പൈലറ്റ് പാസ്പോർട്ട് മറന്നു, വിമാനം 6 മണിക്കൂറിന് ശേഷം തിരിച്ചിറക്കി

Mail This Article
മറവി മൂലം പല പ്രതിസന്ധികളെയും അഭിമുഖീകരിച്ചവരാകും നമ്മിൽ ഭൂരിപക്ഷവും. ഹാൾടിക്കറ്റ് ഇല്ലാതെ പരീക്ഷയ്ക്ക് പോലും പോയിട്ടുള്ളവരുണ്ടാകും. ഇതും അത്തരത്തിലൊരു വാർത്തയാണ്. അമേരിക്കയിൽ നിന്നും ചൈനയിലേക്ക് പറന്ന വിമാനത്തിന്റെ പൈലറ്റ് പാസ്പോർട്ട് എടുക്കാൻ മറന്നു പോയി. വിമാനം തിരികെ പറക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. വിലപ്പെട്ട ആറു മണിക്കൂറാണ് വിമാനത്തിലെ യാത്രികർക്ക് ആ മറവി മൂലം നഷ്ടപ്പെട്ടത്.
257 യാത്രികരും 13 ജീവനക്കാരുമായി യുണൈറ്റഡ് എയർലൈൻസിന്റെ 787 എന്ന വിമാനം ലോസാഞ്ചലസിൽ നിന്നും ശനിയാഴ്ച ഉച്ചയ്ക്കാണ് യാത്രയാരംഭിച്ചത്. ചൈനയിലെ ഷാങ്ഹായിലേക്കായിരുന്നു ആ യാത്ര. വിമാനം പുറപ്പെട്ടു രണ്ടു മണിക്കൂറിനു ശേഷമാണ് കയ്യിൽ പാസ്പോർട്ട് ഇല്ലെന്ന വിവരം പൈലറ്റ് മനസിലാക്കുന്നത്. വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ടുതന്നെ വിമാനം തിരിച്ചു പറക്കുകയും സാൻഫ്രാൻസിസ്‌കോയിൽ ഇറങ്ങുകയും ചെയ്തു. പിന്നീട് ആ യാത്ര പുനരാരംഭിച്ചത് രാത്രി ഒമ്പതു മണിയോടെ പുതിയ ക്രൂ എത്തിയാണ്. ഈ മറവി മൂലം ഏകദേശം ആറുമണിക്കൂർ വൈകിയാണ് വിമാനം ചൈനയിലിറങ്ങിയത്.
സംഭവത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിനു യുണൈറ്റഡ് എയർലൈൻസ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2019 ൽ വിയറ്റ്നാമിൽ നിന്നും കൊറിയയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് പാസ്പോർട്ട് മറന്നതിനെ തുടർന്ന് പതിനൊന്ന് മണിക്കൂർ വൈകിയാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തു എത്തിയത്.