ശംഖുവിളിച്ചാൽ തൊഴുത്തിലേക്കു കുതിച്ചെത്തുന്ന പശുക്കൾ; 130 ഗിർ പശുക്കളും, 9000 രൂപ വിലയുള്ള നെയ്യും

Mail This Article
‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’ തന്നെ കണ്ടമാത്രയിൽ വിശാലമായ പുൽമേടിന്റെ അങ്ങേയറ്റത്തുനിന്നു കുതിച്ചെത്തിയ ഗിർ പശുക്കളെ അരുമയോടെ തഴുകിക്കൊണ്ട് ജീജികുമാർ ചോദിക്കുന്നു. ‘‘പാരമ്പരാഗത കൃഷിരീതികളും നാട്ടറിവുകളും പാടെ മറന്നുള്ള ഇന്നത്തെ പോക്ക് ഗുണകരമെന്നു തോന്നുന്നില്ല. നാട്ടറിവുകൾക്കും നാടന്‍ പശുക്കൾക്കും ഇന്നുമെന്നും വലിയ മൂല്യമുണ്ട്. ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെ ഇന്നുള്ള ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ പാരമ്പര്യ വിജ്ഞാനത്തിനു കഴിയും’’, 38 വർഷം ദുബായിയിൽ ജീവിച്ചിട്ടും, മൂന്നു മുൻനിര കമ്പനികളുടെ ഉടമയായിട്ടും നാടിനെയും നാട്ടറിവുകളെയും മറക്കാത്ത ജീജികുമാർ പറയുന്നു.

മക്കൾക്കു ശുദ്ധമായ പാലിനായാണ് തൃശൂർ മാളയ്ക്കടുത്ത് എരവത്തൂർ കുന്നത്തോട്ടത്തിൽ ജീജികുമാർ ആദ്യമായി നാടൻപശുവിനെ വാങ്ങുന്നത്. ആദ്യം വാങ്ങിയ പശു യഥാർഥ നാടനല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ ശരിക്കുള്ള നാടനെക്കുറിച്ച് വിപുലമായി അന്വേഷിച്ചു. പിന്നീടത് താൽപര്യമായി വളർന്നു. ഇന്ത്യയിലെ നാടൻ ഇനങ്ങളെക്കുറിച്ചു പഠിക്കാനും ചിലതിനെ സ്വന്തമാക്കാനും തുടങ്ങി. ആ താല്‍പര്യം നൂറ്റിമുപ്പതോളം ഗിർ പശുക്കളുള്ള ‘ഫോർച്യൂൺ ഗേറ്റ് ഡെയറി ഫാം’ എന്ന വിപുലമായ സംരംഭത്തില്‍ എത്തിനിൽക്കുന്നു. ‘‘എല്ലാ നാടൻപശു ഇനങ്ങൾക്കും സവിശേഷ ഗുണങ്ങളുണ്ട്. തുടക്കം മുതൽ ഗിർപശുക്കളെയാണ് കൂടുതൽ പരിചയപ്പെട്ടത്. വലുപ്പം കൂടുതലുണ്ടെങ്കിലും സ്നേഹത്തോടെ ഇടപെട്ടാൽ ഇവ നന്നായി ഇണങ്ങും. നാടൻപശുക്കളുടെ കൂട്ടത്തിൽ പാലുൽപാദനത്തിൽ മുന്നിലുമാണ്. ദിവസം ശരാശരി 12 ലീറ്റർ പ്രതീക്ഷിക്കാം’’, ജീജികുമാർ പറയുന്നു. 30 പശുക്കൾ വീതമുള്ള 50 ഫാമുകളാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സർവസ്വാതന്ത്ര്യം
നാൽപതോളം ഗിർപശുക്കളെയാണ് 10 വർഷം മുൻപ് ജീജികുമാർ വാങ്ങിയത്. അവയും അവയുടെ പരമ്പരയും ചേർന്നാണിന്ന് നൂറ്റിമുപ്പതിലെത്തിയത്. ഇവയിൽ 38 എണ്ണം ഇപ്പോള്‍കറവയിലുണ്ട്. കുഞ്ഞുങ്ങൾ കുടിച്ച ശേഷം ബാക്കിയുള്ള പാലാണ് കറന്നെടുക്കുക. പശുക്കളെ കെട്ടിയിടാതെ തുറന്നുവിട്ടാണ് വളര്‍ത്തല്‍. സ്വതന്ത്രമായി ജീവിക്കുന്നതുകൊണ്ടാവാം പൊതുവേ ആരോഗ്യപ്രശ്നങ്ങളില്ല. കറവയ്ക്കും വിശ്രമത്തിനുമായി നിശ്ചിത സമയങ്ങളിൽ പശുക്കൾ തൊഴുത്തിലെത്തും. എല്ലാറ്റിനെയും ഒരുമിച്ച് തൊഴുത്തിലെത്തിക്കാൻ കൗതുകരമായ ഒരു പരിശീലനം പശുക്കൾക്കു നൽകിയിട്ടുണ്ട്. ശംഖു വിളിച്ചാൽ കൂട്ടമായി തൊഴുത്തിലേക്കു കുതിച്ചെത്തുന്ന രീതിയാണത്. 18 ഏക്കർ വിസ്തൃതിയുള്ള പുൽമേടു വാങ്ങി അതിനു നടുവിൽ, ഓട്ടമാറ്റിക് ഡ്രിങ്കർ സംവിധാനം ഉൾപ്പെടെ തൊഴുത്തുണ്ടാക്കി. രണ്ടു കാളകളെക്കൂടി വളർത്തുന്നതിനാൽ പ്രജനനം സ്വാഭാവികമായി നടക്കുന്നു. ഇൻ ബ്രീഡിങ് ഒഴിവാക്കാന്‍ ഓരോ 3 വർഷം കഴിയുമ്പോഴും പഴയ കാളകളെ മാറ്റി പുതിയവയെ വാങ്ങും.
നാടൻപശുക്കൾ പ്രകൃതിയോടിണങ്ങി എന്നും വെയിൽകൊണ്ട്, നാടൻപുല്ലും വൈക്കോലും കഴിച്ചു വളരണമെന്ന് ജീജികുമാർ പറയുന്നു. അപ്പോൾ അവയുടെ പാലിനും പാലുൽപന്നങ്ങൾക്കും സവിശേഷ ഗുണങ്ങളുണ്ടാകും. ഈ മേന്മ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയതുകൊണ്ടാണ് നാടൻ പശുക്കളുടെ പാലും പാലുൽപന്നങ്ങളും ഉൾപ്പെടുന്ന എ ടു (A2) ഉൽപന്നവിപണി വളരുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വിപണിയിലേക്കാണ് ജീജികുമാറും ഇറങ്ങുന്നത്.

അന്നം തന്നെ ഔഷധം
നിലവിൽ ദിവസം ഇരുന്നൂറോളം ലീറ്ററാണ് പാലുൽപാദനം. ഇതത്രയും ഉറയൊഴിച്ച് തൈരാക്കി നെയ്യ് എടുക്കുന്നു. പാൽ പാസ്ചുറൈസ് ചെയ്യാനും ശീതീകരിച്ച് സൂക്ഷിക്കാനും വിവിധ ഉൽപന്നങ്ങൾ നിർമിക്കാനും കടയാനും ഉൾപ്പെടെ എല്ലാറ്റിനും യന്ത്രസംവിധാനങ്ങളും അവ പ്രവർത്തിപ്പിക്കാൻ വിദഗ്ധ തൊഴിലാളികളുമുണ്ട്. നെയ്യിൽനിന്നും മോരിൽനിന്നും തയാറാക്കുന്ന ഔഷധമൂല്യമുള്ള ഉൽപന്നങ്ങൾക്ക് വിദേശത്തും സ്വദേശത്തും നല്ല ഡിമാൻഡുണ്ടെന്നു ജിജികുമാർ.

‘നവ് ജീവന’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങളിൽ നെയ്യിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കാണ് ഏറ്റവും ആവശ്യക്കാരുള്ളത്. നാടൻരീതിയിൽ കടകോൽകൊണ്ടു കടഞ്ഞെടുക്കുന്ന എ ടു നെയ്യ് കിലോയ്ക്ക് 4000 രൂപയ്ക്കാണ് വിൽക്കുന്നത്. അശ്വഗന്ധം ചേർത്തും ബ്രഹ്മി ചേർത്തും ശതാവരി ചേർത്തുമൊക്കെ തയാറാക്കുന്ന ഔഷൃധമൂല്യമുള്ള നെയ്യിനങ്ങൾക്ക് വില 9000 കടക്കും വില. പഴകും തോറും നെയ്യുടെ മൂല്യം വർധിക്കുമെന്നു ജീജികുമാർ പറയുന്നു. അപൂർവമായ ചില മരുന്നുകൾ നിർമിക്കാൻ പഴകിയ നെയ്യാണ് വേണ്ടത്. 3000 കിലോയോളം നെയ്യ് പഴകാനായി ഭരണിയിലടച്ച് ഭദ്രമായി ദീർഘകാലത്തേക്കു സൂക്ഷിക്കുന്നുമുണ്ട്.

നല്ല നാളേയ്ക്ക്
എയർകണ്ടീഷൻ മേഖലയിൽ ബസിനസ് ചെയ്യുമ്പോഴും അതിലും പരിസ്ഥിതിയോട് ഉത്തരവാദിത്തം പുലർത്തണമെന്നു നിർബന്ധമുണ്ട് ജീജികുമാറിന്. കാർബൺ പുറന്തള്ളൽ പരമാവധി കുറയും വിധമാണ് തന്റെ കമ്പനി എയർകണ്ടീഷനറുകൾ വയ്ക്കുന്നതെന്ന് ജീജികുമാർ പറയുന്നു. പാലിയേറ്റീവ് കെയറിലും സജീവമാണ് ഈ പ്രവാസി സംരംഭകൻ. ഈ ലോകം നമുക്കു മാത്രമുള്ളതല്ലെന്നും തലമുറകളിലൂടെ പകർന്നു കിട്ടിയ അറിവുകളും സൗഭാഗ്യങ്ങളും വരും തലമുറകൾക്കായി കാത്തുവയ്ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും ജീജികുമാർ ഓർമിപ്പിക്കുന്നു
ഫോൺ: 9446027777