മ്യൂചല്‍ ഫണ്ടല്ല, പിഎംഎസുമല്ല, പുതിയ നിക്ഷേപ സാധ്യതയൊരുക്കി എസ്‌ഐഎഫ്
.jpg?w=1120&h=583)
Mail This Article
മ്യൂചല്‍ ഫണ്ടുകള്‍ക്കും പിഎംഎസിനും ഇടയില്‍ പുതിയൊരു നിക്ഷേപ മേഖലയാണ് സ്‌പെഷലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന എസ്‌ഐഎഫ് നിക്ഷേപകര്‍ക്കു തുറന്നു കൊടുക്കുന്നത്. മ്യൂചല്‍ ഫണ്ടുകളില്‍ വന്‍ തോതില്‍ നിക്ഷേപിക്കുകയും അതേ സമയം പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് സര്‍വീസസുകളുടെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപമായ 50 ലക്ഷം രൂപയിലേക്ക് എത്താന്‍ സാഹചര്യമില്ലാത്തതുമായവര്‍ക്ക് ഏറെ സാധ്യതകളാണ് എസ്‌ഐഎഫ് തുറന്നു കൊടുക്കുന്നത്. കൂടുതല്‍ നഷ്ടസാധ്യതകള്‍ വഹിക്കുവാന്‍ കഴിവുള്ളവരും ഗണ്യമായ നിക്ഷേപ തുകയുള്ളവരും കൂടുതല്‍ സാധ്യതകള്‍ തേടി ഇതിലേക്കു തിരിയാനും ഇടയുണ്ട്.
പത്തു ലക്ഷം രൂപയുമായി എസ്‌ഐഎഫ് ആരംഭിക്കാം
സെബി കഴിഞ്ഞയിടെ അവതരിപ്പിച്ച എസ്‌ഐഎഫ് നിക്ഷേപത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യമാണു നല്‍കുന്നത്. അതേ സമയം നിയന്ത്രണ സംവിധാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. നിക്ഷേപ സംരക്ഷണ സംവിധാനങ്ങളും ഉണ്ടാകും. കുറഞ്ഞത് പത്തു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതി എന്നതാണ് എസ്‌ഐഎഫിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പിഎംഎസില്‍ 50 ലക്ഷം രൂപ നിക്ഷേപിക്കാനില്ലാത്തവരും അതേ സമയം മ്യൂചല്‍ ഫണ്ടുകളേക്കാള്‍ സാധ്യതകള്‍ തേടുന്നവരും ഇതിനെ താല്‍പര്യത്തോടെ കാണും.

ഇതുവരെ പിഎംഎസിലൂടെ സാധ്യമായിരുന്ന രീതിയോട് ഏതാണ്ട് അടുത്തു നില്‍ക്കുന്ന വ്യക്തിഗതമായ നിക്ഷേപ പദ്ധതികള്‍ പത്തു ലക്ഷം രൂപയുടെ കുറഞ്ഞ നിക്ഷേപവുമായി ഇവിടെ സാധിക്കും. കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള നിക്ഷേപ തന്ത്ര ചട്ടക്കൂടുകള്‍, നഷ്ട സാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, നിക്ഷേപം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ തുടങ്ങിയവയും എസ്‌ഐഎഫിനു കീഴില്‍ ലഭ്യമാകും എന്നതാണ് മറ്റൊരു സവിശേഷത.
അനുഭവ സമ്പത്തുള്ള മ്യൂചല്‍ ഫണ്ട് കമ്പനികള്‍ എസ്‌ഐഎഫിലേക്കു വരും
മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള മ്യൂചല്‍ ഫണ്ടുകള്‍ക്കും റജിസ്‌ട്രേഡ് ഫണ്ട് മാനേജ്മെന്റ് ടീമുകള്‍ക്കുമാണ് എസ്‌ഐഎഫിന് അര്‍ഹതയുണ്ടാകുക. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ള പതിനായിരം കോടി രൂപയുടെയെങ്കിലും ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എഎംസികള്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകും. കുറഞ്ഞത് പത്തു വര്‍ഷമെങ്കിലും അനുഭവ സമ്പത്തുള്ള അയ്യായിരം കോടി രൂപയുടെയെങ്കിലും ആസ്തികള്‍ കൈകാര്യം ചെയ്തിട്ടുള്ള ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസറും മൂന്നു വര്‍ഷത്തെ അനുഭവ സമ്പത്തുള്ള 500 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്തിട്ടുള്ള അഡീഷണല്‍ ഫണ്ട് മാനേജര്‍ക്കും അര്‍ഹതയുണ്ടാകും.

വിവിധയിനം പദ്ധതികള്‍ അവതരിപ്പിക്കാം
ഇക്വിറ്റി അധിഷ്ഠിത പദ്ധതികള്‍. ഡെറ്റ് പദ്ധതികള്‍, ഹൈബ്രിഡ് പദ്ധതികള്‍ തുടങ്ങിയവയെല്ലാം എസ്‌ഐഎഫ് വഴി അവതരിപ്പിക്കാനാവും. എല്ലാ വിഭാഗങ്ങളിലുമായി കുറഞ്ഞത് പത്തു ലക്ഷം രൂപയുടെയെങ്കിലും നിക്ഷേപം ഉണ്ടായിരിക്കണം എന്നതാണ് വ്യക്തിഗത നിക്ഷേപകര്‍ക്ക് ഇതില്‍ തുടക്കം കുറിക്കാനുള്ള നിബന്ധന. വിവിധ വിഭാഗങ്ങളിലെ നിക്ഷേപം അതാതു മേഖലകളിലെ റേറ്റിങിന്റെ അടിസ്ഥാനത്തില്‍ ഉള്ളവയില്‍ മാത്രമായി നിയന്ത്രിക്കുകയും ചെയ്യും.
ഉയര്‍ന്ന തോതില്‍ നഷ്ട സാധ്യത വഹിക്കാന്‍ കഴിവുള്ളവര്‍ക്ക് അനുയോജ്യം
ഉയര്‍ന്ന തോതില്‍ നഷ്ടസാധ്യതകള്‍ നേരിടാന്‍ ഒരുക്കമുള്ളവര്‍ക്കും അതിലൂടെ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാകും എസ്‌ഐഎഫ് അനുയോജ്യം. ആകെ നിക്ഷേപത്തിന്റെ പത്തു മുതല്‍ 20 ശതമാനം വരെ ഇതില്‍ വകയിരുത്തുന്നതാവും അനുയോജ്യം.
ലേഖകൻ മുംബൈയിലെ ഇംപെറ്റസ് അർഥസൂത്രയുടെ മാനേജിങ് ഡയറക്ടറാണ്