുകൾ വൃത്തിയാക്കുന്നതിനായി ഉപയോഗിച്ചാൽ അത് കൂടുതൽ ഫലപ്രദമായി അണുവിമുക്തമാക്കാനാവും. കെമിക്കലുകൾ ഉപയോഗിക്കാതെ അണുക്കളെ തുരത്താനുള്ള മാർഗമാണിത്.
* ബേക്കിങ് സോഡ വെള്ളവുമായി കലർത്തി പേസ്റ്റ് രൂപത്തിൽ മിശ്രിതം തയ്യാറാക്കാം. ഈ പേസ്റ്റ് ബോർഡിന്റെ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ച് അഞ്ചോ പത്തോ മിനിറ്റ് നേരം കാത്തിരിക്കണം. അതിനുശേഷം മൃദുവായ ബ്രിസിലുകളുള്ള ബ്രഷ് ഉപയോഗിച്ച് ബോർഡിൽ ഉരസി വൃത്തിയാക്കാവുന്നതാണ്. അടിഞ്ഞുകൂടിയ കറകളും കട്ടിങ് ബോർഡിലെ മണവും നീങ്ങി കിട്ടാൻ ഇത് സഹായിക്കും.
* വൃത്തിയാക്കലിനു ശേഷം കട്ടിങ് ബോർഡ് നന്നായി ഉണക്കി എടുക്കേണ്ടതും പ്രധാനമാണ്. നന്നായി ഉണങ്ങാത്ത ബോർഡുകളിൽ നനവ് അവശേഷിക്കാനും അത് വഴി പൂപ്പൽ ഉണ്ടാക്കാനും സാധ്യത ഏറെയാണ്. ഇത് കൂടുതൽ അപകടം വരുത്തി വയ്ക്കും.