ഇനി പെരുന്നാൾ മധുരം; സൂഖ് വാഖിഫിൽ 'ഈദ് ഫവാല' ഉത്സവം

Mail This Article
ദോഹ ∙ പെരുന്നാൾ അടുത്തടോടെ ആഘോഷത്തിനയുള്ള തയാറെടുപ്പുകൾ തകൃതി. റമസാനിലെ അവസാന ആഴ്ചയിലേക്ക് കടന്നതോടെ ഈദ് അൽ-ഫിത്തർ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. അറബ്, മുസ്‌ലിം രാജ്യങ്ങളിൽ, അതിഥികളെ സ്വാഗതം ചെയ്യുന്നതിലും ഈദ് സമയത്ത് സന്തോഷം പ്രകടിപ്പിക്കുന്നതിലും മധുരപലഹാരങ്ങൾ ഒരു പ്രധാന ഘടകമാണ്.
ഇതിന്റെ ഭാഗമായി ദോഹയിലെ സൂഖ് വാഖിഫ് 'ഈദ് ഫവാല' ഉത്സവത്തിന് തുടക്കമായി."അൽ-ഫവാല" എന്നത് അതിഥികൾക്ക് നൽകുന്ന മധുരപലഹാരങ്ങൾ, രുചികരമായ ഇനങ്ങൾ, പഴങ്ങൾ എന്നിവയുടെ ശേഖരത്തെ സൂചിപ്പിക്കുന്ന ഒരു പരമ്പരാഗത ഖത്തരി പദമാണ്. പരമ്പരാഗതമായി ഈദ് സമയത്ത് വിളമ്പുന്ന വിവിധ മധുരപലഹാരങ്ങൾ, നട്സ്, ലഘുഭക്ഷണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയുമാണ് ഇവിടെ നടക്കുന്നത്.
നാൽപതിലധികം പ്രാദേശിക, രാജ്യാന്തര കമ്പനികളിൽ നിന്നുള്ള മികച്ച മധുരപലഹാരങ്ങൾ ഉത്സവനാഗരിയിൽ ഒരുക്കിയിട്ടിട്ടുണ്ട്. റമസാൻ അവസാനിക്കുന്നതുവരെ പ്രദർശനം തുടരും. പ്രദർശനം ദിവസവും വൈകുന്നേരം 7:30 മുതൽ രാത്രി 11:30 വരെയാണ് ഉണ്ടാവുക. യെമൻ, കിർഗിസ്ഥാൻ, പലസ്തീൻ, ഇറാൻ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ തരം മധുരപലഹാരങ്ങൾക്കാണ് പ്രദർശനത്തിൽ ഏറെ പ്രിയം.

നിരവധിപേരാണ് പ്രദർശന നഗരിയിൽ എത്തുന്നത്. ഫെസ്റ്റിവൽ ചെറുകിട ബിസിനസുകാർക്ക് അവരുടെ കച്ചവടം വർധിപ്പിക്കാനും സഹായകരമാകുന്നുണ്ട്. കൂടാതെ എല്ലാത്തരം ഈന്തപ്പഴം, തേൻ, പരിപ്പ് തുടങ്ങിയ ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്.
