കണ്ടു പിടിക്കാൻ പാടുപെടും! യുദ്ധത്തിൽ റഷ്യയെ ഇപ്പോഴും താങ്ങുന്നത് ക്രിപ്റ്റോ കറൻസികൾ
.jpg?w=1120&h=583)
Mail This Article
അമേരിക്കൻ ഡോളർ ഉപയോഗിച്ച് വ്യാപാരവും രാജ്യാന്തര പണമിടപാടുകളും നടത്തിയിരുന്ന കാലം ചരിത്രമാകുകയാണ്. ഡി ഡോളറൈസേഷൻ വളരെ ബോധപൂർവം രാജ്യങ്ങൾ നടപ്പിലാക്കുന്നു. റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. ഡോളറിന് പകരം ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതാണ് റഷ്യയുടെ സാമ്പത്തിക വളർച്ചയെ ഇപ്പോൾ സഹായിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡോളർ ആധിപത്യം അവസാനിപ്പിക്കൽ ലക്‌ഷ്യം
രാജ്യങ്ങൾ ആഗോള വ്യാപാരത്തിനായി ക്രിപ്‌റ്റോകറൻസികളും മറ്റ് ബദലുകളും ഉപയോഗിക്കുകയും ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിനാൽ ആഗോള വ്യാപാരങ്ങളിൽ അമേരിക്കയുടെ ആധിപത്യം മങ്ങുന്നുണ്ട്. ചൈനയുമായും ഇന്ത്യയുമായും വ്യാപാരം സുഗമമാക്കുന്നതിന് റഷ്യ ക്രിപ്‌റ്റോകറൻസികൾ ഉപയോഗിക്കുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കയും സഖ്യകക്ഷികളും നിയന്ത്രിക്കുന്ന പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളെ മറികടന്ന്, ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് റഷ്യൻ എണ്ണ വ്യാപാരികൾ, ദശലക്ഷക്കണക്കിന് മൂല്യമുള്ള പ്രതിമാസ ഇടപാടുകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ അംഗീകൃത എണ്ണ വ്യാപാരം, ഇടനിലക്കാരും ഡിജിറ്റൽ ആസ്തികളും ഉൾപ്പെടുന്ന ഒരു ഇക്കോസിസ്റ്റത്തിലാണ് വളരുന്നത്.
എണ്ണയിൽ തുടക്കം
ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും അസംസ്കൃത എണ്ണയുടെ പണം കൈപ്പറ്റാൻ റഷ്യ പ്രത്യേക വഴിയാണ് ഉപയോഗിക്കുന്നത്. ആദ്യം ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും ഇടനില വ്യാപാര സ്ഥാപനങ്ങൾക്ക് യുവാൻ അല്ലെങ്കിൽ രൂപയിൽ പണം നൽകുന്നു. തുടർന്ന് ഈ ഫണ്ടുകൾ റഷ്യയ്ക്ക് പുറത്തുള്ള ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു. ഇടനിലക്കാർ ഈ ഫണ്ടുകളെ അവയുടെ ദ്രവ്യതയും സ്ഥിരതയും അനുസരിച്ച് ബിറ്റ്കോയിൻ (BTC), Ethereum (ETH), അല്ലെങ്കിൽ ടെതർ (USDT) പോലുള്ള ക്രിപ്‌റ്റോകറൻസികളാക്കി മാറ്റുന്നു. ഇതിന് ശേഷമാണ് റൂബിൾ സെറ്റിൽമെന്റ് നടത്തുന്നത്.
ഈ രീതി കറൻസി പരിവർത്തനങ്ങൾ സുഗമമാക്കുന്നതിനൊപ്പം ഇടപാട് നടത്തിയ വഴികൾ മറയ്ക്കുകയും ചെയ്യുന്നുണ്ട് . ഇതിലൂടെ പാശ്ചാത്യ നിയന്ത്രണ ഏജൻസികൾക്ക് മനസിലാക്കാനും ട്രാക്ക് ചെയ്യാനും ഉപരോധം ഏർപ്പെടുത്താനും ബുദ്ധിമുട്ടാണ്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.