അടുക്കളയിലെ മീൻ മണവും ദുർഗന്ധവും അകറ്റാം: എളുപ്പവഴികൾ

Mail This Article
അടുക്കളയിലെ വായുവിന്റെ ഗുണനിലവാരം വീടുകളിലെ ഒരു പ്രശ്നമാണ്. വിറകടുപ്പിലെ പുക കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ, വറുക്കലും പൊരിക്കലും ഏറെയുള്ള നമ്മുടെ നാട്ടിലെ ഭക്ഷണരീതി മൂലം അടുക്കളയിൽ നിറയുന്ന ദുർഗന്ധം..ഇതൊക്കെ സമസ്യകളാണ്. ദിവസം മുഴുവൻ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ ഗന്ധം തങ്ങിനിന്നെന്നു വരാം. മീൻ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നവർക്ക് പോലും ഈ ഗന്ധം അത്ര ഇഷ്ടപ്പെട്ടെന്നുവരില്ല. ഈ ഗന്ധം ഒഴിവാക്കാൻ ഏറെ പണിപ്പെടുകയും വേണം. അടുക്കളയിൽ മീനിന്റെ ദുർഗന്ധം തങ്ങിനിൽക്കാതിരിക്കാൻ ചില പൊടിക്കൈകളുണ്ട്.
* മീൻ വാങ്ങി ഫ്രിജിലും മറ്റും വയ്ക്കുന്ന സമയത്ത് വാഴയിലയിൽ പൊതിഞ്ഞു വച്ചാൽ അധിക ഗന്ധം പടരാതെ തടയാനാകും.
* മീൻ വിഭവങ്ങൾ ഉണ്ടാക്കിയശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്ത് കറുവാപ്പട്ട, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഏതെങ്കിലും ഇട്ട് ചെറുതീയിൽ സ്റ്റൗവിൽ വച്ച് തിളപ്പിച്ചെടുക്കാം. വളരെ സാവധാനത്തിൽ, ചുരുങ്ങിയത് 10 മിനിറ്റെങ്കിലും എടുത്ത് തിളയ്ക്കാൻ അനുവദിക്കുക. ഇതോടെ മീനിന്റെ രൂക്ഷഗന്ധം അകന്ന് വീടിനുള്ളിൽ സുഗന്ധം നിറയും. ചൂടാറിയ ശേഷം ഈ വെള്ളം ഉപയോഗിച്ച് അടുക്കളയിലെ കൗണ്ടർടോപ്പുകൾ തുടയ്ക്കുന്നതും ഫലം ചെയ്യും. ചെറുപ്രാണികളുടെ ശല്യം അകറ്റാനും ഇത് ഗുണകരമാണ്.

* പാചകം ചെയ്തതിനു ശേഷവും മീൻ മണം അധികനേരം അടുക്കളയിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അത് മീൻ വൃത്തിയാക്കിയ സമയത്ത് ഡ്രെയിനിൽ ഒഴിച്ച, അവശിഷ്ടങ്ങൾ അടങ്ങിയ വെള്ളം തങ്ങിനിൽക്കുന്നതുമൂലമാവാം. ഈ ഗന്ധം നീക്കം ചെയ്യാൻ ഒരു പാത്രത്തിൽ ഒരേ അളവിൽ വിനാഗിരിയും ചെറുചൂടുവെള്ളവും എടുക്കുക. ആദ്യം അല്പം ബേക്കിങ് സോഡ ഡ്രെയിനിലേക്ക് ഇട്ടുകൊടുക്കാം. അതിനുശേഷം വിനാഗിരി മിശ്രിതം ഒഴിക്കുക. തടസ്സം നീങ്ങി ദുർഗന്ധം അകന്നു കിട്ടും. ഇതിനുപുറമേ ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ വെളുത്ത വിനാഗിരി ഒഴിച്ച് കുറഞ്ഞ തീയിൽ സ്റ്റൗവിൽ വച്ച് തിളപ്പിച്ചെടുക്കുന്നതും ദുർഗന്ധം അകറ്റാൻ മികച്ച മാർഗ്ഗമാണ്.
* അല്പം ബേക്കിങ് സോഡയെടുത്ത് ദുർഗന്ധം അധികമായി തങ്ങിനിൽക്കുന്ന സ്ഥലങ്ങളിൽ വിതറാം. വളരെ വേഗത്തിൽ ഇത് ദുർഗന്ധത്തെ ആഗിരണം ചെയ്യും. മണം മാറിയശേഷം തുടച്ചു കളഞ്ഞാൽ മതിയാകും.
* മീൻ വൃത്തിയാക്കിയ ശേഷം ഒരു മുറി നാരങ്ങ എടുത്ത് അത് സിങ്കിൽ ഉരച്ചു കൊടുക്കാം. പച്ച മീനിന്റെ രൂക്ഷഗന്ധം അകറ്റാൻ ഇത് സഹായിക്കും. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ തൊലി പൊടിച്ച് അടുക്കള മാലിന്യങ്ങൾ ശേഖരിക്കുന്ന കണ്ടെയ്നറുകൾക്ക് മുകളിലോ സമീപത്തോ വിതറുന്നതും ദുർഗന്ധം അകറ്റാൻ സഹായകമാണ്. ഇവയുടെ തൊലികൾ വെള്ളത്തിലിട്ട് തിളപ്പിച്ചാലും വീടിനകത്ത് സുഗന്ധം നിറയും.
* വ്യത്യസ്ത സുഗന്ധങ്ങൾ പരത്തുന്ന സെൻ്റഡ് കാൻഡിലുകൾ വിപണിയിൽ ലഭ്യമാണ്. ദുർഗന്ധം അധികമായി തോന്നുന്നുണ്ടെങ്കിൽ ഇവ കത്തിച്ചു വയ്ക്കാം.
* രാത്രി സമയത്താണ് മീനിന്റെ ഗന്ധം തങ്ങിനിൽക്കുന്നതെങ്കിൽ അല്പം കാപ്പിപ്പൊടിയോ ബേക്കിങ് സോഡയോ ഒരു ബൗളിൽ എടുത്ത് അടുക്കളയ്ക്കുള്ളിൽ തുറന്ന നിലയിൽ വയ്ക്കാം. നേരം വെളുക്കുമ്പോഴേക്കും ദുർഗന്ധം മാറിയിരിക്കും.
* മീൻ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ജനാലകൾ തുറന്നിടാൻ പ്രത്യേകം ശ്രദ്ധിക്കുക. രൂക്ഷമായ ഗന്ധം വീടിനുള്ളിലേക്ക് വ്യാപിക്കാതിരിക്കാൻ ഇത് പ്രധാനമാണ്.