ADVERTISEMENT

യാത്രാപ്രേമികളിൽ ഭൂരിപക്ഷവും മഞ്ഞും തണുപ്പുമുള്ള സ്ഥലങ്ങൾ ഇഷ്ടപ്പെടുന്നവരായിരിക്കും. സുഖകരമായ കാലാവസ്ഥയും മഞ്ഞു പുതച്ചു നിൽക്കുന്ന ഭൂമിയും എത്ര കണ്ടാലാണ് മതിവരുക?. വേനൽക്കാലം കടന്നു വന്നെങ്കിലും ഇപ്പോഴും തണുപ്പിന്റെ കരങ്ങളിൽ തന്നെയാണ് ഹിമാചൽ പ്രദേശ്. അതുകൊണ്ടുതന്നെ ഇനി യാത്രകൾ ഇന്ത്യയിലെ ഈ ഹിമഭൂമിയിലേക്കാകാം. മനോജ് കെ ജയനും ഹിമാചലിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ്. മഞ്ഞുമൂടി കിടക്കുന്ന ആ ഭൂമിയിൽ നിന്നുമുള്ള അതിസുന്ദരമായ പ്രഭാത ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ചൈൽ എന്ന സ്ഥലത്തേക്കായിരുന്നു ഇത്തവണ മനോജ് കെ ജയന്റെ യാത്ര. ചിത്രങ്ങൾക്ക് താഴെ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കും ആശംസകൾക്കും മറുപടിയും നൽകിയിട്ടുമുണ്ട് താരം. 

അതിസുന്ദരമായ പ്രകൃതിദൃശ്യങ്ങളും മനം മയക്കുന്ന കാഴ്ചകളും കാരണം ഹിമാചൽ പ്രദേശ് യാത്രികർക്കും പ്രകൃതിസ്‌നേഹികൾക്കും വിനോദ സഞ്ചാരികൾക്കുമെല്ലാം ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. നിരവധി തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹിമാചലിൽ അധികം അറിയപ്പെടാത്തയിടങ്ങളുമുണ്ട്. അത്തരമൊരു മനോഹര സ്ഥലമാണ് ചൈൽ. ഇവിടുത്തെ മനോഹരമായ നിരവധി കുന്നുകളിലൊന്നിലാണ് ജംഗിൾ ലിവിങ്  എന്ന ക്യാംപ് സ്ഥിതി ചെയ്യുന്നത്. കുന്നുകളും താഴ്‌വരകളും കൊണ്ട് സുന്ദരമായ ഈ ഭൂമിക ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. ശാന്തമായി സമയം ചെലവഴിക്കണമെന്നുള്ളവർക്കു ചൈൽ മികച്ച അനുഭവമായിരിക്കും. ശൈത്യകാലത്താണ് നിങ്ങൾ എത്തുന്നതെങ്കിൽ ഇവിടം സ്വർഗതുല്യമായിരിക്കും. കട്ടിയുള്ള മഞ്ഞ് മൂടി കിടക്കുന്ന സ്ഥലത്തു ക്യാംപിങ്ങും അവിസ്മരണീയമായ അനുഭവമായിരിക്കും. 

Kalpa, Himachal Pradesh. Image Credit :Roop_Dey/istockphoto
Kalpa, Himachal Pradesh. Image Credit :Roop_Dey/istockphoto

7152 അടി മുകളിലായി സ്ഥിതി ചെയ്യുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണ് ചൈലിലെ പ്രധാനാകർഷണ കേന്ദ്രം. 110 ചതുരശ്ര കിലോമീറ്ററിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിവിധങ്ങളായ വന്യ മൃഗങ്ങളെയും പക്ഷികളെയും ഇവിടെയെത്തിയാൽ കാണുവാൻ കഴിയും. നിബിഡമായ ഈ വനത്തിൽ  കാട്ടുപന്നി, സാംബാർ, പുള്ളിപ്പുലി, ഹിമാലയൻ ബ്ലാക്ക് ബോർ തുടങ്ങി നിരവധി മൃഗങ്ങളുണ്ട്. ഈ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും കാലത്ത് 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശനം. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് സന്ദർശനത്തിന് ഏറ്റവുമുചിതം. ആ സമയങ്ങളിൽ ധാരാളം മൃഗങ്ങളെ കാണുവാൻ കഴിയും.

ഹിമാചലിലെ ഏറ്റവും പഴക്കമുള്ള ഗുരുദ്വാരകളിൽ ഒന്നാണ് ചൈലിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര സാഹിബ്. നൂറിലേറെ വർഷത്തിന്റെ പഴക്കമുള്ള വളരെ വിശേഷപ്പെട്ട വാസ്തു വിദ്യ തന്നെയാണ് ഈ ആരാധനാലയത്തിന്റെ പ്രധാന സവിശേഷത. പട്യാലയിലെ മഹാരാജാവാണ് ഇത് കമ്മീഷൻ ചെയ്തത്. വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷമാണ്. അതിഥികൾക്ക് സൗജന്യമായി താമസിക്കുന്നതിനു മുറികളും ഡോർമിറ്ററികളുമുണ്ട്. ചൈൽ ബസ് സ്‌റ്റാൻഡിൽ നിന്നും 200 മീറ്റർ മാത്രം അകലെയാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. ബൈശാഖിയും ഗുരുപൂരഭുമാണ് ഇവിടുത്തെ പ്രധാനാഘോഷങ്ങൾ. 

ചൈൽ-കുർഫി റോഡിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സിദ്ധ ബാബയുടെ ക്ഷേത്രവും ചൈലിലെ പ്രധാന കാഴ്ചകളിലൊന്നാണ്. നൂറിലേറെ വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. സ്തൂപമാഗ്രമുള്ള ഈ ക്ഷേത്രത്തിനു മുകളിലെത്തിയാൽ മലനിരകളുടെ മനോഹര കാഴ്ചകൾ ആസ്വദിക്കാം. വളരെ ശാന്തമായ അന്തരീക്ഷമാണ്. തെളിഞ്ഞ കാലാവസ്ഥയുള്ള സമയങ്ങളിൽ മലമുകളിൽ ദൃശ്യമാകുന്ന ഉദയകാഴ്ചയും അവർണനീയം തന്നെയാണ്.

ചൈലിലെ തനതു വിഭവങ്ങൾ ആസ്വദിക്കണമെന്നുള്ളവർക്കു മടിക്കാതെ കടന്നു ചെല്ലാം ഇവിടുത്തെ ബസാറിലേക്ക്. തിരക്കേറെയുള്ള ഈ പട്ടണത്തിൽ, പല തരത്തിലുള്ള വസ്തുക്കൾ വിൽപനയ്ക്ക് വച്ചിരിക്കുന്ന നിരവധി കടകളുണ്ട്. ഷാളുകൾ, പലതരത്തിലുള്ള കരകൗശല വസ്തുക്കൾ തുടങ്ങിയവ വളരെ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും വാങ്ങുവാൻ കഴിയും. കൂടാതെ, മോമോസ് അടക്കമുള്ള രുചികരമായ വിഭവങ്ങൾ വിളമ്പുന്ന കടകളുമുണ്ട്. 

2444 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ചൈലിലാണ്. നൂറു വയസിലുമധികം പ്രായമുള്ള ഈ കളിസ്ഥലം, കൃത്യമായി പറഞ്ഞാൽ 1893 ലാണിത് നിർമിക്കപ്പെട്ടത്. പട്യാലയിലെ രാജാവായിരുന്ന ഭൂപീന്ദർ സിങ്, തന്റെ സുഹൃത്തുക്കളായിരുന്ന ബ്രിട്ടീഷുകാരുടെ കൂടെ കളിക്കാനായി ഒരുക്കിയെടുത്തതാണ് മലമുകളിലെ ഈ മൈതാനവും ക്രിക്കറ്റ് പിച്ചും. കുന്നിൻമുകളിൽ ഇത്തരത്തിലൊരു നിർമിതി ഏറെ ശ്രമകരമായിരുന്നു. സഞ്ചാരികൾക്ക് ഈ മൈതാനത്തേക്ക് പ്രവേശനാനുമതിയില്ലെങ്കിലും പുറമെ നിന്ന് ഇവിടുത്തെ കാഴ്ചകളെല്ലാം ആസ്വദിക്കാവുന്നതാണ്. ദേവദാരുക്കളും പൈൻ മരങ്ങൾ കൊണ്ടും നിറഞ്ഞ ഈ സ്ഥലം യാത്രികർക്ക് ഏറെ ഇഷ്ടപെടും. മനോഹരമായ ഹിമാലയൻ മലനിരകളും ഷിംലയുടെയും സത്‌ലജിന്റെയുമൊക്കെ കാഴ്ചകളും ഇവിടെ നിന്നാൽ ആസ്വദിക്കാവുന്നതാണ്.

ഹിമാചൽ പ്രദേശിന്റെ മോഹിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ട്രെക്കിങ്ങ് ചൈലിലെത്തുന്ന സന്ദർശകർക്ക് നവ്യാനുഭവമായിരിക്കും. കാടും മലകളും താണ്ടി, മഞ്ഞുമൂടിയ കൊടുമുടികളിലൂടെ നീളുന്നതാണ് ഇവിടുത്തെ ട്രെക്കിങ്ങ്. ചൈലിൽ നിന്നും ഗൗരയിലേക്കാണ് ഒരു ട്രെക്കിങ്ങ് പാത. ചൈലിൽ നിന്നും ജജ്ജയിലേക്കാണ് മറ്റൊന്ന്. 

കാളിയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ചൈലിലുണ്ട്. ധാരാളം ശില്പങ്ങളും ചൂർ-ചാന്ദ്നി മലനിരകളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയും ഈ ക്ഷേത്രത്തിലെത്തിയാൽ ആസ്വദിക്കാവുന്നതാണ്. തണുത്ത കാറ്റും ശാന്തമായ അന്തരീക്ഷവുമാണ് ഇവിടുത്തെ പ്രധാനാകർഷണീയത.    

English Summary:

Escape to the serene beauty of Chail in Himachal Pradesh, where Manoj K Jayan found solace amidst snow-capped peaks. Discover breathtaking views, wildlife, ancient temples, and a world-record-holding cricket stadium. Plan your adventure today!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com