പൃഥ്വിക്കു നേരെ ചോദ്യമെറിഞ്ഞ് മോഹൻലാൽ; 'സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായോ?'

Mail This Article
എമ്പുരാൻ സിനിമയുടെ പ്രചാരണത്തിന് വേറിട്ട വഴികൾ പരീക്ഷിക്കുകയാണ് അണിയറപ്രവർത്തകർ. റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന് ആശിർവാദ് സിനിമാസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. അത് ഏറ്റെടുത്ത പൃഥ്വിരാജ് ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, കറുപ്പണിയാനുള്ള ആഹ്വാനത്തിന് മോഹൻലാൽ നൽകിയ മറുപടി ആരാധകരെ ആവേശത്തിലാക്കി.
'ഞാനും തയാർ. എന്നാൽ ഡയറക്ടർ സാർ, ഞാൻ ആരായിട്ടാണ് വരേണ്ടത്? സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായോ?' എന്നാണ് മോഹൻലാലിൻറെ ചോദ്യം. ആവേശകരമായ പ്രതികരണമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ആരാധകർക്കിടയിലുണ്ടാക്കിയത്. അതോടെ, റിലീസ് ദിവസം മോഹൻലാൽ ഏതു ഗെറ്റപ്പിൽ എത്തുമെന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. വെളുപ്പണിഞ്ഞ് സ്റ്റീഫൻ നെടുമ്പള്ളി ആകുമോ അതോ കറുപ്പണിഞ്ഞ് കുറേഷി അബ്രാം ആകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. എന്നാൽ, ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി വെളുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.