റോബട്ടിനെ മനുഷ്യൻ പറ്റിക്കുന്നതിന്റെ വിഡിയോയാണോ ഇത്? | Fact Check
.jpg?w=1120&h=583)
Mail This Article
മനുഷ്യബുദ്ധി നിർമിത ബുദ്ധിയെ (എഐ) മറികടക്കുന്നുവെന്ന ചർച്ചയ്ക്ക് വഴിയൊരുക്കി മനുഷ്യൻ റോബട്ടിനെ കബളിപ്പിച്ചുവെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോബട്ടിന്റെ കൈയ്യിലെ ബാഗ് ഒരു സ്ത്രീ മോഷ്ടിക്കുന്നതിന്റേതാണ് വിഡിയോ. കയ്യിലെ ബാഗ് എവിടെ പോയെന്ന് അതിശയത്തോടെ റോബട്ട് തിരയുന്നതും വിഡിയോയിൽ കാണാം. എന്നാൽ, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
.png)
∙ അന്വേഷണം
പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പമുള്ള അവകാശവാദം ഇപ്രകാരമാണ്, “The woman steals the bag from the hand of a robot and confuses the robot” വിഡിയോ സൂക്ഷമമായി നിരീക്ഷിച്ചപ്പോള്‍, റോബട്ട് തിരിയുമ്പോഴെല്ലാം അതിന്റെ അരികുകള്‍ ബ്ലർ ആയി, ഒരു വര കാണാം. വിഡിയോ എഡിറ്റ് ചെയ്തതാകാമെന്ന സൂചനയാണിത്.
തുടർന്ന്, കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ, ‘Jiangxi Peng Lao Watch 0K7n’ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പ്രചരിക്കുന്ന വിഡിയോയ്ക്ക് സമാനമായ ഒരു വിഡിയോ കണ്ടെത്തി. 2025 മാർച്ച് 11ന് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ വിഡിയോയിൽ, പ്രചരിക്കുന്ന വിഡിയോയിലെ അതേ ആളുകളും രംഗങ്ങളുമാണുള്ളത്. പക്ഷേ ഇതിൽ റോബട്ടില്ല. മാത്രമല്ല, ഒരു പുരുഷന്റെ കൈയ്യിൽ നിന്നാണ് സ്ത്രീ ബാഗ് കവരുന്നത്. പരിശോധിച്ചപ്പോൾ യഥാർഥ വിഡിയോ ഫ്ലിപ്പ് ചെയ്ത്, പുരുഷന്റെ സ്ഥാനത്ത് റോബട്ടിന്റെ രൂപം എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
കൂടുതൽ വിവരങ്ങള്‍ക്ക്, വിഡിയോ–കമ്പ്യൂട്ടർ ഗ്രാഫിക്സ് വിദഗ്ധനായ അരുൺ കുമാറുമായി സംസാരിച്ചു. "വിഡിയോയിലെ റോബട്ടിന്റെ അരികുകൾ വ്യക്തമല്ല, ബ്ലർ ആയതാണ്. ചലനങ്ങള്‍ക്കിടയിൽ വെള്ള വരകളും കാണാം. യഥാർഥ ദൃശ്യങ്ങളിൽ മറ്റ് വസ്തുക്കൾ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ടെന്നതിന്റെ കൃത്യമായ സൂചനയാണിത്", എന്ന് അദ്ദേഹം പറഞ്ഞു.
ഇതിൽ നിന്നും പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
റോബട്ടിനെ പറ്റിച്ച് കൈയ്യിലെ ബാഗ് മോഷ്ടിക്കുന്ന സ്ത്രീയുടെ വിഡിയോ എഡിറ്റ് ചെയ്തതാണ്.
(വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി വിശ്വാസ് ന്യൂസ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)