വരുന്നു ജ്വല്ലറി രംഗത്തേക്ക് വിന്‍സ്മേര ഗ്രൂപ്പ്, ഏപ്രിലിൽ കോഴിക്കോട് പുതിയ ഷോറും

Mail This Article
കൊച്ചി: ആഗോള സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിങ്, നിർമാണം, മൊത്തവിൽപ്പന, കയറ്റുമതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്കും കടക്കുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ജ്വല്ലറികളും ഫാക്ടറികളും തുറക്കും. ഏപ്രിലിൽ കോഴിക്കോട് ആദ്യ ജ്വല്ലറി അരംഭിക്കുമെന്ന് പ്രൊമോട്ടർമാരിൽ ഒരാളായ ദിനേഷ് കാമ്പ്രത്ത് പറഞ്ഞു. വിപുലീകരണത്തിനായി 3 വർഷത്തിനുള്ളിൽ ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.
ആദ്യഘട്ടത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോറുകളും കണ്ണൂരില്‍ ഫാക്ടറിയും തുറക്കും. കൂടാതെ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റ്സുകളില്‍ ഷോറൂമും ഫാക്ടറിയും ആരംഭിക്കും. മെയ് മാസത്തിൽ കൊച്ചി എംജി റോഡിലും ഷോറൂം തുറക്കും. 2500ഓളം തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. നിലവില്‍ വിന്‍സ്മേര ഗ്രൂപ്പിനു കീഴില്‍ 1000ലധികം ജീവനക്കാരാണുള്ളത്. ഇതില്‍ പകുതിയോളം വനിതകളാണ്.
ഷാര്‍ജ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 50000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലാണ് നിലവില്‍ ആഭരണങ്ങളുടെ നിര്‍മാണവും ഡിസൈനിങും നടത്തുന്നത്.
2030ഓടെ പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ലക്ഷ്യമിടുന്നു. നടന്‍ മോഹന്‍ലാലാണ് വിന്‍സ്മേരയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നത്. കണ്ണൂര്‍ സ്വദേശികളായ ദിനേഷ് കാമ്പ്രത്ത്, അനില്‍ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്ണന്‍ കാമ്പ്രത്ത് എന്നിവരാണ് വിന്‍സ്മേര ഗ്രൂപ്പിന്റെ സ്ഥാപകര്‍.